ADVERTISEMENT

കൂടുതൽ സമയം ജോലി, ശമ്പളമില്ലാജോലി ! രണ്ടിനെയും മഹത്വവത്‍കരിക്കുന്ന പ്രതികരണങ്ങൾ നാം തുടർച്ചയായി കേൾക്കുന്നു. ആദ്യം കേൾക്കുമ്പോൾ, ‘ആഹാ ഗംഭീരം’ എന്നു തോന്നാം. എന്നാൽ യാഥാർഥ്യവുമായി ചേർന്നുപോകാത്ത ആശയങ്ങളാണിവയെന്നു പിന്നീട് ബോധ്യമാകും.

∙ ഇന്ത്യയിലെ ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ വാക്കുകൾ കഴിഞ്ഞവർഷമേ ചർച്ചയായിരുന്നു. രണ്ടാഴ്ച മുൻപും അദ്ദേഹം അതേ കാഴ്ചപ്പാട് ആവർത്തിച്ചു. വർക്–ലൈഫ് ബാലൻസിൽ വിശ്വസിക്കുന്നില്ലെന്നും തുറന്നടിച്ചു.

∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതുതായി രൂപീകരിക്കുന്ന സർക്കാർ കാര്യക്ഷമതാവകുപ്പിന്റെ (DOGE) മേധാവികളായി ഇലോൺ മസ്കിനെയും മലയാളി വേരുകളുള്ള വിവേക് രാമസ്വാമിയെയും നിയോഗിച്ചത് ഇക്കഴിഞ്ഞ മാസമാണ്. ഡോജിലേക്ക്, ശമ്പളമില്ലാതെ ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യാൻ കഴിയുന്ന ‘സൂപ്പർ ഐക്യു’ ടാലന്റുകളെയാണ് വേണ്ടതെന്നാണ് പരസ്യം ചെയ്തത്. ശതകോടീശ്വരന്മാരായ മസ്കും വിവേകും ‘ഡോജി’ൽനിന്നു ശമ്പളം സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചു!

TWITTER-M&A/MUSK
Elon Musk. CEO, Tesla. Photo Credit : Aly Song / Reuters

∙ ഫുഡ് ഡെലിവറി ആപ്പായ ‘സൊമാറ്റോ’ ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ പറഞ്ഞതിങ്ങനെ– ആദ്യത്തെ ഒരു വർഷം ശമ്പളമുണ്ടാകില്ല. പകരം ജോലി ലഭിക്കുന്നയാൾ 20 ലക്ഷം രൂപ കമ്പനിക്കു നൽകണമെന്ന വിചിത്രമായ വ്യവസ്ഥയും വച്ചു. മാനേജ്മെന്റ് സ്കൂളിൽ പഠിക്കുന്നതിനെക്കാൾ പത്തു മടങ്ങ് അറിവും അനുഭവവും ഈ ജോലിയിൽ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 

ഇന്ത്യക്കാർ ഇത്രയൊന്നും ജോലി ചെയ്താൽ പോരാ...

∙ അത്ര കുറവാണോ നമ്മുടെ ജോലിസമയം?
രാജ്യാന്തര തൊഴിൽ സംഘടനയുടെ (ഐഎൽഒ) കണക്കുപ്രകാരം യുഎസ്, ചൈന അടക്കമുള്ള രാജ്യങ്ങളെക്കാൾ കൂടുതൽ സമയം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. 2023 ഏപ്രിലിലെ റിപ്പോർട്ട് അനുസരിച്ച് ആഴ്ചയിൽ ശരാശരി 47.7 മണിക്കൂറാണ് ഇന്ത്യക്കാർ ജോലി ചെയ്യുന്നത്. യുഎസ് (36.4), ചൈന (46.1), ജപ്പാൻ (36.6), ജർമനി (34.3) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്ക്. കഠിനാധ്വാനം ചെയ്യുന്നവരുടെ പട്ടികയിൽ ആറാമതാണ് ഇന്ത്യ. കഴിഞ്ഞവർഷം മികച്ച ടെക് കമ്പനികളായി ഫോബ്സ് മാസിക തിരഞ്ഞെടുത്ത ചില കമ്പനികളിലെ പ്രതിവാര പ്രവൃത്തിസമയംകൂടി കാണുക. സാംസങ് ഇലക്ട്രോണിക്സ്: 45 മണിക്കൂർ, മൈക്രോസോഫ്റ്റ്: 40 മണിക്കൂർ, ആൽഫബെറ്റ് (ഗൂഗിൾ): 40 മണിക്കൂർ (പ്രതിദിനം 8 മണിക്കൂർ), ആപ്പിൾ: 40 മണിക്കൂർ, ഐബിഎം: ഒരു ദിവസം 8 മണിക്കൂർ, അഡോബി: 40 മണിക്കൂർ, ആമസോൺ: 40 മണിക്കൂർ. ഒരിടത്തുപോലും സമയം 50 മണിക്കൂർ പോലും കടന്നില്ല !

