ADVERTISEMENT

റെസ്യൂമെ പല കമ്പനികള്‍ക്കും അയച്ച്‌ കൊടുക്കുന്നുണ്ട്‌. പക്ഷേ, ആരും അഭിമുഖത്തിനായി പോലും വിളിക്കുന്നില്ല. പലരും പറഞ്ഞു കേള്‍ക്കുന്ന പരാതിയാണ്‌ ഇത്‌. ഇവിടെ പ്രശ്‌നം നിങ്ങളുടെ റെസ്യൂമെയിലെ ചില പോരായ്‌മകള്‍ ആയിരിക്കാം. റെസ്യൂമെയില്‍ സാധാരണ വരാറുള്ള പല തെറ്റുകളും കമ്പനികളുടെ എടിഎസ്‌ സംവിധാനം അവയെ തഴയാന്‍ കാരണമായെന്ന്‌ വരാം. ഇനി പറയുന്ന തെറ്റുകള്‍ തിരുത്തി വീണ്ടും റെസ്യൂമെ അയച്ച്‌ നോക്കൂ. അഭിമുഖത്തിനായി കമ്പനികള്‍ നിങ്ങളുടെ പിന്നാലെ വരും.

1. പ്രസ്‌തുത ജോലിക്കായി മാറ്റി എഴുതാത്ത റെസ്യൂമെ
കാണുന്ന എല്ലാ ജോലിക്കും ഒരേ റെസ്യൂമെ അയക്കരുത്‌. ഓരോ ജോലിക്കും അനുയോജ്യമായ രീതിയില്‍ റെസ്യൂമെ മാറ്റിയെഴുതണം. ജോലിക്കായുള്ള പരസ്യത്തിലും വിജ്ഞാപനത്തിലും കമ്പനികള്‍ ഉപയോഗിക്കുന്ന ചില മുഖ്യമായ വാക്കുകള്‍ ഉണ്ടാകും. അവര്‍ക്ക്‌ ആവശ്യമുള്ള ശേഷികള്‍. ഈ വാക്കുകള്‍ നിങ്ങളുടെ റെസ്യൂമെയിലും ഉണ്ടെന്ന്‌ ഉറപ്പാക്കണം.

2. മോശം സമ്മറി സ്‌റ്റേറ്റ്‌മെന്റ്‌
റെസ്യൂമെയിലെ നിങ്ങളുടെ സമ്മറി സ്റ്റേറ്റ്‌മെന്റ്‌ അഥവാ സംഗ്രഹ പ്രസ്‌താവന ചിലപ്പോള്‍ നിങ്ങളുടെ മൂല്യം ശരിയായി പ്രതിഫലിപ്പിക്കാത്തതുമാകാം കാരണം. നിങ്ങളുടെ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു സംഗ്രഹം തയ്യാറാക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങളെ പറ്റിയും അതെങ്ങനെയാണ്‌ പ്രസ്‌തുത ജോലിയുമായി ചേര്‍ന്ന്‌ കിടക്കുന്നതെന്നും പറയാം.

3. ക്ലീഷേ വാക്കുകളുടെ ഉപയോഗം
കഠിനാധ്വാനി, സത്യസന്ധ എന്നിങ്ങനെ എല്ലാവരും സ്ഥിരമായി ഉപയോഗിക്കാറുള്ള ചില ക്ലീഷേ വാക്കുകള്‍ റെസ്യൂമെയില്‍ കുത്തി നിറയ്‌ക്കുന്നതും മോശം അഭിപ്രായം ഉണ്ടാക്കാം. നിങ്ങളുടെ ശേഷികളെ കാണിക്കുന്ന ആക്ഷന്‍ വാക്കുകളാണ്‌ റെസ്യൂമെയില്‍ നല്‍കേണ്ടത്‌.

4. മോശം ഫോര്‍മാറ്റിങ്‌
വായിക്കാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ മോശമായ രീതിയില്‍ ഫോര്‍മാറ്റ്‌ ചെയ്‌ത റെസ്യൂമെയും നെഗറ്റീവ്‌ അഭിപ്രായം സൃഷ്ടിക്കും. കൃത്യമായ വിഭാഗങ്ങളായി തിരിച്ച ലളിതവും പ്രഫഷണലുമായ ഫോര്‍മാറ്റ്‌ റെസ്യൂമെയ്‌ക്കായി ഉപയോഗിക്കുക. എടിഎസ്‌ സൗഹൃദ ഫോര്‍മാറ്റുകള്‍ ഇന്ന്‌ ഓണ്‍ലൈനില്‍ ലഭ്യമാണ്‌.

5. തൊഴില്‍ പരിചയത്തില്‍ നേട്ടങ്ങള്‍ ഇല്ലാത്തത്‌
ഇവിടെ ജോലി ചെയ്‌തു, അവിടെ ജോലി ചെയ്‌തു എന്ന്‌ സാധാരണായി പറയുന്നതാകരുത്‌ നിങ്ങളുടെ തൊഴില്‍ പരിചയം. ആ തൊഴിലുകളില്‍ നിങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കണം. ഉദാഹരണത്തിന്‌ XYZ കമ്പനിയില്‍ ABC റോളില്‍, ആറ്‌ മാസം കൊണ്ട്‌ 20 ശതമാനം വില്‍പന വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു എന്ന മട്ടില്‍ പറയണം.   സംഖ്യങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങളുടെ നേട്ടങ്ങളെ അവതരിപ്പിക്കുന്നത്‌ കൂടുതല്‍ നന്നാകും.

6. പഴയ ജോലിയില്‍ നിന്ന്‌ പുതിയ ജോലിയിലേക്ക്‌ കൊണ്ട്‌ വരാവുന്ന ശേഷികളുടെ അഭാവം
നിങ്ങളുടെ മുന്‍ ജോലിയില്‍ നിങ്ങള്‍ ആര്‍ജ്ജിച്ച ചില ശേഷികള്‍ പുതിയ ജോലിക്ക്‌ ഉപകാരമാകുന്ന രീതിയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന്‌ പരാമര്‍ശിക്കാതെ ഇരിക്കുന്നതും തിരിച്ചടിയാകാം. നേതൃശേഷി, പ്രോജക്ട്‌ മാനേജ്‌മെന്റ്‌, ക്ലയന്റ്‌ മാനേജ്‌മെന്റ്‌ എന്നിങ്ങനെ പുതിയ ജോലിയില്‍ ഉപകാരപ്പെടുന്ന പഴയ ജോലിയിലെ ശേഷികളെ ഹൈലൈറ്റ്‌ ചെയ്യാന്‍ മറക്കരുത്‌.

7. സാങ്കേതിക പദങ്ങളുടെ അതിപ്രസരം
അഭിമുഖം ചെയ്യുന്നവരെ ഒന്ന്‌ ഇംപ്രസ്‌ ചെയ്‌തേക്കാം എന്ന്‌ കരുതി കടുകട്ടി ഇംഗ്ലീഷ്‌ വാക്കുകളും സാങ്കേതിക പദങ്ങളുമെല്ലാം റെസ്യൂമെയില്‍ വാരിവിതറുന്നതും നല്ലതല്ല. ഭാഷ ലളിതമാക്കി നിങ്ങളുടെ നേട്ടങ്ങളെ ശരിക്കും എടുത്ത്‌ കാട്ടുന്ന രീതിയില്‍ റെസ്യൂമെ മാറ്റിയെഴുതുക. ജോലിസ്ഥലത്ത്‌ നിങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള റിസള്‍ട്ടിനാകണം ഊന്നല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com