ADVERTISEMENT

ഐഐടി/ എൻഐടി/ ഐഐഐടി എന്നിവ ഉൾപ്പെടെ 121 സ്ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, 5 വർഷ എംടെക് / എംഎസ്‌സി, 4 വർഷ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് അലോട്മെന്റ് ‘ജോസ’ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി– https://josaa.nic.in) പ്രഖ്യാപിച്ചു. ഓൺലൈൻ റിപ്പോർട്ടിങ് അടക്കമുള്ള നടപടിക്രമങ്ങൾ ശ്രദ്ധയോടെ ചെയ്യണം. ഓരോന്നും നിർദിഷ്ട സമയത്തു ചെയ്തില്ലെങ്കിൽ അവസരം നഷ്ടപ്പെടും. സമയക്രമം വെബ്സൈറ്റിലെ Schedule ലിങ്കിലുണ്ട്.

ഇനി ചെയ്യേണ്ടത്
∙ ആദ്യം ജോസ സൈറ്റിലെത്തി നിങ്ങൾക്ക് അലോട്മെന്റുണ്ടോയെന്നു പരിശോധിക്കുക. ഇതു താൽക്കാലിക അലോട്മെന്റാണ്.
∙ ‘ഇനിഷ്യൽ സീറ്റ് അലോട്മെന്റ് ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യുക. ഇതിൽ അലോട്മെന്റ് വിവരങ്ങളും തുടർനടപടികളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ടാകും.
∙ സീറ്റ് സ്വീകരിച്ച്, തുടർറൗണ്ടുകളിലേക്കുള്ള ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് ഇവയിലൊന്നു തിരഞ്ഞെടുക്കുക.

(1) ഫ്രീസ്: കിട്ടിയ സീറ്റു മതി. ഇനി മാറ്റം വേണ്ട. ഇതു സ്വീകരിച്ചുകഴിഞ്ഞാൽ തുടർറൗണ്ടുകളിലൊന്നും മാറ്റം കിട്ടില്ല.
(2) ഫ്ലോട്ട്: കിട്ടിയതു സ്വീകരിക്കുന്നു. പക്ഷേ, ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ താൽപര്യമുണ്ട്. ഏതു സ്ഥാപനങ്ങളിലേക്കു മാറ്റം ലഭിച്ചാലും സ്വീകരിക്കും.
(3) സ്ലൈഡ്: ഇപ്പോൾ കിട്ടിയ സ്ഥാപനത്തിലെ ഉയർന്ന ഓപ്ഷനുകളിലേക്കു മാത്രം മാറാൻ താൽപര്യം. (ബിസിനസ് റൂൾസ് പേജ് 45, 46).

∙ ആദ്യ ചോയ്സ് കിട്ടിക്കഴിഞ്ഞാൽ പിന്നീട് ‌ഫ്ലോട്ടോ സ്ലൈഡോ ഇല്ല. അലോട്മെന്റിന് ഐഐടിക്ക് 5 റൗണ്ടും മറ്റെല്ലാറ്റിനും 6 റൗണ്ടുമുണ്ട്. അവസാന റൗണ്ടിൽ ‌ഫ്രീസ് മാത്രമേയുള്ളൂ. മറ്റു റൗണ്ടുകളിൽ ഫ്ലോട്ടിൽനിന്നു സ്ലൈഡിലേക്കോ ഫ്രീസിലേക്കോ  മാറാം. സ്ലൈഡിൽനിന്നു ഫ്രീസിലേക്കും മാറാം.
∙ ബിസിനസ് റൂൾസിന്റെ 87, 88 പേജുകളിൽ നിർദേശിച്ചിട്ടുള്ള രേഖകളിൽ നിങ്ങളെ സംബന്ധിച്ചു പ്രസക്തമായവ  പോർട്ടലിൽ അപ്‌ലോഡ് ചെയ്യുക.
∙ സീറ്റ് അക്സപ്റ്റൻസ് ഫീ 35,000 രൂപ ഓൺലൈനായി അടയ്ക്കുക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 17,500 രൂപ. ഫീസ് ഒരിക്കൽ മാത്രം അടച്ചാൽ മതി; തുടർറൗണ്ടുകളിൽ വേണ്ട. ഈ ഫീ അടച്ചെങ്കിലേ രേഖകൾ പരിശോധിക്കൂ. ഫീയിലെ 5000 രൂപ ജോസ പ്രോസസിങ് ചാർജാണ്. ബാക്കി പ്രവേശനസമയത്തു നൽകാനുള്ള ഫീസിൽ ഉൾപ്പെടുത്തും. 24ന് വൈകിട്ട് 5 മണിക്കകം ഫീസടക്കണം.
∙ അപ്‌ലോഡ് ചെയ്ത രേഖകൾ സംബന്ധിച്ചു പ്രവേശനാധികാരികൾ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ടോയെന്നു സൈറ്റിൽ ഇടയ്ക്കിടെ നോക്കുക. ഉണ്ടെങ്കിൽ, നിർദിഷ്ട സമയത്തിനുള്ളിൽ അവയ്ക്കു മറുപടി നൽകുക.
∙ ഓൺലൈൻ റിപ്പോർട്ടിങ്, ഫീസടയ്ക്കൽ, രേഖകളുടെ അപ്‌ലോഡ് എന്നിവ 25 വൈകിട്ട് 5ന് അകം പൂർത്തിയാക്കണം.

