മരണമുനമ്പിൽ ജോസഫ് മെയ്സ്റ്റർ; ചരിത്രം രചിച്ച കുത്തിവയ്പ്പിൽ ജീവൻ കാത്ത പാസ്ചർ

Mail This Article
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദം. ജോസഫ് മെയ്സ്റ്റർ എന്ന ഫ്രഞ്ച് ബാലന് ഒരു ദുർവിധി സംഭവിച്ചു. അവനു പട്ടിയുടെ കടിയേറ്റു. ഒൻപതു വയസ്സു മാത്രമാണ് അവനു പ്രായം. അതിനിടെ കൂനിൻമേൽ കുരുവെന്ന പോലെ മറ്റൊരു വിവരം. ആ പട്ടിക്കു പേയുണ്ടായിരുന്നത്രേ. ജോസഫിന്റെ മാതാപിതാക്കൾ മാനസികമായി തകർന്നു. അന്നത്തെ കാലത്ത് പേപ്പട്ടിയുടെ കടിയേൽക്കുക എന്നാൽ ദുരിതപൂർണമായ മരണത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്. ആർക്കും യാതൊന്നിനും തടുക്കാൻ കഴിയാത്ത ഒരു വിധി. പ്രിയപ്പെട്ട മകൻ മരിക്കാൻ പോകുന്നെന്നു ചിന്തിക്കാൻ മെയ്സ്റ്ററുടെ മാതാപിതാക്കൾക്കായില്ല. പ്രതീക്ഷയുടെ ചെറുതിരിയെങ്കിലും കത്തിയ ഒരേയൊരു മാർഗം മാത്രമേയുള്ള ഒരാളായിരുന്നു അവർക്കു മുന്നിൽ. പേവിഷത്തിനെതിരെ ഗവേഷണം നടത്തുന്ന ലൂയി പാസ്ചർ എന്ന ഗവേഷകന്റെ വീട്ടിലേക്കുള്ള വഴി.
അക്കാലത്ത് പാസ്ചർ പേവിഷബാധയ്ക്കെതിരായുള്ള ഗവേഷണത്തിൽ ഏറെ മുന്നേറിയിരുന്നു. ഒരു വാക്സീനും അദ്ദേഹം തയാറാക്കിയിരുന്നു.1885 ൽ തന്റെ 63–ാം വയസ്സിലാണു ആ കണ്ടെത്തൽ നടത്തുന്നത്. ആ കാലഘട്ടത്തിൽ പേവിഷ മരണങ്ങൾ കൂടുതലായിരുന്നു. നായ്ക്കൾ വഴി മാത്രമല്ല, അണ്ണാൻ, റാങ്കൂൺ, എലി തുടങ്ങിയവയിലൂടെയും റാബീസ് ധാരാളമായി പകർന്നു. ഒട്ടേറെ പേരുടെ മരണത്തിനിടയാക്കി. 1880 മുതലുള്ള കാലഘട്ടത്തിൽ പാസ്ചർ തന്റെ സുഹൃത്തും ഗവേഷകനുമായ എമിലി റൂക്സിനൊപ്പം പേവിഷബാധയ്ക്ക് ഒരു പ്രതിവിധി കണ്ടെത്താനായി ശ്രമം തുടർന്നു.

വളരെ ലളിതമായിരുന്നു പാസ്ചറിന്റെ സിദ്ധാന്തം. ഒരു വൈറസിനെ ദുർബലപ്പെടുത്തി ശരീരത്തിനു കൊടുത്താൽ, അതിനെ ചെറുക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ ശരീരം ഒരുക്കും. ഇതു വന്നുകഴിഞ്ഞാൽ, ശരിക്കും വൈറസ് ആക്രമിക്കുമ്പോൾ ശരീരത്തിനു പിടിച്ചുനിൽക്കാനാകും. റാബീസ് വാക്സിനുണ്ടാക്കാനായി പാസ്ചർ, പേവിഷ ബാധയേറ്റ മുയലുകളിൽ നിന്നു വൈറസിനെ ശേഖരിച്ചു. ഒരാഴ്ചയോളം വിവിധ പ്രക്രിയകളിലൂടെ ഇതിനെ ദുർബലപ്പെടുത്തി.

