ഡോക്ടർ എൻബി, ഡിഎൻബി എന്നിവ ഒന്നാണോ? ഈ മെഡിക്കൽ യോഗ്യതകൾക്ക് അംഗീകാരമുണ്ടോ?

Mail This Article
മോഡേൺ മെഡിസിനിലെ വിവിധതലങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളുടേതിനെക്കാൾ തീരെക്കുറവാണ് ലഭ്യമായ സീറ്റുകൾ. ഇത് ഒരു പരിധിവരെ പരിഹരിക്കാനുളള സംവിധാനമാണ് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന NBEMS ഏർപ്പെടുത്തിയിട്ടുള്ള പഠനപരിശീലന സൗകര്യങ്ങൾ. – ‘നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ്’: www.natboard.edu.in. 12 കഴിഞ്ഞ് നീറ്റ് എഴുതി എംബിബിഎസ്, നീറ്റ്–പിജി എഴുതി മെഡിക്കൽ പിജി (എംഡി/എംഎസ്), നീറ്റ്–എസ്എസ് എഴുതി കാർഡിയോളജി, ന്യൂറോസർജറി, നെഫ്രോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യൽറ്റി പ്രോഗ്രാമുകൾ എന്നിവയെപ്പറ്റി മിക്കവർക്കും ധാരണയുണ്ട്. സമാനയോഗ്യതകൾ നേടാൻ ഉപകരിക്കുന്ന നാഷനൽ ബോർഡ് പ്രോഗ്രാമുകൾക്ക് റഗുലർ പ്രോഗ്രാമുകളുമായുള്ള തുല്യത ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ട്.നാഷനൽ ബോർഡിന്റെ അക്രഡിറ്റേഷനുള്ള മെഡിക്കൽ കോളജുകളും പ്രമുഖ ആശുപത്രികളും ബോർഡിന്റെ പ്രോഗ്രാമുകൾ നടത്തിവരുന്നു. കേരളത്തിൽ നൂറോളം സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷനുണ്ട്. ദേശീയതലത്തിൽ സംസ്ഥാനവും സ്ഥാപനവും പ്രോഗ്രാമും തിരിച്ച് സീറ്റുകളുടെ കണക്ക് https://accr.natboard.edu.in എന്ന സൈറ്റിലെ NBEMS Accredited Seats ലിങ്കിൽനിന്ന് അറിയാം. വിവിധ പ്രോഗ്രാമുകളിലായി ഇന്ത്യയിൽ 15,000ൽപരം സീറ്റുണ്ട്.
1.ഡിഎൻബി ബ്രോഡ് സ്പെഷ്യൽറ്റി
എംബിബിഎസ് കഴിഞ്ഞ് നീറ്റ്–പിജിയിൽ സ്കോർ നേടി, 3 വർഷത്തെ പഠനം. 29 ശാഖകളിൽ പഠനസൗകര്യം. 2–വർഷ പിജി ഡിപ്ലോമ ജയിച്ചവർക്ക് നാഷനൽ ബോർഡ് നടത്തുന്ന DNB-PDCET എന്ന എൻട്രൻസ് പരീക്ഷയിൽ സ്കോർ നേടിയാൽ, അതേ സ്പെഷ്യൽറ്റിയിൽ 2 വർഷത്തെ പഠനം മതി. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (https://mcc.nic.in) നീറ്റ്–പിജി കൗൺസലിങ് പൂർത്തിയാക്കിക്കഴിഞ്ഞാണ് എല്ലാ വർഷവും നാഷനൽ ബോർഡ് ഡിഎൻബി കൗൺസലിങ് നടത്തുക. സിലക്‌ഷൻ കിട്ടിയ എംബിബിഎസുകാരും പിജി ഡിപ്ലോമക്കാരും നാഷനൽ ബോർഡിൽ യഥാക്രമം 3 / 2 വർഷത്തെ ഡിഎൻബി ട്രെയ്നിങ്ങിന് റജിസ്റ്റർ ചെയ്യണം. യോഗ്യതയുണ്ടെന്ന് ഉറപ്പാക്കിയശേഷം താൽക്കാലിക റജിസ്ട്രേഷൻ നൽകിയതായി വിദ്യാർഥിയെയും പരിശീലനം ഏർപ്പെടുത്തുന്ന സ്ഥാപനത്തെയും അറിയിക്കും. പരിശീലനകാലത്ത് തീസിസ് എഴുതി അംഗീകാരം വാങ്ങണം. ട്രെയിനിങ്ങിനു യഥാക്രമം 36 / 24 മാസംവരെ നിർദിഷ്ട തോതിൽ സ്റ്റൈപെൻഡ് കിട്ടും. മൂന്നുവർഷ ട്രെയിനിങ്ങിന്റെ രണ്ടാം വർഷത്തിലും രണ്ടു വർഷ ട്രെയിനിങ്ങിന്റെ ഒന്നാം വർഷത്തിലും കേന്ദ്രീകൃത ഫോർമേറ്റിവ് അസസ്മെന്റ് ടെസ്റ്റ് (FAT) നടത്തും. ഡിഎൻബി യോഗ്യത നേടുന്നതിനു ഫൈനൽ പരീക്ഷയെഴുതേണ്ടതുണ്ട്. നാഷനൽ ബോർഡ് വർഷംതോറും ജൂണിലും ഡിസംബറിലും നടത്തുന്ന ഈ പരീക്ഷയിൽ തിയറിയും പ്രാക്റ്റിക്കലും ഉണ്ട്. ഇവ രണ്ടിലും ജയിച്ച്, തീസിസും അംഗീകരിച്ചു കിട്ടിയവർക്ക് ഡിഎൻബി ബിരുദം നൽകും.
