ADVERTISEMENT

യോഗ്യതയുണ്ട്, പക്ഷേ അർഹിക്കുന്ന ജോലി കിട്ടുന്നില്ലെന്ന് ഒരു കൂട്ടർ. നല്ല ജോലിയുണ്ട്, പക്ഷേ യോഗ്യതയുള്ള ആളുകളെ കിട്ടുന്നില്ലെന്ന് മറ്റൊരു കൂട്ടർ. ഈ രണ്ടു കാര്യങ്ങളും പരസ്പര പൂരകമായാലേ വ്യവസായത്തിൽ പുരോഗതിയുണ്ടാകൂ. പൊതു സമൂഹം നേരിടുന്ന ഈ വിടവ് (ഇൻഡസ്ട്രി– അക്കാഡമിയ ഗ്യാപ്) മികച്ച രീതിയിൽ പരിഹരിച്ചാലേ ബ്രെയിൻ ഡ്രെയിൻ പോലെയുള്ള സംഗതികൾക്കു വിരാമമിടാൻ സാധിക്കൂ.

എന്താണ് ഇൻഡസ്ട്രി– അക്കാഡമിയ ഗ്യാപ്?
പഠനം പൂർത്തിയാക്കിയ ശേഷവും യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കാതിരിക്കുക, വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കാതെ, വളരെ ശമ്പളം കുറഞ്ഞ ജോലി ചെയ്യേണ്ടി വരുക തുടങ്ങിയ പ്രശ്നങ്ങളാണ് യുവതലമുറ അനുഭവിക്കുന്നത്. അതേസമയം വ്യവസായ മേഖലയിലെ വിദഗ്ധരുടെ പരാതി അവർ പ്രതീക്ഷിക്കുന്ന യോഗ്യതകളുള്ള ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെന്നാണ്. ഈ സവിശേഷ സാഹചര്യത്തെയാണ് ഇൻഡസ്ട്രിയ– അക്കാഡമിയ ഗ്യാപ് എന്നു പറയുന്നത്.

1257112581
Representative image. Photo Credit : lechatnoir/iStock

സ്കൂൾ, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഉദ്യോഗാർഥികളുടെ അറിവും കഴിവും മനോഭാവവും വ്യാവസായിക മേഖലയുടെ ആവശ്യമനുസരിച്ച്  ഉയരുന്നില്ല. ഈ അനുപാതത്തിലെ ചേർച്ചയില്ലായ്മയെയാണ് ഇൻഡസ്ട്രിയ– അക്കാഡമിയ ഗ്യാപ് എന്നു പറയുന്നത്. ഈ വിടവ് നികത്താൻ ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയവും സംസ്ഥാനങ്ങളുടെ  വിദ്യാഭ്യാസ പരിഷ്കരണങ്ങളുമൊക്കെ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലെ ഇൻഡസ്ട്രിയ– അക്കാഡമിയ ഗ്യാപ് കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രായോഗിക മാർഗങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.

2271133285
Representative image. Photo Credit : Elena_Dig/Shutterstock

01. അഭിരുചി
ഒരു കുട്ടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തനിക്കിനി എന്താണു വേണ്ടതെന്ന് തിരിച്ചറിയുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. അതിനെ അഭിരുചിയെന്നാണ് പറയുന്നത്. സാധാരണയായി സ്കൂളുകളിലും കോളജുകളിലും കുട്ടികളുടെ അഭിരുചി കണ്ടെത്താനായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്താറുണ്ട്. താൽപര്യമുള്ള കുട്ടികൾ മാത്രമാണ് നിലവിൽ ആ ടെസ്റ്റ് ചെയ്യുന്നത്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുക്കണമെന്ന് ആരും കുട്ടികളെ നിർബന്ധിക്കാറില്ല. പക്ഷേ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കണമെന്ന നിർദേശം വന്നാൽ, ആ ടെസ്റ്റിൽ പങ്കെടുക്കുന്ന കുട്ടികളുടെ സ്വാഭാവിക കഴിവുകൾ, വ്യക്തിത്വവുമായി യോജിക്കുന്ന ഉന്നത പഠനസാധ്യതകൾ, ജോലി സാധ്യതകൾ തുടങ്ങിയവ മനസ്സിലാക്കാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും അവസരം ലഭിക്കും. അതുകൊണ്ട് സ്വന്തം അഭിരുചിയെന്താണെന്നു തിരിച്ചറിയാനും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുക്കാനുമുള്ള മനസ്സ് കുട്ടികൾ കാണിക്കണം. അതിന് മുതിർന്നവർ കുട്ടികളെ പ്രേരിപ്പിക്കുകയും വേണം.

