ADVERTISEMENT

മഞ്ഞുകാലത്ത് അപ്രതീക്ഷിതമായി തെളിഞ്ഞ വെയിലുകൊണ്ട് തുള്ളിച്ചാടി നടക്കുകയാണ് പുൽച്ചാടി. കുറച്ചു കഴിഞ്ഞപ്പോൾ അതിനു വിശക്കാൻ തുടങ്ങി. അപ്പോഴാണ് ഉറുമ്പ് ഭക്ഷണം കഴിക്കുന്നതു കണ്ടത്. പുൽച്ചാടി ഉറുമ്പിനോടു ചോദിച്ചു: എനിക്കും  അരിമണികൾ തരാമോ? ഞാൻ ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. ഉറുമ്പ് പറഞ്ഞു: ഞാൻ കഴിഞ്ഞ വേനൽക്കാലത്തു കഷ്ടപ്പെട്ടു സംഭരിച്ചതാണിത്. നീ എന്തെടുക്കുകയായിരുന്നു? ഞാൻ പാട്ടുംപാടി നൃത്തം ചെയ്തു നടക്കുകയായിരുന്നെന്നു പുൽച്ചാടി സമ്മതിച്ചു. ഉറുമ്പ് പറഞ്ഞു: എങ്കിൽ നൃത്തം ചെയ്തു വിശപ്പടക്കൂ.

ആഘോഷവും ആലോചനയും ജീവിതത്തിന്റെ ഭാഗമാകണം. ആലോചനയില്ലാതെ ആഹ്ലാദിക്കുമ്പോൾ സംഭവിക്കുന്ന ചില പിഴവുകളുണ്ട്. ആനന്ദം അതിരു കടക്കും, ഉള്ളതെല്ലാം ചെലവഴിച്ച് ആഘോഷിക്കും, നാളെയും ആഘോഷങ്ങളു ണ്ടാകണം എന്ന സത്യം മറക്കും. എന്നോ അരികിലുണ്ടായ നല്ലകാലത്തിന്റെ പേരിൽ അതിനു മുൻപും പിൻപുമുള്ളവയെ വിസ്മരിച്ച് ആനന്ദനൃത്തമാടുന്നവർക്കു കാലുകൾ കുഴയുന്ന സമയമുണ്ട്. ആഘോഷങ്ങൾക്കു പ്രസക്തിയില്ലാത്ത സന്ദർഭങ്ങളുമുണ്ട്. അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള സംഭരണശാലകളുണ്ടാകുക എന്നതാണ് ആയുർദൈർഘ്യത്തിനും  അന്തസ്സോടെയുള്ള ജീവിതത്തിനും അഭികാമ്യം. ആഘോഷാവസരങ്ങളിൽ എല്ലാവരും ഒപ്പമുണ്ടാകും, ആളുകൾ ഉയർത്തി നിർത്തും, ആർപ്പുവിളികൾ മുഴങ്ങും. എല്ലാവരും പിരിയുമ്പോൾ തനിച്ചു നിൽക്കാനുള്ള ശേഷി അവശേഷിപ്പിക്കുന്നവരാണ് സ്വന്തം ജീവിതത്തെ ബഹുമാനിക്കുന്നവർ.

എല്ലാ കർമങ്ങൾക്കും നിക്ഷേപ സ്വഭാവമുണ്ടാകണം. അലമാരയിൽ അടുക്കിവയ്ക്കുന്നവ മാത്രമല്ല നിക്ഷേപങ്ങൾ. ഭക്ഷണം നിക്ഷേപമാണ്. ആസ്വാദ്യകരമായതല്ല; ആരോഗ്യകരമായതു ഭക്ഷിക്കണം. പഠനം നിക്ഷേപമാണ്. പരീക്ഷയിൽ ജയിക്കാൻ മാത്രമല്ല; ജീവിതത്തിനുപകരിക്കാൻ കൂടി പഠിക്കണം. ആഘോഷങ്ങൾ നിക്ഷേപമാണ്. കൂടുതൽ ആവേശവും കർമോത്സുകതയും ഓരോ നൃത്തച്ചുവടിനുശേഷവും ഉണ്ടാകണം. ഒരു ഘോഷവും ശരീരത്തിനും മനസ്സിനും വിലപറയരുത്. പണസമ്പാദനവും നിക്ഷേപമാകണം. അടുത്ത തലമുറയ്ക്കുവേണ്ടി മാത്രം സംരക്ഷിക്കപ്പെടുന്നതെല്ലാം ആർക്കുമുപകരിക്കാതെ നഷ്ടപ്പെടും. ആയുസ്സിനെ അർഥപൂർണമാക്കുന്ന പ്രവർത്തനങ്ങളാണ് യഥാർഥ നിക്ഷേപം.

English Summary:

The Art of Balanced Celebrations: How to Enjoy Life Without Sacrificing Your Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com