വായനയിലേക്ക് നയിച്ചത് ‘സഞ്ചാരിയുടെ ദൈവം’; ഫിലോസഫിക്കൽ വീക്ഷണം പകർന്നത് ‘ശാന്താറാം’

Mail This Article
വഴികാട്ടികളായി പലകാലത്തും പല മനുഷ്യർ വന്നിട്ടുണ്ട്. പക്ഷേ, വായിക്കാനും എഴുതാനും എന്നെ പ്രേരിപ്പിച്ചത് രണ്ടു പുസ്തകങ്ങളാണ്. ഞാൻ ആദ്യമായി വായിച്ച പുസ്തകം ബോബി ജോസ് കട്ടിക്കാട് എന്ന വൈദികന്റെ ‘സഞ്ചാരിയുടെ ദൈവം’ ആണ്. ഞാൻ സെമിനാരിയിൽ പഠിക്കുന്ന സമയം. ബോബി അച്ചൻ ക്ലാസ് എടുക്കാന്‍ വന്നിരുന്നു. അന്നദ്ദേഹം പറഞ്ഞു, ‘ഞാനൊരു പുസ്തകം എഴുതിയിട്ടുണ്ട്, വേണമെങ്കിൽ വായിച്ചോളൂ’ എന്ന്. നമ്മളെ പഠിപ്പിച്ച അച്ചന്റെ ചിത്രമുള്ള പുസ്തകം വായിക്കാനുള്ള കൗതുകത്തിലാണ് ഞാൻ സഞ്ചാരിയുടെ ദൈവം വാങ്ങിച്ചത്. സ്വന്തമായി ആദ്യം വാങ്ങിയ പുസ്തകവും അതാണ്. അച്ചന്റെ ഗഹനമായ ചിന്തകളാണ് ആദ്യം എന്നെ സ്വാധീനിച്ചത്. കൂടുതൽ വായിക്കാനുള്ള ആഗ്രഹം ജനിപ്പിച്ചത് 15–ാം വയസ്സിൽ വായിച്ച ആ പുസ്തകമാണ്.
രണ്ടാമത്തെ പുസ്തകം ഗ്രിഗറി ഡേവിഡ് റോബർട്സിന്റെ ‘ശാന്താറാം’ ആണ്. അതുവായിക്കുമ്പോൾ എനിക്കു വയസ്സ് 24. ഞാൻ നേരത്തേ ജോലി ചെയ്തിരുന്ന കമ്പനിയിലെ എന്റെ ബോസ് ആണ് ആ പുസ്തകം എനിക്കു നിർദേശിച്ചത്. ഓസ്ട്രേലിയയിലെ ജയിൽ അന്തേവാസിയായിരുന്നു ഗ്രിഗറി ഡേവിഡ് റോബർട്സ്. ജയിൽ ചാടി അദ്ദേഹം വ്യാജ പാസ്പോർട്ടിൽ മുംബൈയിൽ വന്ന് താമസിച്ചു. അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് ‘ശാന്താറാം’.
ഒരു ഡോക്ടർ കൂടിയായിരുന്ന അദ്ദേഹം ‘ജെന്റിൽമാൻ തീഫ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നിൽ ആത്മീയമായി വലിയ ഉണർവുണ്ടാക്കിയ പുസ്തകമാണ് ‘ശാന്താറാം’. ചുറ്റുമുള്ള വ്യക്തികളെക്കുറിച്ച് വളരെ ഹൃദയസ്പർശിയായാണ് എഴുത്തുകാരൻ ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ആ പുസ്തകത്തിൽ ഓരോരുത്തരെയും അദ്ദേഹം ഓർത്തെടുക്കുന്നത് വല്ലാത്ത സ്നേഹത്തോടെയാണ്. ആളുകൾ തന്നെ കെട്ടിയിട്ടു തല്ലുമ്പോള്‍ ശാന്താറാം ഓർക്കുന്നുണ്ട്, ‘ഈ സമയത്തുപോലും ഞാൻ സ്വതന്ത്രനാണ് എന്നെ തല്ലുന്നയാൾക്ക് മാപ്പു കൊടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ആ സ്വാതന്ത്ര്യം ഞാൻ ആസ്വദിക്കുന്നുണ്ട്’ എന്ന്. തന്റെ ജീവിതത്തിലൂടെ കടന്നു പോയ ചെറിയ മനുഷ്യരെ വലിയ സ്നേഹത്തോെടയാണ് ഗ്രിഗറി ഡേവിഡ് റോബർട്സ് ഓർത്തെടുക്കുന്നത്. അതു വായിച്ചു കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിൽ അങ്ങനെ വന്ന മനുഷ്യരെക്കുറിച്ച് ഞാൻ ആലോചിച്ചു. ആ പുസ്തകത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഞാൻ ‘ബറീഡ് തോട്സ്’ എന്ന ബ്ലോഗ് തുടങ്ങിയത്.
