ഈ 4 ശീലങ്ങൾ നിങ്ങളെ അടിമുടി മാറ്റും, കരിയർ കളറാക്കാൻ ഇനിയും വൈകിയിട്ടില്ല!

Mail This Article
നിങ്ങളുടെ ശീലങ്ങളാണ് നിങ്ങളെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നത്. ജീവിതം മാറ്റാനായി ശീലങ്ങള്‍ ചെറുതായി ഒന്നു മാറ്റിയാല്‍ മതിയാകും. ഇത്തരത്തില്‍ ജീവിതം തന്നെ അടിമുടി മാറ്റാന്‍ സഹായിക്കുന്ന ചില ശീലങ്ങള്‍ ഇതാ.
1. ദിവസവും പുസ്തകങ്ങള്‍ വായിക്കാം
വിജ്ഞാനത്തിന്റെ അക്ഷയഖനിയാണ് പുസ്തകങ്ങള്‍. നമുക്കു വിലപ്പെട്ടതായ പല വിവരങ്ങളും പുസ്തകങ്ങളില്‍നിന്നു ലഭിക്കും. എന്നും കുറച്ചു സമയം പുസ്തകവായനയ്ക്കായി മാറ്റിവയ്ക്കാം. ‘റിച്ച് ഡാഡ്, പുവര്‍ ഡാഡ്’, ‘ആറ്റോമിക് ഹാബിറ്റ്സ്’, ‘ദ് 4-അവര്‍ വര്‍ക്ക് വീക്ക്’, ‘സീറോ ടു വണ്‍’,’ദ ഇന്റലിജന്റ് ഇന്‍വെസ്റ്റര്‍’, ‘ഹൗ ടു ഇൻഫ്ലുവന്‍സ് പീപ്പിള്‍ ആന്‍ഡ് വിന് ഫ്രണ്ട്സ്’ എന്നിവയെല്ലാം ജീവിതത്തെ ഗുണകരമായി സ്വാധീനിക്കുന്ന നല്ല പുസ്തകങ്ങളാണ്.
2. സമയം ഫലപ്രദമായി വിനിയോഗിക്കാം
സമയത്തെ വെറുതെ പാഴാക്കിക്കളയാതെ ഉൽപാദനക്ഷമമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ഫലപ്രദമായി ദിവസം വിനിയോഗിക്കാന്‍ അതത് ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ കുറിച്ചുവച്ച് ആസൂത്രണം ചെയ്യുന്നത് സഹായകമാണ്. ഈ പ്രതിദിന ടു–ഡു ലിസ്റ്റില്‍ സ്വയം പഠനത്തിനും കായികക്ഷമതയ്ക്കും നെറ്റ് വര്ക്കിങ്ങിനുമൊക്കെ സമയം അനുവദിക്കണം. സമൂഹ മാധ്യമങ്ങളിലൊക്കെ വെറുതെ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കണം. കാര്യക്ഷമമായി ജോലികള്‍ തീര്‍ക്കാനും സമയം വിനിയോഗിക്കാനും 30 മിനിറ്റ് ജോലി ചെയ്ത് അഞ്ചു മിനിറ്റ് ബ്രേക്ക് എടുക്കുന്ന പൊമൊഡോറോ പോലുള്ള ടെക്നിക്കുകളും നടപ്പിലാക്കാം.
3. പണം ബുദ്ധിപരമായി നിക്ഷേപിക്കാം
നിങ്ങള്‍ എത്രമാത്രം പണം ഉണ്ടാക്കുന്നു എന്നതിലല്ല കാര്യം. ഈ കിട്ടുന്ന പണം എത്ര നന്നായി നിക്ഷേപിക്കുന്നു എന്നതിലാണു കാര്യം. കണ്ണില്‍ കണ്ട ആഡംബര വസ്തുക്കള്‍ വാങ്ങി കയ്യിലുള്ള പണം തീര്‍ക്കുന്നതിനു പകരം കൂടുതല്‍ പണം നേടിത്തരുന്ന സ്വത്ത് വകകളില്‍ നിക്ഷേപം നടത്തുക.
4. ഭാവിക്കായി സ്വയം നിക്ഷേപം നടത്താം
പണവും സമയവുമൊക്കെ സ്വന്തം വളര്‍ച്ചയ്ക്കായി നിക്ഷേപിക്കാനും മറക്കരുത്. പുസ്തകങ്ങള്‍, ചില കോഴ്സുകള്‍ എന്നിങ്ങനെ നിങ്ങളെ കുറച്ചു കൂടി മെച്ചപ്പെട്ടയാളാക്കി മാറ്റാന്‍ സഹായകമായ കാര്യങ്ങള്‍ക്കായി പണം മുടക്കുന്നതില്‍ തെറ്റില്ല. വിജ്ഞാനപ്രദമായ സെമിനാറുകള്‍, ശില്പശാലകള്, പബ്ലിക് സ്പീക്കിങ് കോഴ്സുകള്‍, ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുന്ന പരിശീലനങ്ങള്‍ എന്നിങ്ങനെ ഭാവിയില്‍ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങളില്‍ നിക്ഷേപം നടത്തണം.