കൂടുതല്‍ ജോലി, കുറച്ച് ശമ്പളം; ഇത് ഏറ്റവുമധികം ഇന്ത്യയിലെന്ന് ഐഎൽഒ റിപ്പോര്‍ട്ട്

Mail This Article
ജീവനക്കാര്‍ ആഴ്‌ചയില്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യണം എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നാട്ടില്‍. ജീവനക്കാര്‍ കുറഞ്ഞത് 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എൻ.ആർ.നാരായണ മൂര്‍ത്തി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഞായറാഴ്‌ചകളിൽ ഭാര്യയെയും നോക്കിയിരിക്കാതെ ഓഫിസിലെത്തി ജോലി ചെയ്‌ത് 90 മണിക്കൂര്‍ തികയ്‌ക്കണമെന്ന് എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്.എന്‍. സുബ്രഹ്മണ്യനും അഭിപ്രായപ്പെട്ടു.
ഇതിനെല്ലാമിടയിൽ ഉയരുന്ന പ്രസക്തമായ ചോദ്യമാണ് ഇങ്ങനെ ജോലി ചെയ്‌താല്‍ അധ്വാനത്തിനും വിനിയോഗിക്കുന്ന സമയത്തിനും അനുസൃതമായ ശമ്പളം നമ്മുടെ നാട്ടില്‍ ലഭിക്കുമോ എന്നത്. നിലവിലെ സ്ഥിതിയിൽ അതിന് തീരെ സാധ്യതയില്ലെന്നാണ് രാജ്യാന്തര തൊഴില്‍ സംഘടനയുടെ (ഐഎൽഒ) റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ലോകരാജ്യങ്ങളിൽ കൂടുതല്‍ സമയം ജോലി ചെയ്‌ത് കുറച്ച് വേതനം വാങ്ങുന്നവർ ഇന്ത്യക്കാരാണെന്ന് ഐഎല്‍ഒ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ജീവനക്കാരില്‍ 51.4 ശതമാനം പേരും 49 മണിക്കൂറിലധികം തൊഴിലിടത്തില്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ പ്രതിമാസ വേതനമാകട്ടെ 220 ഡോളര്‍ മാത്രമാണ്. 8.8 ശതമാനം പേര്‍ മാത്രം 49 മണിക്കൂറിലധികം ജോലി ചെയ്യുന്ന ഫ്രാന്‍സില്‍ ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 2016 ഡോളറാണ്. 8.9 ശതമാനം പേര്‍ ആഴ്‌ചയില്‍ 49 മണിക്കൂറിലധികം ജോലി ചെയ്യുന്ന കാനഡയിലാകട്ടെ ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 1883 ഡോളറും.
ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ 49 മണിക്കൂറിലധികം ജോലി ചെയ്യുന്നത് ഇറാനിലും (31.9 ശതമാനം) ഇന്തൊനീഷ്യയിലുമാണ് (21.9). എന്നാൽ ഇരു രാജ്യക്കാർക്കും ഇന്ത്യയിലേതിനേക്കാൾ ഭേദപ്പെട്ട പ്രതിമാസ വേതനം ലഭിക്കുന്നു. ഇറാനില്‍ 681 ഡോളറും ഇന്തൊനീഷ്യയില്‍ 548 ഡോളറുമാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ദക്ഷിണ കൊറിയയില്‍ 16.6 ശതമാനം പേര്‍ക്ക് 49 മണിക്കൂറിലധികം ജോലി ചെയ്യേണ്ടതായി വരുന്നുണ്ടെങ്കിലും ആ രാജ്യത്തെ കുറഞ്ഞ പ്രതിമാസ വേതനം 1978 ഡോളറാണ്. വേതനത്തിന്റെ കാര്യത്തിലെ ചൂഷണത്തെ കുറിച്ച് വാ തുറക്കാതെയാണ് പല കോര്‍പ്പറേറ്റ് ഭീമന്മാരും കൂടുതല്‍ തൊഴില്‍ സമയമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന വിമര്‍ശനവും ഇതിനിടെ ഉയർന്നു കഴിഞ്ഞു.