ADVERTISEMENT

ഇഷ്ടപ്പെട്ട ജോലി ലഭിക്കുന്നതും ജോലിയിൽ ഉയർച്ചയുണ്ടാകുന്നതുമൊക്കെ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ വ്യക്തിപരമായ കാരണങ്ങളാലും ഔദ്യോഗിക കാരണങ്ങളാലും പലപ്പോഴും ജോലിയിൽനിന്ന് ചിലർക്കെങ്കിലും താൽക്കാലികമായി ഇടവേളയെടുക്കേണ്ടി വരാറുണ്ട്. അതിനു ശേഷം ജോലിയിൽ തിരികെ പ്രവേശിക്കേണ്ടി വരുമ്പോൾ പല വെല്ലുവിളികളെയും അഭിമുഖീകരിക്കേണ്ടിയും വരും. ഇടവേളയ്ക്കു ശേഷം ജോലിയിലേക്കു തിരികെ പ്രവേശിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വ്യക്തിജീവിതത്തിലെ ഉത്തരവാദിത്തങ്ങൾക്കുവേണ്ടി അവധിയെടുക്കുന്നവർ
ഗർഭകാലവുമായി ബന്ധപ്പെട്ടും പ്രസവശേഷവുമൊക്കെ സ്ത്രീകൾക്ക് ജോലിയിൽ ഇടവേളയെടുക്കേണ്ടി വരാറുണ്ട്. മറ്റു ചിലർ ഉന്നത പഠനത്തിനായാണ് ഇടവേളയെടുക്കുന്നത്. ഒരേപോലെയുള്ള ജോലി ദീർഘകാലം ചെയ്ത് മനസ്സു മടുത്ത് സ്വന്തമായി ബിസിനസ് തുടങ്ങാൻ ജോലിയിൽനിന്ന് ഇടവേളയെടുക്കുന്നവരുണ്ട്. ഇനിയും ചിലർ വീട്ടിലുള്ള സുഖമില്ലാത്ത ആളുകളെയും വയോജനങ്ങളെയും പരിചരിക്കാനാവും ജോലി വിടുക. ഇങ്ങനെ ഓരോരുത്തർക്കും വ്യക്തിപരമായ പല കാരണങ്ങളുണ്ടാകും.

Representative image. Photo Credit : djiledesign/iStock
Representative image. Photo Credit : djiledesign/iStock

ദീർഘമായ കരിയർ ബ്രേക്കിനുശേഷം പുതിയ ജോലി: ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ആറു മാസം മുതൽ ഒരു വർഷം വരെ ജോലിയിൽനിന്ന് ഇടവേളയെടുക്കുന്നവരുണ്ടാകാം. ചിലർ ജോലിവിട്ട്  5 വർഷത്തിനു ശേഷമായിരിക്കാം പുതിയ ജോലി തേടുന്നത്. ദീർഘമായ ഇടവേളയ്ക്കു ശേഷം ജോലിയിൽ പ്രവേശിക്കുമ്പോൾ ജോലിസ്ഥലത്തുള്ള അന്തരീക്ഷത്തില്‍ കുറേ മാറ്റങ്ങളുണ്ടാകാം. അവ ഉൾക്കൊള്ളാൻ മാനസികമായി തയാറെടുക്കേണ്ടതുണ്ട്. നേരത്തേ ചെയ്ത ജോലിയുടെ തുടർച്ചയായുള്ള ജോലിയിൽ പ്രവേശിക്കാൻ ശ്രദ്ധിക്കണം.

Representative image. Photo Credit : Hispanolistic/iStock
Representative image. Photo Credit : Hispanolistic/iStock

01. വ്യക്തമായ ആസൂത്രണം വേണം
നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് വ്യക്തമായ ആസൂത്രണം വേണം. ദീർഘകാലം പുതിയ ജോലിയിൽ തുടരേണ്ടതാണെന്ന വ്യക്തമായ ബോധ്യത്തോടെ വേണം ഓരോ നീക്കവും.