Representative Image. Photo Credit : Zhanna Hapanovich/Shutterstock
Representative Image. Photo Credit : Zhanna Hapanovich/Shutterstock

02. പാഠ്യപദ്ധതിയിൽ വ്യാവസായിക ലോകത്തിന്റെ ആവശ്യകത ഉൾപ്പെടുത്തുക
പാഠ്യപദ്ധതി തയാറാക്കാനുള്ള അംഗങ്ങളുടെ പാനലിൽ വ്യാവസായിക മേഖലയിലെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തുക. പല ഡീംഡ് യൂണിവേഴ്സിറ്റികളും സ്വകാര്യ സർവകലാശാലകളും പല സെമസ്റ്ററുകളിൽ പഠിപ്പിക്കാനുള്ള  വിഷയങ്ങൾ ഡിസൈൻ ചെയ്യിപ്പിക്കുന്നത്  വിവിധ മേഖലയിലെ വിദഗ്ധരെക്കൊണ്ടാണ്. ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യാവസായിക മേഖലയിലെ വിദഗ്ധർ നേരിട്ടുവന്ന് ക്ലാസെടുക്കുമ്പോൾ കുട്ടികളുമായി ഒരു റാപ്പോയുണ്ടാവുകയും ആ സെമസ്റ്റർ പൂർത്തിയാകുമ്പോൾ വരുന്നയാളുകൾക്ക് കുട്ടികളെ അടുത്തു മനസ്സിലാക്കാനും അതിലെ മിടുക്കരെ അവർക്ക് റിക്രൂട്ട് ചെയ്യാനും അവസരം ലഭിക്കുകയും ചെയ്യും.

Representative image. Photo Credit : Deepak Sethi/iStock
Representative image. Photo Credit : Deepak Sethi/iStock

03. പ്രായോഗികതയിലൂന്നിയ പരിശീലനം വേണം, വിദഗ്ധരായ അധ്യാപകരും
സാധാരണ അക്കാദമിക് പശ്ചാത്തലത്തിൽ അധ്യാപകർ തിയറി പഠിപ്പിക്കുന്നതിനാണ് ഏറെ പ്രാധാന്യം കൊടുക്കുന്നത്. പക്ഷേ വ്യാവസായിക മേഖലയിൽ പ്രവർത്തിക്കേണ്ടി വരുമ്പോൾ പ്രായോഗിക അറിവുകളാണ് ഗുണം ചെയ്യുക. ഒരു പ്രശ്നമുണ്ടായാൽ ഏറ്റവും എളുപ്പത്തിൽ അതു പരിഹരിക്കാൻ കെൽപുള്ള ആളുകളെയാണ് വ്യാവസായിക മേഖലയ്ക്കാവശ്യം. അതുകൊണ്ട് പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകുന്ന റിസർച്ച് പ്രൊജക്ടുകളിലേക്ക് കൂടുതൽ അധ്യാപകർ കടന്നു വരുകയും പ്രായോഗിക തലത്തിലുള്ള അറിവുകൾക്ക് മുൻതൂക്കം നൽകുന്ന രീതിയിലുള്ള അധ്യാപന ശൈലി പിന്തുടരുകയും വേണം. 