2. ഡോക്ടർ എൻബി
NBEMS അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിൽ നടത്തുന്ന ഡോക്ടറൽ–തല സൂപ്പർ സ്പെഷ്യൽറ്റി ഡോ.എൻബി (DrNB) പ്രോഗ്രാമുകൾ. 27 വിഷയങ്ങളിൽ പഠനസൗകര്യമുണ്ട്. എംഡി, എംഎസ്, ഡിഎൻബി യോഗ്യതയുള്ളവർ 3 വർഷം പഠിക്കണം. കാർഡിയോ–വാസ്ക്യുലർ & തൊറാസിക് / ന്യൂറോ / പീഡിയാട്രിക് / പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി എന്നീ 4 വിഷയങ്ങളിൽ എംബിബിഎസ് കഴിഞ്ഞ് നേരിട്ടു ചേരാവുന്ന ആറു വർഷ ഡോ.എൻബി പ്രോഗ്രാമുകളുമുണ്ട്. എംഡി, എംഎസ്, ഡിഎൻബി യോഗ്യതയുള്ളവർ നീറ്റ്–എസ്എസിലും എംബിബിഎസുകാർ നീറ്റ്–പിജിയിലും സ്കോർ നേടിയിരിക്കണം. ഈ രണ്ടു നീറ്റും വർഷംതോറും നടത്തുന്നത് നാഷനൽ ബോർഡുതന്നെയാണ്. പക്ഷേ മൂന്നുവർഷ ഡോ.എൻബി പ്രവേശന കൗൺസലിങ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണു നടത്തുക. ഡിഎം, എംസിഎച്ച് കൗൺസലിങ്ങിനോടൊപ്പം ഇതും നടത്തും. നീറ്റ്–പിജി മെറിറ്റ്–ലിസ്റ്റുപയോഗിച്ച് നാഷനൽ ബോർഡാണ് ആറുവർഷ പ്രോഗ്രാമിലേക്കുള്ള സിലക്‌ഷൻ നടത്തുന്നത്. സിലക്‌ഷൻ കിട്ടിയവർ 3 / 6 വർഷത്തെ ഡോ.എൻബി ട്രെയിനിങ്ങിനു റജിസ്റ്റർ ചെയ്യണം. ഫൈനൽ പരീക്ഷയെഴുതാനുള്ള അർഹതയ്ക്ക് തൃപ്തികരമായ തീസിസും ആവശ്യമാണ്. ഗവേഷണ തീസിസും ഫൈനൽ പരീക്ഷയും തൃപ്തികരമായി പൂർത്തിയാക്കുന്നവർക്ക് ഡോ.എൻബി ബിരുദം നൽകും. സ്റ്റൈപൻഡ് യഥാക്രമം 36 / 72 മാസം ലഭിക്കും.
വേറെയും അക്കാദമിക ട്രെയ്നിങ്
എ) ഫെലോഷിപ് : മെഡിക്കൽ പ്രഫഷനിലെ നൈപുണ്യവികസനത്തിനുള്ള രണ്ടുവർഷ പ്രോഗ്രാം അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിൽ നടത്തും. 18 വിഷയങ്ങളിൽ പരിശീലനമുണ്ട്. സ്റ്റൈപൻഡ് ലഭിക്കും. എംഡി, എംഎസ്, ഡിഎം, എംസിഎച്ച്, ഡിഎൻബി, ഡോ.എൻബി എന്നിവയിൽ ഏതെങ്കിലുമൊരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പക്ഷേ ഡോക്ടറൽ, പോസ്റ്റ്–ഡോക്ടറൽ എന്നു രണ്ടു തലങ്ങളിലാണു ഫെലോഷിപ് യോഗ്യത നൽകുക. യഥാക്രമം FNB, FNB-PD എന്നിങ്ങനെ. നാഷനൽ ബോർഡ് നടത്തുന്ന ഫെലോഷിപ് എൻട്രൻസ് ടെസ്റ്റ് വഴിയാണു പ്രവേശനം. വിശദാംശങ്ങൾക്ക് സൈറ്റിലെ എഫ്എൻബി മാനുവൽ നോക്കാം.

ബി) എൻബിഇഎംഎസ് ഡിപ്ലോമ : അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിൽ നടത്തുന്ന പോസ്റ്റ്–എംബിബിഎസ് രണ്ടുവർഷ പ്രോഗ്രാം. 8 വിഷയങ്ങളിൽ പഠനസൗകര്യമുണ്ട് – (അനസ്തീസിയോളജി, ഇഎൻടി, ഫാമിലി മെഡിസിൻ, ഗൈനക്കോളജി, ഒഫ്താൽമോളജി, പീഡിയാട്രിക്സ്, റേഡിയോ ഡയഗ്നോസിസ്, ടിബി ആൻഡ് ചെസ്റ്റ് ഡിസീസസ്). എംബിബിഎസ് കഴിഞ്ഞവർക്ക് നീറ്റ്–പിജി സ്കോറു നോക്കിയുള്ള എംഡി, എംഎസ്, പിജി ഡിപ്ലോമ പ്രവേശന കൗൺസലിങ് പൂർത്തിയാക്കിയ ശേഷം, അതേ റാങ്ക്–ലിസ്റ്റ് അടിസ്ഥാനമാക്കി ഈ ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിനുള്ള കൗൺസലിങ് നടത്തും. വിശദാംശങ്ങൾക്കു വെബ് natboard.edu.in/diploma.