ഇടയ്‌ക്കൊക്കെ ഒന്നും ചെയ്യാതെയും ഇരിക്കൂ; 2025ല്‍ കരിയര്‍ മെച്ചപ്പെടും
Mail This Article
നിന്നു തിരിയാന്‍ സമയമില്ലാത്തവിധം തിരക്കുള്ള ജോലിസമയമാണ് പലരെയും സംബന്ധിച്ചിടത്തോളം ഉൽപാദനക്ഷമമായ ജോലി. എന്നാല്‍, ഈ ഓട്ടപ്പാച്ചിലിന്റെ ഇടയില്‍ ഇടയ്‌ക്കൊക്കെ ഒന്നും ചെയ്യാതെയും ഇരിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനു മാത്രമല്ല കരിയറിനും പുതുവര്‍ഷത്തില്‍ ഗുണം ചെയ്യും. ബ്രേക്ക് വിട്ട് ഓടിപ്പോകുന്ന ശരീരത്തെ ഇടയ്‌ക്കൊന്നു പിടിച്ചു നിര്‍ത്താനും പുതിയ ഓട്ടത്തിനുള്ള ഊര്‍ജം സംഭരിക്കാനും ഈ ഒന്നും ചെയ്യാതെ ഇരിക്കുന്ന ഇടവേളകള്‍ സഹായിക്കും. ഇത് തിരക്കുള്ള ജോലിസമയത്തിന്റെ ഇടയിലെ ഒരു പത്തു മിനിറ്റ് ബ്രേക്ക് ആകാം. ഇല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഒഴിവുമാകാം. ഈ സമയത്ത് കരുതിക്കൂട്ടി ഒന്നും ചെയ്യാതെ മടിപിടിച്ച് ഇരിക്കണമെന്ന് കരിയര്‍ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ മടിപിടിച്ചിരിക്കല്‍ നിമിഷങ്ങളിലാകും ചിലപ്പോള്‍ പുതിയ ആശയങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വരുക. ഈ ഒന്നും ചെയ്യാതെയുള്ള നിമിഷങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
1. വേഗം കുറയ്‌ക്കാം
ഈ സമയത്ത് എല്ലാം കുറച്ച് പതിയെ ചെയ്യാന്‍ ശ്രമിക്കാം. പതുക്കെ നടക്കുകയും ഇരിക്കുകയും വണ്ടിയോടിക്കുകയും കഴിക്കുകയുമൊക്കെ ചെയ്യാം. ഈ നിമിഷത്തില്‍ നിങ്ങള്‍ക്ക് ചുറ്റും എന്തൊക്കെ നടക്കുന്നു എന്ന് ശ്രദ്ധിക്കാനുള്ള അവസരമായി ഇത്തരം സന്ദര്‍ഭങ്ങളെ ഉപയോഗിക്കാം.
2. ഉള്ളിലേക്ക് നോക്കാം
ഒരഞ്ച് മിനിട്ടത്തേക്കാണെങ്കിലും ശാന്തമായ, സൗകര്യപ്രദമായ ഒരു സ്ഥലത്ത് പോയിരുന്ന് സ്വയം ഉള്ളിലേക്ക് നോക്കാം. ചിന്തിക്കുന്നതിന് പകരം ഉള്ളിലേക്ക് ഒഴുകിയെത്തുന്ന ചിന്തകളെയും വികാരങ്ങളെയുമൊക്കെ നിരീക്ഷിക്കാം. നിങ്ങളെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ ഈ നിമിഷങ്ങള്‍ സഹായകമാകും.
3. ശബ്ദങ്ങള്‍ക്കായി കാതോര്‍ക്കാം
ഒന്നോ രണ്ടോ മിനിട്ടത്തേക്ക് ഒരു ടൈമര്‍ സെറ്റ് ചെയ്‌ത് വച്ചിട്ട് നിങ്ങളുടെ ചുറ്റുമുള്ള ശബ്ദങ്ങളെയൊക്കെ ഒന്ന് നിരീക്ഷിക്കാം. നിരീക്ഷിച്ചാല്‍ മാത്രം മതി, ഓര്‍മ്മിക്കാന്‍ ശ്രമിക്കേണ്ട. നിങ്ങളുടെ വയറിലെ ചെറു കമ്പനങ്ങള്‍, ഫാനിന്റെയോ എസിയുടെയോ മൂളല്‍, ചുറ്റുമുള്ള ട്രാഫിക്ക്, കിളികളുടെ ശബ്ദം അങ്ങനെ എല്ലാത്തിനും കാത് കൊടുത്ത് കേള്‍ക്കാം. പലര്‍ക്കും വല്ലാത്തൊരു വിശ്രാന്തി ഇത് കൊടുക്കാറുണ്ട്.
4. കണ്ടെത്താം നിങ്ങളുടെ വിശ്രമയിടം
എപ്പോഴെല്ലാം നിങ്ങള്‍ സമ്മര്‍ദ്ധത്തിലൂടെ കടന്ന് പോകുന്നുവോ അപ്പോഴെല്ലാം ഇത്തരത്തില്‍ വെറുതേ കുറച്ച് നേരം സമയം ചെലവിടാനുള്ള ഇടങ്ങള്‍ നിങ്ങളുടെ വീട്ടിലോ ജോലി സ്ഥലത്തിലോ ഒക്കെ സൃഷ്ടിക്കുക. ഇത്തരം ബ്രേക്കുകള്‍ ഇടയ്‌ക്ക് നിങ്ങള്‍ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അടുത്ത സുഹൃത്തിനെയും സഹപ്രവര്‍ത്തകനെയും ജീവിതപങ്കാളിയെയുമൊക്കെ ചട്ടം കെട്ടുന്നതും നല്ലതാണ്.