ADVERTISEMENT

ചോദ്യം: ഗ്രാമീണരായ ഏതാനും 11–ാം ക്ലാസുകാരാണു ഞങ്ങൾ. നല്ല രീതിയിലുള്ള എൻട്രൻസ് പരിശീലനത്തിന് ഓൺലൈൻ സംവിധാനമുണ്ടോ? ഉണ്ടെങ്കിൽ എവിടെയെന്നും എന്തു ചെലവു വരുമെന്നും അറിയിക്കുമോ?
ഉത്തരം: ദേശീയതലത്തിൽ കടുത്ത കിടമത്സരമുള്ള പ്രവേശനപരീക്ഷകളിൽപോലും വിജയകരമായ പ്രകടനത്തിനു സഹായകമായ വിഡിയോ ലക്ചറുകൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഐഐടി– ഡൽഹിയുടെ ഏകോപനത്തോടെ വിവിധ ഐഐടികൾ ചേർന്ന് നടത്തിവരുന്ന ഐഐടി–പാൽ (IIT-PAL : IIT-Professor Assisted Learning) നൽകുന്ന സേവനം രാജ്യത്ത് എവിടെയുള്ളവർക്കും സൗജന്യമായി പ്രയോജനപ്പെടുത്താം. ഐഐടി പ്രഫസർമാരും വിഷയവിദഗ്ധരുമാണ് ക്ലാസെടുക്കുന്നത്. ഒരേ ലക്ചർ എത്ര പ്രാവശ്യം വേണമെങ്കിലും ആവർത്തിച്ചു കേൾക്കാം. വെബ്: https://iitpal.iitd.ac.in.

മുഖ്യമായും ജെഇഇ മെയിനിന് തയാറെടുക്കുന്നവരെ മുന്നിൽക്കണ്ടാണ് ലക്ചറുകളെങ്കിലും, സംസ്ഥാന എൻട്രൻസ് / നീറ്റ് / ഐസർ–അഭിരുചി പരീക്ഷ (IAT) മുതലായ സമാന പ്രവേശനപരീക്ഷകൾക്കു ശ്രമിക്കുന്നവർക്കും ഫലപ്രദമാണ്. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 11, 12 ക്ലാസുകാർക്ക് വെവ്വേറെ പ്രോഗ്രാമുകൾ. അധ്യാപകരുമായി സംശയപരിഹാരത്തിന് ഓൺലൈനായി സംവദിക്കാനുമാകും.

പഠന സഹായികൾ
ലക്ചറുകൾക്കും സംശയപരിഹാരത്തിനുള്ള ചോദ്യോത്തരങ്ങൾക്കും പുറമേ മറ്റു പഠനസഹായികളും സൈറ്റിലുണ്ട്.
(എ) എൻസിഇആർടി: ഇതിനുള്ള ലിങ്കിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങളിലെയും പാഠപുസ്തകങ്ങളുണ്ട്. നമുക്ക് 12ലെ മാത്തമാറ്റിക്സിലെ ‘മട്രിസസ്’ ആണു പഠിക്കേണ്ടതെങ്കിൽ https://iitpal.iitd.ac.in എന്ന സൈറ്റിലെ STUDY MATERIAL– NCERT എന്നീ ലിങ്കുകൾവഴി എത്തുന്നേടത്ത് ക്ലാസ് – വിഷയം – പുസ്തകം എന്നിവയിൽ യഥാക്രമം CLASS XII – MATHEMATICS – Mathematics Part I എന്നു സിലക്ട് ചെയ്തു കിട്ടുന്ന ഗണിത പാഠപുസ്തകത്തിലെ 3–ാം അധ്യായത്തിൽ ‘മട്രിസസ്’ കാണാം.

(ബി) നാഷനൽ ഡിജിറ്റൽ ലൈബ്രറി: ഐഐടി പാൽ സൈറ്റിലെ STUDY MATERIAL ലിങ്കിൽ നാഷനൽ ഡിജിറ്റൽ ലൈബ്രറിയുണ്ട്. TEST PREPARATION എന്ന തലക്കെട്ടിനു കീഴിൽ ‘ഐഐടി ജെഇഇ & നീറ്റ്’ വിഭാഗത്തിൽ പഴയ ചോദ്യങ്ങളടക്കം ചില വിവരങ്ങളുണ്ട്. പക്ഷേ പലതും ഇപ്പോൾ നീക്കിക്കളഞ്ഞിട്ടുമുണ്ട്.

ചിത്രത്തിന്റെ മറുവശം
ഇതൊക്കെയാണെങ്കിലും എൻട്രൻസ് പരീക്ഷയിൽ അറിവിലേറെ അഭ്യാസത്തിനാണു മുൻതൂക്കം. കഴിയുന്നതും വേഗം ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരം നൽകേണ്ടതുണ്ട്. ഇക്കാരണത്താൽ മുൻപരീക്ഷച്ചോദ്യങ്ങളുപയോഗിച്ച് സമയബദ്ധമായി ഉത്തരമെഴുതുന്ന ഡ്രിൽ ആവർത്തിക്കുന്നത് അതീവ പ്രധാനം. അറിയാത്ത ചോദ്യത്തിനു മുന്നിൽ നേരം കളയാതെ തുടർന്നുള്ള ചോദ്യങ്ങളിലേക്കു കടക്കുക, ചോദ്യങ്ങൾ മുഴുവൻ തുടക്കത്തിൽ വായിച്ചു സമയം പാഴാക്കാതിരിക്കുക, VIBGYOR പോലെയുള്ള ഓർമസൂത്രങ്ങളുണ്ടാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
ഐഐടി–പാൽ വഴിയുള്ളതുപോലെയുള്ള പരിശീലനം, ക്ലാസ്മുറിയിൽ അധ്യാപകർക്കു മുന്നിലെ പഠനത്തിനു പകരമല്ലെന്നും ഓർക്കാം.

English Summary:

Aspiring Engineers & Doctors: Score Success with Free IIT-PAL Video Lectures & Study Aids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com