ദിവസം 24 മണിക്കൂർ ഒന്നിനും തികയുന്നില്ലെന്നാണോ പരാതി; ശീലിക്കാം 3 കാര്യങ്ങൾ
![ai-generated-image-time-management-article-one Photo Credit: Representative image credited using AI Image Generator](https://img-mm.manoramaonline.com/content/dam/mm/mo/education/career-guru/images/2024/11/20/ai-generated-image-time-management-article-one.jpg?w=1120&h=583)
Mail This Article
സമയത്തിന് പക്ഷഭേദങ്ങളില്ല. ശതകോടികള്‍ കൊയ്യുന്ന കമ്പനി സിഇഒയ്ക്കും പണിക്കൊന്നും പോകാതെ ഉറങ്ങിയുറങ്ങി ദിവസങ്ങള്‍ തള്ളി നീക്കുന്ന മടിയച്ചാര്‍ക്കുമെല്ലാം ഒരു ദിവസമുള്ളതു 24 മണിക്കൂറാണ്. ഈ മണിക്കൂറുകള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണു മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. ചിലര്‍ക്കു തങ്ങളുടെ തൊഴില്‍ ദിനങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചു ജോലികളെല്ലാം നേരത്തെ തീര്‍ക്കാന്‍ പറ്റുന്നു. മറ്റു ചിലര്‍ക്കു ജോലി തീര്‍ക്കാന്‍ അവസാന നിമിഷം മൂക്കു കൊണ്ടു 'ക്ഷ' വരയ്ക്കേണ്ടി വരുന്നു. ഇവിടെ വ്യത്യാസം സമയം ചെലവഴിക്കുന്ന രീതിയില്‍ മാത്രമാണ്. നിങ്ങളുടെ സമയം ബുദ്ധിപരമായി ചെലവഴിച്ചു ജോലികളെല്ലാം കൃത്യസമയത്തു തീര്‍ക്കുന്നത് എങ്ങനെയാണ്?തങ്ങളുടെ തൊഴില്‍ ദിനങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച വിജയികളായ വ്യക്തികള്‍ അതെങ്ങനെ സാധ്യമാക്കി എന്നു പരിശോധിക്കാം.
ശീലം
എല്ലാ ദിവസവും സ്വയം പ്രചോദിതരായി എന്തെങ്കിലും കാര്യം ചെയ്യാമെന്നതു നടപ്പുള്ള സംഗതിയല്ല. പ്രചോദനം അങ്ങനെ എല്ലായ്പ്പോഴും ഉണ്ടാകുന്ന കാര്യവുമല്ല. അതു കൊണ്ടു അച്ചടക്കത്തോടെ സമയം കൈകാര്യം ചെയ്യാനുള്ള ശീലങ്ങള്‍ മനപൂര്‍വം വളര്‍ത്തിയെടുക്കേണ്ടതാണ്. ഉദാഹരണത്തിന് എല്ലാ ദിവസവും പുലര്‍ച്ചെ 4.30നു എഴുന്നേറ്റു വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയുടെ കാര്യമെടുക്കാം. വണ്ണം കുറയ്ക്കണമെന്നോ കൊളസ്ട്രോള്‍ പരിധിക്കു താഴെ കൊണ്ടു വരണമെന്നോ ഒക്കെയുള്ള പ്രചോദനത്തിന്റെ പേരില്‍ ആദ്യം കുറച്ചു ദിവസങ്ങള്‍ എഴുന്നേറ്റു എന്നു വരാം. പക്ഷേ, പ്രചോദനം കൊണ്ടു മാത്രം അയാള്‍ക്ക് അത് തുടര്‍ന്നു കൊണ്ടു പോകാന്‍ സാധിക്കില്ല. എന്നാല്‍ അതൊരു ശീലമായി വികസിപ്പിച്ചെടുത്താല്‍ പുലര്‍ച്ചെ എണീറ്റു വ്യായാമം ചെയ്യുന്നതു ബുദ്ധിമുട്ടുള്ള കാര്യമായി തോന്നില്ല. എല്ലാ ദിവസവും ചെയ്യാന്‍ സാധിക്കുന്ന ഒരു ശീലം നാം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.
![ai-generated-image-time-management-article-two ai-generated-image-time-management-article-two](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
ഊര്‍ജ്ജ നില
എല്ലാവര്ക്കും എപ്പോഴും ഒരേ ഊര്‍ജ്ജ നിലയായിരിക്കില്ല. എഴുത്തുകാരന് ബെഞ്ചമിന്‍ ഫ്രാങ്ക്ളിന് പുലര്‍ച്ചെ 5 മണിക്ക് എഴുന്നേറ്റു കഴിഞ്ഞാല്‍ താന്‍ ഏറ്റവും വിലമതിക്കുന്ന കാര്യങ്ങള്‍ ആദ്യം ചെയ്യുമായിരുന്നു. വൈകുന്നേരങ്ങള്‍ അന്നേ ദിവസം ചെയ്ത കാര്യങ്ങള്‍ വിശകലനം ചെയ്യാനും ഉപയോഗിക്കും. അവരവരുടെ ഊര്‍ജ്ജ നില മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തികള്‍ ആസൂത്രണം ചെയ്യണം.
വിഷയം
ഒരു പ്രത്യേക വിഷയത്തിലുള്ള കാര്യങ്ങള്‍ക്കു വേണ്ടി പ്രത്യേക ദിവസം ഒഴിച്ചിടുന്നതും ഫലപ്രദമായി സമയം വിനിയോഗിക്കാന്‍ സഹായിക്കും. ഉദാഹരണത്തിനു പ്ലാനിങ്ങിനായി ഒരു ദിനം, കസ്റ്റമര്‍ റിസര്‍ച്ചിനായി മറ്റൊരു ദിവസം, മാര്‍ക്കറ്റിങ്ങിനായി ഒരു ദിവസം എന്നിങ്ങനെ ഒരാഴ്ചയിലെ വിവിധ ജോലികള്‍ക്ക് ഒരു പ്രത്യേക ദിനം ഒഴിച്ചിടുന്നത് ആ ജോലികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കും.