ADVERTISEMENT

Two roads diverged in a wood, and 
I took the one less traveled by,
And that has made all the difference.
- Robert Frost
ഇംഗ്ലിഷ് ക്ലാസിൽ പഠിച്ച റോബർട്ട് ഫ്രോസ്റ്റിന്റെ ‘റോഡ് നോട്ട് ടേക്കൺ’ കവിതയിലെ ഈ അവസാന വരികൾ ബി.സായികൃഷ്ണ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചുനോക്കി. ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിയും പിജിയും നേടിയ ആൾ അങ്ങനെയാണ് ഐഐഎം ക്യാറ്റ് എഴുതിയത്. ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ളയാൾ എൻജിനീയറിങ്, കൊമേഴ്സ്, സയ‍ൻസ് പശ്ചാത്തലമുള്ള വിദ്യാർഥികളോടു മത്സരിച്ച് ബാംഗ്ലൂർ ഐഐഎമ്മിലെ മാനേജ്മെന്റ് പ്രോഗ്രാമിൽ പ്രവേശനവും നേടി.

വർക് ഫ്രം ഹോം മടുത്തപ്പോൾ...
തിരുവനന്തപുരം പേട്ട സ്വദേശിയായ സായികൃഷ്ണ ഇംഗ്ലിഷ് സാഹിത്യത്തിൽ പിജി നേടിയത് ഭാഷപ്രേമികളുടെ ഇഷ്ട ഇടമായ ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വിജസ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) നിന്നാണ്. പ്രശസ്ത ഇന്ത്യൻ – അമേരിക്കൻ കമ്പനിയിൽ ജോലിയും ലഭിച്ചു. എന്നാൽ വർക്ക് ഫ്രം ഹോം രീതി പെട്ടെന്നു മടുത്തു. മറ്റു വഴികൾ ആലോചിച്ചപ്പോൾ പിഎച്ച്ഡിയും ഡബിൾ മാസ്റ്റേഴ്സുമാണ് ആദ്യം മനസ്സിൽ തെളിഞ്ഞത്. എന്നാൽ സഹപ്രവർത്തകരും ഐഐഎമ്മിൽ എംബിഎ പഠിക്കുന്ന സുഹൃത്തുമാണ് സായികൃഷ്ണയ്ക്ക് എംബിഎ എന്ന സാധ്യത നിർദേശിച്ചത്.

ജോലിക്കൊപ്പം തന്നെ ഐഐഎം പ്രവേശനപരീക്ഷയായ ‘ക്യാറ്റി’നുള്ള ഓൺലൈൻ പരിശീലനവും തുടങ്ങി. അവധി ദിവസങ്ങളിൽ മുഴുവൻ സമയവും തയാറെടുപ്പിനു മാറ്റിവച്ചു. ഒരുകാര്യം മനസ്സിൽ ഉറപ്പിച്ചിരുന്നു. ഒറ്റത്തവണയേ പരീക്ഷ എഴുതൂ. കിട്ടിയാൽ കിട്ടി. ഇല്ലെങ്കിൽ ഇപ്പോഴത്തെ ട്രാക്കിൽ തുടരും.

മോക് ടെസ്റ്റ് മുഖ്യം ബിഗിലേ
ഇംഗ്ലിഷിനു പ്രാധാന്യമുള്ള Verbal Ability and Reading Comprehension (VARC), Data Interpretation and Logical Reasoning (DILR), കണക്കിനു പ്രാധാന്യമുള്ള Quantitative Ability (QA) എന്നീ 3 ഭാഗങ്ങളാണ് ‘ക്യാറ്റി’ലുള്ളത്. ഇഫ്ലു പ്രവേശനപരീക്ഷയുടെ മാതൃകയിലാണ് വെർബൽ എബിലിറ്റി ഭാഗത്തെ ചോദ്യങ്ങൾ. ഇംഗ്ലിഷ് സാഹിത്യം പഠിച്ചതുകൊണ്ട് കാര്യങ്ങൾ ഡബിൾ ഈസി. ഡേറ്റ ഇന്റർപ്രറ്റേഷൻ ഭാഗത്തെ പസിൽ പോലുള്ള ചോദ്യങ്ങളും ഇഷ്ടമായിരുന്നു. എന്നാൽ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി ഭാഗം ഒട്ടും വഴങ്ങിയില്ല. അതുകൊണ്ട് മറ്റു രണ്ടു ഭാഗങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ പഠിച്ചു. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി ഭാഗത്ത് കട്ട്ഓഫ് മാർക്ക് ഉറപ്പാക്കാനുള്ള തയാറെടുപ്പുകൾ മാത്രമാണു നടത്തിയത്. എന്നാൽ പ്ലസ്ടുവിന് കണക്ക് പഠിച്ചിരുന്നത് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റിയിലും അടിസ്ഥാന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായകമായി. ഇതിനിടെ ജോലി രാജിവച്ച് മുഴുവൻ സമയവും പഠനത്തിനായി മാറ്റിവച്ചു.