Representative Image. Photo Credit : Ivanko80/Shutterstock
Representative Image. Photo Credit : Ivanko80/Shutterstock

02. കൃത്യമായ ലക്ഷ്യം വേണം
പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ സ്വന്തമാക്കേണ്ട നേട്ടങ്ങളെക്കുറിച്ചും ജോലിയിലെ ഉയർച്ചയെക്കുറിച്ചും കൃത്യമായ ലക്ഷ്യങ്ങൾ മനസ്സിലുണ്ടാകണം. അതനുസരിച്ചുള്ള തയാറെടുപ്പോടെ വേണം പുതിയ ജോലിയിൽ പ്രവേശിക്കാൻ.

03. നൈപുണ്യങ്ങൾ ആർജ്ജിക്കാം
പുതിയ ജോലിക്ക് ആവശ്യമായ നൈപുണ്യങ്ങൾ ആർജ്ജിച്ചു വേണം കരിയർ ബ്രേക്കിനു ശേഷം പുതിയ ജോലിയിൽ പ്രവേശിക്കാൻ. ഉദാഹരണത്തിന് ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ കാര്യമെടുത്താൽ, കരിയർ ബ്രേക്കിനു മുൻപ് അവർ ജോലി ചെയ്തുകൊണ്ടിരുന്നത് സിഎ, ജാവ തുടങ്ങിയ ലാംഗ്വേജുകളിലാവാം. പക്ഷേ വലിയ ഒരു ബ്രേക്ക് കഴിഞ്ഞു വരുമ്പോഴേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള കാര്യങ്ങൾ അറിയുന്നവരെയായിരിക്കും ആ മേഖലയ്ക്കാവശ്യം. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കാൻ കരിയർ ബ്രേക്കിനിടയിൽ സമയം കണ്ടെത്തണം. അത്തരം കോഴ്സുകൾ പഠിച്ച് നൈപുണ്യം വികസിപ്പിക്കണം.

Representative image. Photo Credit : Prykhodov/iStock
Representative image. Photo Credit : Prykhodov/iStock

04. റെസ്യൂമെയിലും വരുത്തണം മാറ്റം
പുതിയ ജോലി തേടുമ്പോൾ പലരും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ഇത്രയും കാലം ജോലിയിൽ നിന്ന് ഇടവേളയെടുത്തുവെന്ന്. അതിനെ കൃത്യമായി ന്യായീകരിക്കുന്ന, പ്രഫഷനലായ ഒരു മറുപടിയുമായി വേണം റെസ്യൂമെ പുതുക്കേണ്ടത്. തികച്ചും സത്യസന്ധവും വിശ്വസനീയവുമായ ഒരു കാരണം മാത്രമേ അതിന് വിശദീകരണമായി എഴുതാൻ പാടുള്ളൂ. റെസ്യൂമേക്ക് പുറമെ നല്ലൊരു കവറിങ് ലെറ്ററും ഉണ്ടാകണം. കവറിങ് ലെറ്ററിൽ ഈ ബ്രേക്ക് സമയം എന്തിനാണ് എടുത്തത് എന്നു സൂചിപ്പിച്ചാല്‍ വളരെ നന്നായിരിക്കും. 

Representative Image. Photo Credit: Mangostar/shutterstock
Representative Image. Photo Credit: Mangostar/shutterstock

05. തിരയാം മനസ്സിനിണങ്ങിയ ജോലി
ദീർഘമായ ഇടവേളയ്ക്കു ശേഷം പുതിയ ജോലിയിൽ പ്രവേശിക്കാൻ പലരും വല്ലാതെ വെപ്രാളം കാണിക്കാറുണ്ട്. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം ജോലിക്ക് അപേക്ഷിക്കുന്ന പ്രവണത കാട്ടാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. പടിപടിയായി അതിനുള്ള ശ്രമങ്ങൾ തുടങ്ങാം.

