ADVERTISEMENT

ഇന്ത്യയിൽ പ്രവേശനത്തിന് കടുത്ത മത്സരമുള്ള പരീക്ഷയാണ് നീറ്റ്–യുജി. ഇത്തവണ പരീക്ഷ എഴുതിയ 23 ലക്ഷത്തിലേറെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം എംബിബിഎസാണ്. ഇതിന് ഇന്ത്യയിൽ ആകെയുള്ളത് ഒരു ലക്ഷത്തോളം സീറ്റ് മാത്രം. ബിഡിഎസിന് ഏകദേശം 28,000 സീറ്റുണ്ട്. ഇവയ്ക്കു പുറമേ ദേശീയതലത്തിൽ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, വെറ്ററിനറി സയൻസ് വിഷയങ്ങളിലെ ബാച്‌ലർ ബിരുദപ്രവേശനത്തിനും നീറ്റ് സ്കോർ ഉപയോഗിക്കുന്നു. ഇന്ത്യയിലെവിടെയും എംബിബിഎസ് പ്രവേശനത്തിന് നീറ്റ് സ്കോർ വേണം.

നാഷനൽ ടെസ്റ്റിങ് ഏജൻസി ഈ വർഷത്തെ നീറ്റ്‌-യുജി ഫലം പ്രഖ്യാപിച്ചു (https://neet.nta.nic.in). 4750 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 23,33,297 വിദ്യാർഥികളുടെ പ്രകടനം പരിഗണിച്ചാണ് ഫലം തയാറാക്കിയിട്ടുള്ളത്. റിസൽറ്ററിയാനുള്ള സൗകര്യം https://neet.ntaonline.in എന്ന സൈറ്റിൽ. നീറ്റിൽ 50–ാം പെർസെന്റൈൽ സ്കോറെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാർഹതയുള്ളൂ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (www.mcc.nic.in) ദേശീയതലത്തിൽ എംബിബിഎസ് / ബിഡിഎസ് / ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിന് പൊതുവായ കൗൺസലിങ് നടത്തും. അതിൽ ഇനിപ്പറയുന്നവ ഉൾപ്പെടും.

neet-table-01

∙ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലെയും സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ 15% ഓൾ ഇന്ത്യ ക്വോട്ട. വിവിധകേന്ദ്രങ്ങളിലെ എയിംസ്, കൽപിത സർവകലാശാലകൾ, കേന്ദ്രസർവകലാശാലകൾ (ബനാറസ് ഹിന്ദു / ഡൽഹി/ അലിഗഢ്), വർധമാൻ മഹാവീർ ഡൽഹി, എ.ബി.വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ കോളജുകൾ (ഐപി ക്വോട്ട), ജിപ്മർ (പുതുച്ചേരി, കാരയ്ക്കൽ), ജാമിയ മില്ലിയ (ഡെന്റൽ), ബിഎസ്‌സി ഓണേഴ്സ്– നഴ്സിങ് (കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ)
∙എഎഫ്എംസി (ആദ്യഘട്ടം മാത്രം)

neet-table-02

സ്ഥാപനങ്ങളും സീറ്റുകളും സംബന്ധിച്ച കൃത്യവിവരങ്ങൾ എംസിസി സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഇനംതിരിച്ചു നൽകിയിരിക്കും. ആയുഷ് (ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി) കോഴ്സുകളുടെ കൗൺസലിങ് https://aaccc.gov.in എന്ന സൈറ്റിലൂടെയും വെറ്ററിനറി കൗൺസലിങ് https://vci.admissions.nic.in എന്ന സൈറ്റിലൂടെയും ആയിരിക്കും. (12 അഗ്രികൾചറൽ വിഷയങ്ങളിലെ ബാച്‌ലർതല ദേശീയ സിലക്‌ഷൻ നീറ്റിൽപ്പെടില്ല. അത് സിയുഇടി (ഐസിഎആർ–യുജി) എന്ന എൻട്രൻസ് പരീക്ഷ വഴിയാണ്: https://cuet.samarth.ac.in).