പിന്നീടങ്ങോട്ടു മോക് ടെസ്റ്റുകളുടെ കാലമായിരുന്നു. സംശയമുള്ള ചോദ്യങ്ങൾക്കും അറിയാത്ത ചോദ്യങ്ങൾക്കും കറക്കിക്കുത്തി ഉത്തരം നൽകി നോക്കി. എല്ലായ്പ്പോഴും തെറ്റി. സംശയമുള്ള ചോദ്യങ്ങൾ ഒഴിവാക്കി, അറിയാവുന്നവയ്ക്കു മാത്രം ഉത്തരം നൽകുകയെന്ന തീരുമാനത്തിലെത്തി. ‘ക്യാറ്റി’ലെ 66 ചോദ്യങ്ങളിൽ അറിയാവുന്ന 34 ചോദ്യങ്ങൾക്കുമാത്രം ഉത്തരം നൽകി. ഒരു നെഗറ്റീവ് മാർക്ക് പോലും ലഭിക്കാതെ പരീക്ഷ പാസായി.

ആരോടു ചോദിക്കാൻ, ആരോടു പറയാൻ?
അടുത്ത കടമ്പ ഓരോ ഐഐഎമ്മും വെവ്വേറെ നടത്തുന്ന ഗ്രൂപ്പ് ഡിസ്കഷനും പഴ്‌സനൽ ഇന്റർവ്യൂവുമാണ്. ഇതിനുള്ള പരിശീലനത്തിനു ഡൽഹിയിലെ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. എന്നാൽ ഇംഗ്ലിഷ് സാഹിത്യം പഠിച്ച ആരും അവിടെയില്ലായിരുന്നു. അതുകൊണ്ട് ഇന്റർവ്യൂവിൽ ഏതുതരം ചോദ്യങ്ങൾ വരുമെന്നോ ആരോടു സംശയം ചോദിക്കുമെന്നോ അറിയാത്ത സ്ഥിതി. ഇവിടെയും മോക് ഇന്റർവ്യൂകൾ തുണയായി. സ്വയം പരിചയപ്പെടുത്തൽ, എന്തുകൊണ്ട് എംബിഎ, സാഹിത്യത്തിൽനിന്നു മാറാനുള്ള കാരണം, ഹ്രസ്വകാല – ദീർഘകാല ലക്ഷ്യങ്ങൾ എന്നീ ചോദ്യങ്ങൾക്ക് നല്ല രീതിയിൽ ഉത്തരം നൽകാൻ സഹായകരമായത് മോക് ഇന്റർവ്യൂകളാണ്. ഇംഗ്ലിഷ്, മലയാള സാഹിത്യത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. സമകാലിക സംഭവങ്ങൾ, ബിസിനസ്, സാമ്പത്തിക മേഖലകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പത്രവായന സഹായിച്ചു. ശരീരഭാഷ കൂടുതൽ ശ്രദ്ധിക്കാനും മോക് ഇന്റർവ്യൂകൾ സഹായിച്ചു. 2023ൽ കാറ്റ് പാസായ സായികൃഷ്ണ 2024 ജൂൺ മുതൽ ബാംഗ്ലൂർ ഐഐഎമ്മിൽ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (പിജിപി) വിദ്യാർഥിയാണ്.

ഓർത്തുവച്ചോളൂ ഈ ടിപ്...
ഇന്റർവ്യൂവിനു മുൻപ് എല്ലാ ഐഐഎമ്മുകളും പല വിഷയങ്ങൾ നൽകി കുറിപ്പു തയാറാക്കാൻ ആവശ്യപ്പെടും. ഇതിൽ സത്യസന്ധതയോടെ മാത്രം ഉത്തരം നൽകുക എന്നതാണു സായികൃഷ്ണയുടെ വിദഗ്ധ നിർദേശം.

English Summary:

IIM Bangalore admission is the ultimate goal of many aspirants. This article details the journey of Saikrishan, an English Literature graduate, who overcame challenges to achieve his MBA dream at IIM Bangalore after clearing the challenging CAT exam.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com