Representative Image. Photo Credit : :EtiAmmos/iStock
Representative Image. Photo Credit : :EtiAmmos/iStock

04. കോർ സ്കിൽസ് വികസിപ്പിക്കാനുള്ള അവസരം നൽകാം
പഠിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ എന്തൊക്കെ നൈപുണ്യമാണ് കൈവരിക്കേണ്ടതെന്ന് പഠിപ്പിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കാനും അതിന്റെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കാനുമുള്ള അവസരം ഇൻഡസ്ട്രിയൽ വിസിറ്റിലൂടെ വിദ്യാർഥികൾക്ക് നൽ‌കണം. ഓരോ ആഴ്ചയിലും ഒരു പ്രത്യേക വ്യാവസായിക മേഖലയിലുള്ള വിദഗ്ധരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടു വരുകയും അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കാനുള്ള അവസരമൊരുക്കുകയും ചെയ്യണം.

Representative image. Photo Credit : :Canan turan/iStock
Representative image. Photo Credit : :Canan turan/iStock

05. ഇന്റേൺഷിപ്
പുതിയ വിദ്യാഭ്യാസമനുസരിച്ച് 6–ാം ക്ലാസ് മുതൽ ഇന്റേൺഷിപ് നടപ്പിലാക്കാൻ പദ്ധതിയുണ്ട്. ഒരു നിശ്ചിത വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള, അല്ലെങ്കിൽ വിദേശ സർവകലാശാലകളിൽ പഠിച്ച അനുഭവ സമ്പത്തുള്ള, ആ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച ആളുകളുടെ അടുത്തേക്കാവണം വിദ്യാർഥികളെ ഇന്റേൺഷിപ്പിന് അയയ്ക്കേണ്ടത്. റിയൽ ടൈം ഇന്റേൺഷിപ് നല്ലൊരു കമ്പനിയിൽ ചെയ്താൽ അത് സ്ഥിരജോലിയിലേക്കുള്ള വാതിൽ തുറക്കുമെന്ന കാര്യം മറക്കരുത്. ഇന്റേൺഷിപ് ചെയ്യാനുള്ള അവസരങ്ങൾ കണ്ടെത്താനും ലഭിക്കുന്ന അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാനും വിദ്യാർഥികളും ആത്മാർഥമായി ശ്രമിക്കണം. 

Representative image : Photo Credit : peshkov/iStock
Representative image : Photo Credit : peshkov/iStock

06. തൊഴിലാളികൾ മാത്രമല്ല, സംരംഭകരും ഉണ്ടാവട്ടെ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു പഠിച്ചിറങ്ങുന്നവരിൽ തൊഴിലാളികൾ മാത്രമല്ല സംരംഭകരും ഉണ്ടാവണം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ഒൺട്രൊപ്രനർ ആൻഡ് ഇന്നവേഷൻ സെന്റേഴ്സ് തുടങ്ങണം. അതാത് വ്യാവസായിക മേഖലയിലുള്ള വിദഗ്ധരെയും ഉൾക്കൊള്ളിച്ച് അവരുടെ മെന്റർഷിപ്പിൽ വേണം കുട്ടികളുടെ സംരംഭകത്വ അഭിരുചി വളർത്തേണ്ടത്. പഠന കാലയളവിൽ ചെറിയ പ്രോജക്റ്റുകൾ ചെയ്യാനും പഠനം കഴിഞ്ഞയുടൻ ചെറിയ സംരംഭങ്ങൾ തുടങ്ങാനും മെന്റേഴ്സിന്റെ മാർഗനിർദേശങ്ങൾ വേണം. ഇൻഡസ്ട്രി– അക്കാഡമിയ ഗ്യാപ് കുറയ്ക്കാൻ ഒൺട്രൊപ്രനർ ആൻഡ് ഇന്നവേഷൻ  പ്രക്രിയ വളർത്തേണ്ടതും  വളരെ അത്യാവശ്യമാണ്.