ഞാൻ ബാംഗ്ലൂർ ക്രൈസ്റ്റിലാണു പഠിച്ചത്. അവിടെ എന്നെ വല്ലാതെ പ്രചോദിപ്പിച്ച, എനിക്കു പ്രണയം തോന്നിയ ഒരു പെൺകുട്ടിയുണ്ട്. അവളരെ ഓർത്ത് അവളോടുള്ള നന്ദി സൂചകമായി ഒരു ചാപ്റ്റർ ആദ്യം എഴുതി. പേര് വെളിപ്പെടുത്തിയാൽ അതവളുടെ ഭാവിയെ ബാധിച്ചാലോ എന്നോർത്ത് ഞാൻ അവൾക്ക് മറ്റൊരു പേരിട്ടു. ‘ശാന്താറാമി’ൽ ഗ്രിഗറി ഡേവിഡിന്റെ കാമുകിയുടെ പേരാണ് ഞാൻ തിരഞ്ഞെടുത്തത് കാർല. ആ ബ്ലോഗിൽ ഞാൻ പറഞ്ഞ സ്ഥലങ്ങൾ പോയി കണ്ട വിശേഷം എന്റെ ജൂനിയർ ആയി പഠിച്ച ചിലർ പറഞ്ഞപ്പോഴാണ് എനിക്ക് ആദ്യമായി എഴുത്തിന്റെ കിക്ക് കിട്ടിയത്. നിങ്ങൾ എഴുതിയതു വായിച്ച് മറ്റുള്ളവർ ആ സ്ഥലങ്ങൾ പോയി കാണുന്നു! ഞാൻ ഇപ്പോഴും എഴുതാനിരിക്കുമ്പോൾ ‘ശാന്താറാമി’ന്റെ ഏതെങ്കിലും മൂന്നോ നാലോ പേജുകൾ എടുത്തു വായിക്കാറുണ്ട്. എന്റെ കാഴ്ചകൾക്കും കാഴ്ചപ്പാടുകള്‍ക്കും ഒരു ഫിലോസഫിക്കല്‍ വീക്ഷണം തന്ന പുസ്തകമാണത്.
ജോസഫ് അന്നംകുട്ടി ജോസ്
അധ്യാപക ദമ്പതികളുടെ മകനായി എറണാകുളത്ത് ജനിച്ചു. എഴുത്തുകാരൻ, റേഡിയോ ജോക്കി, പബ്ലിക് സ്പീക്കർ എന്നീ നിലകളിൽ അറിയപ്പെടുന്നു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോം ബിരുദവും എസ്‌സി എംഎസ് കൊച്ചിയില്‍ നിന്ന് എംബിഎയും നേടി. 2021 ലെ മികച്ച മെയിൽ ആർജെ ആയി ക്രിയേറ്റീവ് റേഡിയോ അവാർഡ്സിൽ തിരഞ്ഞെടുക്കപ്പെട്ടു. 2022 ൽ ഇന്ത്യയുടെ 75 സാംസ്കാരിക ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി സാംസ്കാരിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ പിന്തുടരുന്നു. ബെറിഡ് തോട്സ്, ദൈവത്തിന്റെ ചാരന്മാർ, സ്നേഹം കാമം ഭ്രാന്ത് എന്നീ കൃതികൾ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. അപ്പൻ : ജോസ് കെ. ഡി. അമ്മ : അന്നംകുട്ടി പി. എ.