ഈ 9 കാര്യങ്ങളുണ്ടെങ്കിൽ ഏത് ഒാഫിസും സ്വർഗമാകും; പരീക്ഷിച്ചാലോ?

Mail This Article
നമ്മുടെ ജീവിതത്തിന്റെ നല്ലൊരു പങ്ക് സമയം നാം ചെലവഴിക്കുന്ന ഇടങ്ങളാണ് തൊഴിലിടങ്ങള്‍. ഇതു കൊണ്ടു തന്നെ ഇവിടെ പോസിറ്റീവായ ഒരു വൈബ് ഉണ്ടെങ്കില്‍ ജീവിതത്തിലും ആ സന്തോഷം പ്രതിഫലിക്കും. നന്മയുള്ള ലോകമായി തൊഴിലിടങ്ങളെ മാറ്റാന്‍ ഇനി പറയുന്ന ഒന്‍പതു കാര്യങ്ങള്‍ സഹായിക്കും.
1. മനസ്സില്‍ തട്ടി ചോദിക്കാം എന്തുണ്ടു വിശേഷം
വെറുതേ ഒരു ഫോര്‍മാലിറ്റിക്ക് എന്തുണ്ടു വിശേഷം എന്നു ചോദിക്കുന്നതിനു പകരം കൂടെ ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ മനസ്സില്‍ തട്ടിയുള്ള ഒരു ഉത്‌കണ്‌ഠയും ജാഗ്രതയുമൊക്കെ ഉണ്ടാക്കാന്‍ സാധിച്ചാല്‍ നല്ലത്. അവരുടെ കാര്യത്തിലും പ്രശ്‌നങ്ങളിലും നിങ്ങള്‍ക്ക് യഥാർഥത്തില്‍ കരുതലുണ്ടാകണം. എന്നു വച്ച് അവരുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കരുത്.
2. അഭിനന്ദനവും നന്ദിയും
കൂടെ ജോലി ചെയ്യുന്നവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് അവരെ മനസ്സു തുറന്ന് അഭിനന്ദിക്കുക. അവര്‍ നിങ്ങള്‍ക്കായി ചെയ്യുന്ന സഹായങ്ങള്‍ക്ക് പിശുക്കു കാണിക്കാതെ നന്ദി പറയുക.
3. സഹായസന്നദ്ധത
സഹപ്രവര്‍ത്തകര്‍ പുറത്തുനിന്നൊരു സഹായം ആവശ്യമുള്ള സ്ഥിതിയിലാണെന്ന് തോന്നിയാല്‍ അവര്‍ ചോദിക്കാതെ തന്നെ അവരെ സഹായിക്കാനുള്ള സന്നദ്ധത കാണിക്കുന്നത് തൊഴിലിടങ്ങളെ സ്വർഗമാക്കി മാറ്റും.

4. നിങ്ങളുടെ വൈദഗ്‌ധ്യം പങ്കുവയ്‌ക്കുക
നിങ്ങളുടെ അറിവും കഴിവും വൈദഗ്‌ധ്യവും കൂടെ ജോലി ചെയ്യുന്നയാള്‍ക്കും സഹായകമാണെങ്കില്‍ അത് പഠിപ്പിച്ചു കൊടുക്കാനും പകരാനും മടി കാണിക്കരുത്.
5. ക്ഷണിക്കാം നിങ്ങളുടെ കൂടെ
പുതുതായി വരുന്നവരെയും ഒറ്റപ്പെട്ട് ഇരിക്കുന്നവരെയുമൊക്കെ നിങ്ങളുടെ ചായകുടി സംഘത്തിലേക്കും മറ്റും ക്ഷണിക്കാനും മറക്കരുത്. അവരും ഈയിടത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ഉളവാക്കാന്‍ ഇതു സഹായിക്കും.
6. ബഹുമാനിക്കാം ജോലിക്കുശേഷമുള്ള സമയത്തെ
ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരെ ഒരോ കാര്യങ്ങള്‍ക്കായി വിളിച്ച് ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിക്കുക. ജോലിയുടെ കാര്യങ്ങളെല്ലാം മാറ്റിവച്ച് ഒന്നു വിശ്രമിക്കാനും സ്വയം റീചാര്‍ജ് ചെയ്യാനും എല്ലാവര്‍ക്കും അവസരം നല്‍കുക. അത്യാവശ്യമില്ലെങ്കില്‍ വെറുതെ സഹപ്രവര്‍ത്തകരെ ഓഫിസിനു പുറത്തുള്ള സമയത്തില്‍ വിളിച്ച് മെനക്കെടുത്തരുത്.
7. സ്വാഗതം ചെയ്യാം കാഴ്‌ചപ്പാടുകളും ആശയങ്ങളും
മറ്റുള്ളവരുടെ കാഴ്‌ചപ്പാടുകളെ നിങ്ങള്‍ വിലമതിക്കുന്നുണ്ടെന്ന് അവര്‍ക്കു തോന്നണമെങ്കില്‍ ഓഫിസിലെ കാര്യങ്ങളില്‍ അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ചോദിക്കണം.
8. ഒരുമിച്ചുനടക്കാം
എപ്പോഴും ഓഫിസ് കാര്യങ്ങള്‍ തന്നെ സഹപ്രവര്‍ത്തകരോടു മിണ്ടണം എന്നില്ല. ഇടയ്‌ക്കൊരു ബ്രേക്ക് എടുത്ത് ലോകകാര്യങ്ങളൊക്കെ അവര്‍ക്കൊപ്പം ഹ്രസ്വദൂരം നടക്കാനും ശ്രമിക്കണം.
9. വിജയങ്ങള്‍ ആഘോഷമാക്കാം
സഹപ്രവര്‍ത്തകരുടെ വിജയത്തില്‍ അസൂയപ്പെടാതെ അത് ആഘോഷിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്കും ആഘോഷിക്കാനുള്ള അവസരം ഇന്നല്ലെങ്കില്‍ നാളെ ഉറപ്പായും വരുമെന്ന് വിശ്വസിക്കണം.