ബീയർ പതഞ്ഞു പൊങ്ങുമ്പോൾ ഇവരുടെ മുഖവും തിളങ്ങും; ഇവർക്കാണ് ഡിമാൻഡ്, ഉയർന്ന ശമ്പളവും
![Delicious Craft Beer Representative Image. Photo Credit : Mediaphoto / iStockPhoto.com](https://img-mm.manoramaonline.com/content/dam/mm/mo/education/career-guru/images/2024/9/13/beer-glass-cheers-mediaphotos-istock-photo-com.jpg?w=1120&h=583)
Mail This Article
സ്വാദിഷ്ടമായ വൈനുകൾ ഉണ്ടാക്കുന്നതു നമ്മിൽ പലർക്കും പരിചിതമാണ്. അതുപോലെ എളുപ്പവുമല്ല, നിയമപരമായി നിയന്ത്രിതവുമാണ് ബീയർ ഉണ്ടാക്കൽ. ആ പണിക്കു പ്രത്യേകം ആളുകളുണ്ട്. അവരാണു ബ്രൂമാസ്റ്റർമാർ. ബീയർ ഉണ്ടാക്കുന്ന ജോലിക്കാർക്കുള്ള പേരതാണ്. വൈൻ ഉണ്ടാക്കുന്നതു പോലെ അത്രയെളുപ്പമല്ല പല സ്വാദുകളിലുള്ള ബീയറുകൾ ഉണ്ടാക്കാൻ. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതു മുതൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതു വരെയുള്ള കാര്യങ്ങൾ ബ്രൂമാസ്റ്റർമാരാണു തീരുമാനിക്കുന്നത്. വിദേശരാജ്യങ്ങളിലെ വൻകിട ഹോട്ടലുകളിലും മറ്റും ബ്രൂമാസ്റ്റർമാർക്കു നല്ല ഡിമാൻഡാണ്; ഒപ്പം ഉയർന്ന ശമ്പളവും.
വേണം കൈപ്പുണ്യം
നിലവാരമുള്ള ബീയറുകൾ ഉണ്ടാക്കുക എന്നതാണു ബ്രൂമാസ്റ്റർമാരുടെ അടിസ്ഥാന ജോലി. ഉദ്ദേശിക്കുന്ന രീതിയിലുള്ള ബീയറുകൾ ഉണ്ടാക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കുക എന്നതാണു ബ്രൂമാസ്റ്ററുടെ ആദ്യ ജോലി. ഇതിനായി പല പരീക്ഷണങ്ങളും അവർ നടത്താറുണ്ട്. ഉദ്ദേശിക്കുന്ന നിറം, സ്വാദ്, ഘടന തുടങ്ങിയവ അസംസ്കൃത വസ്തുക്കളായ പഴങ്ങൾ ഉൾപ്പെടെയുള്ളവയെ ആശ്രയിച്ചിരിക്കും. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള റെസിപ്പി തയാറാക്കുകയാണ് അടുത്ത ഘട്ടം. അതനുസരിച്ചുള്ള കൂട്ടിക്കലർത്തലുകൾ നടത്തും. ആവശ്യത്തിനു സമയമെടുത്ത്, ക്ഷമയോടെ ചെയ്യേണ്ടതാണിത്. ഉദ്ദേശിച്ച രുചിയിൽ ബീയർ പതഞ്ഞുയരുമ്പോൾ ബ്രൂമാസ്റ്ററുടെ മുഖവും ഉദിച്ചുയരും.
![brew-master-hiraman-istock-photo-com brew-master-hiraman-istock-photo-com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
തന്ത്രവും രസതന്ത്രവും
അത്രയെളുപ്പമല്ല ബ്രൂമാസ്റ്ററുടെ ജോലി. പരീക്ഷണങ്ങളുമായി ദീർഘനേരം ബ്രൂവറിയിൽ ചെലവഴിക്കേണ്ടി വരും. കൃത്യമായ ഇടവേളകളിൽ പുതിയ രുചികൾ കണ്ടെക്കുകയും സൃഷ്ടിക്കുകയും ചെയ്യേണ്ടി വരും. കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ പഠിച്ചവർക്കു ബ്രൂമാസ്റ്ററായി തിളങ്ങാനായേക്കും. പ്രത്യേകിച്ചു യോഗ്യതയൊന്നുമില്ലെങ്കിലും കെമിസ്ട്രിയുടെ ബാലപാഠങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ബ്രൂവിങ് ടെക്നോളജി എന്ന പേരിൽ ചില രാജ്യങ്ങളിൽ കോഴ്സുകളുമുണ്ട്.