എന്നാൽ വാക്സീൻ മനുഷ്യരിൽ പരീക്ഷിച്ചിരുന്നില്ല. മെയ്സ്റ്ററുടെ മാതാപിതാക്കളുടെ വിലാപം കണ്ടു ദുഃഖിതനായ പാസ്ചർ അവന്റെ ശരീരത്തിൽ വാക്സീൻ ആദ്യമായി പരീക്ഷിക്കാം എന്ന വലിയ തീരുമാനമെടുത്തു. ചില സഹഗവേഷകർ എതിർത്തു. കാര്യം വാക്സീനാണെങ്കിലും മനുഷ്യന്റെ ശരീരത്തിൽ ഒരു മാരക വൈറസിനെ കുത്തിവയ്ക്കുന്നത് ശരിയാണോ? എന്നാൽ പാസ്ചർ മുന്നോട്ടു തന്നെ പോയി. വാക്സീൻ കുത്തിവച്ചില്ലെങ്കിൽ എന്തായാലും മെയ്സ്റ്റർ മരിക്കും. കുത്തിവച്ചാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം. പിന്നെ കുത്തിവച്ചാലെന്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. അങ്ങനെ മെയ്സ്റ്ററുടെ ശരീരത്തിലേക്കു വാക്സീൻ കുത്തിവയ്ക്കപ്പെട്ടു.
മാതാപിതാക്കൾ പ്രാർഥനയോടെ ദിനങ്ങൾ പിന്നിട്ടു. ഒന്നും സംഭവിച്ചില്ല, അവനു പേവിഷബാധ ഏറ്റില്ല. മനുഷ്യരാശിയെ ഉയർത്തിയ നായകൻമാരുടെ പട്ടികയിലേക്ക് പാസ്ചർ എന്ന ശാസ്ത്രജ്ഞൻ ഉയർന്നു. മനുഷ്യരാശിയെ ഭീതിയിലാക്കിയ പേവിഷമെന്ന ഭയം അതോടെ നിയന്ത്രണത്തിലായി. ഇന്നു ജീവിതത്തിൽ അനുഭവിക്കുന്ന പലതിനോടും നമ്മൾ പാസ്ചറോട് കടപ്പെട്ടിരിക്കുന്നു. അത്രയ്ക്കുണ്ട് ഈ മനുഷ്യൻ ലോകത്തിനു നൽകിയ സേവനങ്ങൾ. ഫ്രാൻസിലെ ജൂറാ മേഖലയിലുള്ള ഡോലെ എന്ന പ്രദേശത്ത് 1822ലെ ഒരു ക്രിസ്മസ് കാലത്താണു പാസ്ചർ ജനിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ജീൻ ജോസഫ് പാസ്ചറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ചെറുപ്പത്തിൽ തന്നെ ചിത്രം വരയിലും താൽപര്യമുണ്ടായിരുന്ന പാസ്ചർ 1842 ൽ ശാസ്ത്രബിരുദം നേടി.
രാസവസ്തുക്കളുടെ ഘടനകൾ വിലയിരുത്തി അവയുടെ സവിശേഷതകൾ തിട്ടപ്പെടുത്തുന്ന സ്റ്റീരിയോകെമിസ്ട്രി എന്ന ശാസ്ത്ര ശാഖ കണ്ടെത്തിയതാണ് ശാസ്ത്രമേഖലയിലേക്കുള്ള പാസ്ചറിന്റെ ആദ്യ സംഭാവന. ഈ രസതന്ത്രശാഖയുടെ ബാലപാഠങ്ങൾ നാം പലപ്പോഴും ഉയർന്ന ക്ലാസുകളിൽ പഠിച്ചിട്ടുണ്ടാകും. പാസ്ചറൈസേഷൻ എന്നറിയപ്പെടുന്ന പ്രക്രിയ അദ്ദേഹം വികസിപ്പിച്ചു. വീഞ്ഞിനെ അമിതമായി പുളിപ്പിച്ചു കേടാക്കുന്ന സൂക്ഷ്മാണുക്കളെ താപോർജം നൽകി നശിപ്പിച്ച രീതിയാണിത്. പിന്നീട് പാൽ വ്യവസായത്തിൽ വ്യാപകമായി ഇതുപയോഗിച്ചു. ഇന്നത്തെകാലത്തെ പാൽ പായ്ക്കറ്റുകൾക്ക് പിന്നിൽ ഈ വിദ്യയാണ്. ഇത് വീഞ്ഞുവ്യവസായത്തിനും ക്ഷീരവ്യവസായത്തിനും വലിയ മുതൽക്കൂട്ടായി. ശാസ്ത്രത്തിലെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു പാസ്ചർ. വിവിധ മേഖലകളിൽ അദ്ദേഹം കൈവച്ചു. വാക്സീനുകളുടെ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ നിർണായകമാണ്. 1879ൽ കോഴികൾക്കു വരുന്ന ചിക്കൻ കോളറ എന്ന അസുഖത്തിനാണു പാസ്ചർ ആദ്യമായി വാക്സീൻ കണ്ടെത്തിയത്. തുടർന്ന് ആന്ത്രാക്സ് തുടങ്ങിയ ചില രോഗങ്ങൾക്കും അദ്ദേഹം വാക്സീൻ വികസിപ്പിച്ചു.