Representative image. Photo Credit : Prykhodov/iStock
Representative image. Photo Credit : Prykhodov/iStock

∙ ലിങ്ക്ഡ്ഇൻ പേജ് അപ്ഡേറ്റ് ചെയ്യാം
കരിയർ ബ്രേക്കിന്റെ കാലത്ത് പഠിച്ച പുതിയ നൈപുണ്യ വികസന കോഴ്സുകൾ ഹൈലൈറ്റ് ചെയ്യുന്ന വിധത്തിലായിരിക്കണം ലിങ്ക്ഡ് ഇൻ പേജ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തെ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും ടെസ്റ്റിമോണിയില്‍സും റെക്കമെന്റേഷൻസും ലിങ്ക്ഡ്ഇന്നിൽ കൊടുക്കാം. 

Representative image. Photo Credit : celiaosk/iStock
Representative image. Photo Credit : celiaosk/iStock

∙ പഴ്സനൽ നെറ്റ്‌വർക്കിങ് സോഴ്സുകളിലൂടെ ജോലി കണ്ടെത്താം
സുഹൃത്തുക്കൾക്കും പഠിച്ച സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥികൾക്കുമൊക്കെ റെസ്യൂമെ അയയ്ക്കുകയും അവരുടെ സോഷ്യൽ നെറ്റ്‌വർക്കിങ്ങിലൂടെ തൊഴിൽ അവസരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാം. പല കമ്പനികളും പഴ്സനൽ റഫറൻസ് കൂടുതലായി സ്വീകരിക്കുന്ന പ്രവണത കാട്ടാറുണ്ട്. വെറുതെ ഒരു ഉദ്യോഗാർഥിയെ ജോലിക്കെടുക്കുന്നതിനെക്കാൾ ആ കമ്പനിയിൽ നിലവിൽ  ജോലി ചെയ്യുന്ന ആളുടെ ശുപാർശയിൽ എത്തുന്നയാളെ ജോലിക്കായി പരിഗണിക്കാൻ കമ്പനികൾ പൊതുവെ താൽപര്യം കാട്ടാറുണ്ട്.

Representative image. Photo Credit : :gehringj/iStock
Representative image. Photo Credit : :gehringj/iStock

∙ കമ്യൂണിറ്റികളിൽ സജീവമാവുക
ലിങ്ക്ഡ്ഇൻ പേജ് അപ്ഡേറ്റ് ചെയ്ത് റഫറൻസിന് ശ്രമിക്കുന്നതോടൊപ്പം കമ്യൂണിറ്റികളിലും ഭാഗമാകുന്നത് മികച്ച ജോലി കണ്ടെത്താൻ സഹായിക്കും. ഉദാഹരണമായി  റീട്ടെയിൽ മേഖലയിൽ ജോലി ചെയ്യുമ്പോൾ റീട്ടെയിൽ കമ്യൂണിറ്റി, സോഫ്റ്റ്‌വെയർ കമ്യൂണിറ്റി പോലെയുള്ള കമ്യൂണിറ്റികളിൽ അംഗമാകാൻ സാധിക്കുകയും യഥാക്രമം വരുന്ന ജോലി ഒഴിവുകൾ ഗ്രൂപ്പുകളിലേക്ക് പോസ്റ്റ് ചെയ്യപ്പെടുമ്പോൾ അനുയോജ്യമെന്ന് തോന്നുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയും ചെയ്യും. 