Representative image. Photo Credit :  ESB Professional/Shutterstock
Representative image. Photo Credit : ESB Professional/Shutterstock

07. സ്വഭാവ സവിശേഷതയും പ്രധാനം
ഇൻഡസ്ട്രി– അക്കാഡമിയ ഗ്യാപ്  എന്നത് പെട്ടെന്നു കുറയ്ക്കാൻ പറ്റുന്നതല്ല. ദീർഘകാലത്തെ പരിശ്രമം അതിനാവശ്യമാണ്. പ്രായോഗികതയ്ക്കും ഗവേഷണത്തിനും സോഫ്റ്റ്സ്കിൽസിനും ഒരുപോലെ പ്രാധാന്യം നൽകി വേണം അത് സാധ്യമാക്കാൻ. ഒരു ജോലിയിൽ പ്രവേശിക്കാനും തുടരാനും നിലനിർത്താനും സഹായിക്കുന്നതിൽ ഒരാളുടെ സ്വഭാവ സവിശേഷതകൾക്കും നിർണായക പങ്കുണ്ട്. വ്യാവസായിക സമൂഹത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മര്യാദയുള്ള പെരുമാറ്റ ശീലങ്ങൾ, നൈതികത, സ്വഭാവ സവിശേഷത എന്നിവ എന്തൊക്കെയാണെന്നു കണ്ടെത്തി അതനുസരിച്ചുള്ള പരിശീലനം കുട്ടികൾക്ക് നൽകണം. അത്തരം പദ്ധതികൾ പ്രാദേശിക തലത്തിൽത്തന്നെ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യാം. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലത്തിലുള്ള ഭരണ കേന്ദ്രങ്ങൾ മുൻകൈയെടുത്ത് വിവിധ മേഖലയിലുള്ള വിദഗ്ധരെക്കൊണ്ടുവന്ന് അവരുമായി സംവദിക്കാനുള്ള സാഹചര്യം ആ മേഖലയിലുള്ള കുട്ടികൾക്ക് നൽകണം. പല കോഴ്സുകൾ നടത്തുകയും പഠനത്തോടൊപ്പം വ്യാവസായിക പരിശീലനം കൂടി കുട്ടികൾക്ക് നൽകുകയും വേണം. ഒരു ടീം വർക്കിലൂടെ മാത്രമേ ഈ  വിടവ് നികത്താനാകൂ. വ്യാവസായിക വിദഗ്ധർ, അക്കാഡമീഷ്യൻസ്, പ്രാദേശിക ഭരണ കേന്ദ്രങ്ങൾ, കമ്യൂണിറ്റികൾ ഇവയുടെ പങ്കാളിത്തം, രക്ഷകർത്താക്കളുടെയും വിദ്യാർഥികളുടെയും സഹകരണം എന്നിവയും അത്യന്താപേക്ഷിതമാണ്.

പുതിയ  വിദ്യാഭ്യാസനയം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ക്രിയേറ്റ് വേൾഡ് ക്ലാസ് സിറ്റിസൺ ത്രോ എ ഹോളിസ്റ്റിക് ഡവലപ്മെന്റ് എന്നതിനാണ്. കുട്ടികളുടെ മാർക്ക് മാത്രമല്ല വിവിധ തരത്തിലുള്ള കഴിവുകളും വികസിപ്പിച്ച് മൾട്ടി ടാസ്ക്കിങ് ഉള്ള വ്യക്തികളെ ആഗോളതലത്തിലേക്ക് വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാഭ്യാസ പരിഷ്കരണങ്ങൾ നടത്തുന്നത്. വ്യാവസായിക വിദഗ്ധരും വിദ്യാഭ്യാസ വിദഗ്ധരും ഒത്തൊരുമയോടെ പ്രവർത്തിച്ചാലേ ഈ ലക്ഷ്യം നിറവേറ്റാൻ കഴിയൂ.  അങ്ങനെയായാൽ  യോഗ്യരായ ഉദ്യോഗാർഥികൾ ഉണ്ടാവുകയും അണ്ടർ‌ എംപ്ലോയ്മെന്റ് മാറി പ്രഫഷനൽ എംപ്ലോയ്മെന്റ് വരുകയും ചെയ്യൂ. ഈ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞാൽ വിദേശത്തേക്ക് കുടിയേറുന്ന വിദ്യാർഥികളുടെ എണ്ണമുൾപ്പെടെ കുറയ്ക്കാൻ സാധിക്കും.  

Content Summary:

Closing the Gap: Innovative Strategies to Align Education with Industry Demands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com