josaa-table

പ്രവേശനം പൂർത്തിയാകാൻ
∙ യോഗ്യതയും രേഖകളും എല്ലാം തൃപ്തികരമെങ്കിൽ സീറ്റ് ഉറപ്പാണെന്ന അറിയിപ്പു കിട്ടും. തുടർന്നു സൈറ്റിൽനിന്നു ‘പ്രൊവിഷനൽ സീറ്റ് അലോട്മെന്റ് െലറ്റർ’‍‍ ഡൗൺലോഡ് ചെയ്യാം. ഈ ഘട്ടത്തിൽ സീറ്റ് സ്വീകരിക്കുന്നതുകൊണ്ടു മാത്രം പ്രവേശനം അന്തിമമാകുന്നില്ല. അലോട്മെന്റ് കിട്ടിയ സ്ഥാപനത്തിലെത്തി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഫീസും അടച്ചുകഴിയുമ്പോഴേ പ്രവേശനം പൂർണമാകൂ.
∙താൽക്കാലിക അലോട്മെന്റ് പ്രകാരം സ്വീകരിച്ച സീറ്റിൽനിന്ന് ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ തുടർറൗണ്ടുകളിൽ അവസരമുണ്ട്. ഐഐടിയല്ലാത്ത സ്ഥാപനത്തിൽ (എൻഐടി പ്ലസ്) നിന്ന് ഐഐടിയിലേക്കോ തിരിച്ചോ മാറ്റം കിട്ടിയാൽ അതതു സ്ഥാപനങ്ങളുടെ വ്യവസ്ഥകൾ പ്രകാരം, രേഖകളെല്ലാം  ബോധ്യപ്പെടുത്തണം. ഇത്തരം മാറ്റങ്ങൾ വരുത്തുന്നവർ 2 തവണ ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടി വരും.
∙എൻഐടി പ്ലസ് താൽക്കാലിക അലോട്മെന്റ് കിട്ടിയ വിദ്യാർഥികൾ  അഞ്ചാം റൗണ്ടിനൊടുവിൽ പാർഷ്യൽ അഡ്മിഷൻ ഫീ 45,000 രൂപ അടയ്ക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 20,000 രൂപ. ഈ തുകയും പ്രവേശനസമയത്തു വകവച്ചു കിട്ടും. ഐഐടിയിൽ സീറ്റ് സ്വീകരിച്ചവർക്ക്  നാലാം റൗണ്ടിൽ, സീറ്റ് സ്വീകരിക്കാനുള്ള സമയം തീരുംവരെ (ജൂലൈ 16 വൈകിട്ട് 5 മണി)  പിന്മാറാം.  സീറ്റ് അക്സപ്റ്റൻസ് ഫീയിൽനിന്ന് 7000 രൂപ കുറച്ചു ബാക്കി തിരിച്ചുകിട്ടും.
∙‘എൻഐടി പ്ലസ്’ സ്ഥാപനങ്ങളിൽ ഇപ്പോൾ നേരിട്ടു ചെന്നു ചേരേണ്ട; ജോസ റൗണ്ടുകളെല്ലാം തീർന്നതിനു ശേഷമുള്ള സിഎസ്എബി സ്പെഷൽ റൗണ്ടുകളും പൂർത്തിയായിട്ടു മതി. (സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്–https://csab.nic.in).  ഫോൺ:  ഐഐടി: 044-22579220 മറ്റു സ്ഥാപനങ്ങൾ: 9606946338 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com