∙ അന്നയുടെ കേസിൽ സർക്കാർ പറഞ്ഞത്
സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം എത്ര മണിക്കൂർ എന്ന ചോദ്യത്തിനുള്ള മറുപടി അതതു സംസ്ഥാനങ്ങളിലെ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് നിയമമനുസരിച്ചാണെന്നു കേന്ദ്രസർക്കാർ കഴിഞ്ഞദിവസം  ലോക്സഭയിൽ പറഞ്ഞിരുന്നു. പുണെയിൽ ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) ജീവനക്കാരി അന്ന െസബാസ്റ്റ്യൻ അമിത ജോലിഭാരം മൂലം മരിക്കാനിടയായ സംഭവത്തിലായിരുന്നു പ്രതികരണം.

വൻകിട കൺസൽറ്റൻസി കമ്പനികളടക്കമുള്ള ബഹുരാഷ്ട്ര കമ്പനികൾക്കും ഈ നിയമം ബാധകമാണ്. കേരളത്തിലെ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് നിയമം അനുസരിച്ച് ഒരു ദിവസം 8 മണിക്കൂറിൽ കൂടുതൽ ജോലി പാടില്ല. ഒരാഴ്ച പരമാവധി 48 മണിക്കൂർ. ഒരു ദിവസത്തെ ജോലി ഓവർടൈം ഡ്യൂട്ടി അടക്കം 10 മണിക്കൂറിൽ കൂടാൻ പാടില്ല. 8 മണിക്കൂറിലേറെ ജോലി ചെയ്യുന്നുണ്ടെങ്കിൽ ഓവർടൈം വേതനത്തിനു ജീവനക്കാർ അർഹരാണ്. നിയമത്തിൽ പറഞ്ഞിരിക്കുന്ന 48 മണിക്കൂറും നാരായണമൂർത്തി പറഞ്ഞ 70 മണിക്കൂറും മസ്ക് പറഞ്ഞ 80 മണിക്കൂറും തമ്മിലെ അന്തരം നോക്കൂ.

നാരായണമൂർത്തിയുടെ ടാർഗറ്റ് പൂർത്തിയാക്കാൻ ആഴ്ചയിൽ 5 പ്രവൃത്തിദിവസമുള്ള വ്യക്തി ദിവസം 14 മണിക്കൂർ ജോലി ചെയ്യണം. അതായത് രാവിലെ 9നു ജോലി തുടങ്ങിയാൽ രാത്രി 11 വരെ. ആറു പ്രവൃത്തിദിവസമെങ്കിൽ പ്രതിദിനം ചെയ്യേണ്ടത് 11.6 മണിക്കൂർ ജോലി. രാവിലെ 9നു കയറിയാൽ രാത്രി എട്ടേമുക്കാലോടെ മാത്രമേ ഇറങ്ങാനാകൂ. രാവിലെ 6.20 മുതൽ രാത്രി 8.30 വരെയാണ് താൻ ഓഫിസിൽ ജോലി ചെയ്തിരുന്നതെന്നാണ് നാരായണമൂർത്തി കഴിഞ്ഞദിവസം പറഞ്ഞത്.

ai-generate-image-office-it-woman-deadline-confused-job-professional
Representative Image. Photo Credit : Image created using AI Image Generator

∙ സ്മാർട്ടാണോ വർക്ക്?
നാരായണമൂർത്തിയുടെ കാലത്തെ 14 മണിക്കൂർ ജോലി ഇന്ന് ഒരാളെക്കൊണ്ട് 8 മണിക്കൂർ കൊണ്ടു ചെയ്യാൻ കഴിഞ്ഞേക്കും. സാങ്കേതികവിദ്യ ഇത്രയേറെ പുരോഗമിച്ച കാലത്ത് ഉൽപാദനക്ഷമത കണക്കാക്കാൻ സമയം ഒരു അളവുകോലല്ല. എത്രസമയം ജോലി ചെയ്യുന്നു എന്നതിനെക്കാൾ എത്രത്തോളം സ്മാർട് ആയി ജോലി ചെയ്യുന്നു എന്നതിലാണു കാര്യം. പ്രോഗ്രാമിങ്ങിനടക്കം എഐ ടൂളുകൾ സഹായത്തിനെത്തുന്ന കാലത്ത് ‘ചക്രം വീണ്ടും കണ്ടുപിടിക്കേണ്ട’ കാര്യമില്ലല്ലോ. ഇന്ത്യയിൽ നടക്കുന്ന കംപ്യൂട്ടർ പ്രോഗ്രാം കോഡിങ്ങിന്റെ 13 ശതമാനവും ചാറ്റ്ജിപിടി പോലെയുള്ള ജനറേറ്റീവ് എഐ ടൂളുകൾ ചെയ്യുന്നുവെന്നാണ് ‘കേപ്ജമിനി’യുടെ കഴിഞ്ഞവർഷത്തെ റിപ്പോർട്ട് പറയുന്നത്.

English Summary:

This article examines the contentious issue of work hours in India, contrasting Narayana Murthy's advocacy for a 70-hour work week with global averages, labor laws, and the evolving role of technology in productivity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com