സിലക്‌ഷൻ ?
കൃത്യമായ മറുപടി നൽകാൻ കഴിയില്ല. പക്ഷേ, കഴിഞ്ഞ വർഷം ഓരോ വിഭാഗത്തിലും സ്ഥാപനത്തിലും പ്രവേശനം കിട്ടിയ അവസാനറാങ്കുകൾ നോക്കിയാൽ ഏകദേശരൂപം കിട്ടും. സീറ്റുകളിലെ വ്യത്യാസം, കുട്ടികളുടെ മാറിവരുന്ന താൽപര്യങ്ങൾ തുടങ്ങി വിവിധകാരണങ്ങളാൽ ഈ സംഖ്യകളിൽ ഇത്തവണ മാറ്റം വരാം. അവസാനറാങ്ക് അറിയാൻ 2 വഴികൾ:

1. കഴിഞ്ഞ വർഷം എംസിസി കൗൺസലിങ്ങിലെ ഓരോ റൗണ്ടിലും ഓരോ കോഴ്സിലും (എംബിബിഎസ് / ബിഡിഎസ് / ബിഎസ്‌സി ഓണേഴ്സ് നഴ്സിങ്) ഓരോ കോളജിലും ഓരോ കാറ്റഗറിയിലും പല റൗണ്ടുകളിലും പ്രവേശനം കിട്ടിയ അവസാനറാങ്കുകാരെ സംബന്ധിച്ച വിവരങ്ങൾ https://mcc.nic.in/ug-medical-counselling എന്ന സൈറ്റിലുണ്ട്.
2. കേരളത്തിൽ കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയ കുട്ടികളുടെ അവസാനറാങ്കുകൾ നോക്കുന്നതാണു മറ്റൊരു വഴി. ദേശീയതലത്തിലെ നീറ്റ് റാങ്കുകൾ അതേപടിയെടുത്ത് ഇവിടത്തെ പ്രവേശനം സാധ്യമല്ല. കേരളത്തിൽ പ്രവേശനാർഹതയുള്ള കുട്ടികളുടെ നീറ്റ് റാങ്കുകൾ തിരഞ്ഞെടുത്ത്, അവ സംസ്ഥാനത്തിനു വേണ്ടി പ്രത്യേകിച്ചു റാങ്ക് ചെയ്യുന്നു. ഉദാഹരണത്തിന് 23, 36, 109, 172 എന്നീ നീറ്റ് റാങ്കുകൾക്കാണ് കഴിഞ്ഞ വർഷം 1, 2, 3, 4 എന്നീ സംസ്ഥാനറാങ്കുകൾ ലഭിച്ചത്. ഈ റാങ്ക്–തുല്യത കാണിക്കുന്ന പട്ടിക https://cee.kerala.gov.in/keam2023 എന്ന സൈറ്റിലെ Rank List ലിങ്കിലുണ്ട്. സംസ്ഥാനതലത്തിൽ ഓരോ അലോട്മെന്റിലും പ്രവേശനം കിട്ടിയ അവസാന സംസ്ഥാനറാങ്കുകൾ Last Rank ലിങ്കിലുമുണ്ട്.

ഫീസ് കുറവുള്ളമികച്ച സ്ഥാപനങ്ങൾ
തീരെക്കുറഞ്ഞ ഫീസ് നൽകി, ഇന്ത്യയിലെ ഏതു പ്രദേശത്തും എംബിബിഎസിനു പഠിക്കാൻ ‘ഓൾ ഇന്ത്യ ക്വോട്ട’ ഉപകരിക്കും. ന്യൂഡൽഹിയിലേതുൾപ്പെടെ എയിംസ്, മൗലാന ആസാദ് ഡൽഹി, ജിപ്മർ– പുതുച്ചേരി / കാരയ്ക്കൽ, ലേഡി ഹാർഡിഞ്ച് (വനിത) ഡൽഹി, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെ‍ഡിക്കൽ സയൻസസ് ഡൽഹി, വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കൽ സയൻസസ് നളന്ദ, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കൽ സയൻസസ് ഇംഫാൽ തുടങ്ങി ഫീസ് കുറവായ പല സ്ഥാപനങ്ങളുമുണ്ട്.

കേരളത്തിൽ അഖിലേന്ത്യ ക്വോട്ട കഴിച്ച്, കേരളത്തിലെ എംബിബിഎസ്, ബിഡിഎസ്, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി, കേരള കാർഷിക സർവകലാശാലയിലെ ബിടെക് ബയോടെക്നോളജി, ബിഎസ്‌സി (ഓണേഴ്സ്) കോ–ഓപ്പറേഷൻ ആൻഡ് ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് എന്നീ 13 പ്രോഗ്രാമുകളിലെ പ്രവേശനത്തിന്റെയും അടിസ്ഥാനം ഇതേ റാങ്കിങ് തന്നെ. പക്ഷേ, സംസ്ഥാനതലത്തിലെ സിലക്‌ഷൻ, നീറ്റ് റാങ്ക് നോക്കി എൻട്രൻസ് കമ്മിഷണർ തയാറാക്കിയ വിശേഷ റാങ്ക്‌ലിസ്റ്റ് അടിസ്ഥാനത്തിൽ, സംവരണക്രമം പാലിച്ച് ആയിരിക്കും.
 

English Summary:

NEET-UG 2023 Results: Insider Tips for Cracking Second Round Allotment in Government Colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com