 Representative image. Photo Credit : SDI Productions/iStock
Representative image. Photo Credit : SDI Productions/iStock

∙മോക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം

ജോലിയിൽ ഇടവേള വന്ന ശേഷം പുതിയ ജോലിക്ക് ശ്രമിക്കുന്നതുകൊണ്ട് പരമാവധി മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നത് നന്നായിരിക്കും. സുഹൃത്തുക്കളെക്കൊണ്ടും കുടുംബാംഗങ്ങളെക്കൊണ്ടും ചോദ്യങ്ങൾ ചോദിപ്പിച്ച് ഉത്തരം പറയാം. അല്ലെങ്കിൽ മിറർ റിഫ്ലെക്‌ഷൻ ടെക്നിക് പ്രയോഗിക്കാം. (കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് ഉത്തരങ്ങൾ പറഞ്ഞു നോക്കുക). അങ്ങനെ ഇന്റർവ്യൂ പ്രാക്ടീസ് ചെയ്ത് പരിശീലനം കിട്ടിയതിനുശേഷം മാത്രമേ ഒരു പ്രഫഷനൽ ലൈവ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പാടുള്ളൂ. 

ജോലി ചെയ്യാൻ പോകുന്ന സ്ഥാപനങ്ങളെക്കുറിച്ചും അറിയണം
ജോലിക്ക് ശ്രമിക്കുന്ന സ്ഥാപനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിഞ്ഞ ശേഷം അവിടെ ജോലി നേടാൻ ശ്രമിക്കുന്നതാണ് ഉചിതം. സ്ഥാപനത്തിന്റെ കൾച്ചർ, സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം, ജോലി സമയം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മനസ്സിലാക്കണം. മെറ്റേണിറ്റി ബ്രേക്ക് എടുത്തതിനു ശേഷം തിരിച്ചു ജോലിയിലേക്ക് പ്രവേശിക്കുമ്പോൾ പല കാര്യങ്ങളുമായും പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയണമെന്നില്ല. ഷിഫ്റ്റിന്റെ സമയമൊക്കെ ഫ്ലെക്സിബിൾ അല്ലെങ്കിൽ ഈ സമയത്ത് ചെറിയ ബുദ്ധിമുട്ട് നേരിട്ടേക്കാം. അത്തരത്തിൽ ഫ്ലക്സിബിൾ വർക് ഓപ്ഷനുള്ള കമ്പനിയാണോയെന്ന് ഉറപ്പു വരുത്താം.

∙ പ്രോ ആക്റ്റീവാകാം അഭിമുഖത്തിൽ
ഇന്റർവ്യൂ അറ്റന്‍ഡ് ചെയ്യുമ്പോൾ പ്രോ ആക്റ്റീവായി, പോസിറ്റീവായി, ആത്മവിശ്വാസത്തോടു കൂടി അറ്റൻഡ് ചെയ്യുക എന്നുള്ളത് പ്രധാനമാണ്. ഒരു ബ്രേക്ക് എടുത്തതിനു ശേഷം  ഇന്റർവ്യൂ അറ്റന്‍ഡ് ചെയ്യുമ്പോൾ ജോലി കിട്ടുമോ എന്ന ആധി തോന്നുന്നത് സ്വാഭാവികമാണ്. ജോലി ലഭിക്കും എന്ന ഉറച്ച വിശ്വാസത്തോടു കൂടി, ആത്മവിശ്വാസത്തോടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

∙ ജോലി കിട്ടുന്നതുവരെ പരിശ്രമം തുടരാം
ഒന്നോ രണ്ടോ ഇന്റർവ്യൂവിൽ പങ്കെടുത്തതുകൊണ്ടു മാത്രം ജോലി കിട്ടണമെന്നില്ല. അങ്ങനെ വരുമ്പോൾ മനസ്സു മടുത്ത് ഇനി ജോലിക്ക് ശ്രമിക്കുന്നില്ലെന്ന് ഒരിക്കലും കരുതരുത്. സമാധാനത്തോടെ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നത് തുടരുക. അങ്ങനെ ചെയ്താൽ ഒട്ടും വൈകാതെ മനസ്സിനിണങ്ങിയ ജോലി ലഭിക്കും.

English Summary:

Navigating Career Gaps: Expert Tips for Landing a Dream Job Post-Break

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com