Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്താം ക്ലാസിന്റെ പടി കണ്ടിട്ടില്ല; പക്ഷേ മാളവിക പഠിക്കുന്നത് എംഐടിയില്‍

Malvika

17 വയസ്സുകാരി മാളവിക രാജ് ജോഷി പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ ഒന്നും പഠിച്ചിട്ടില്ല. നാട്ടിലെ ഐഐടി പോയിട്ട് സാധാരണ എന്‍ജിനീയറിങ് കോളജില്‍ പോലും അഡ്മിഷന്‍ കിട്ടാനുള്ള വിദ്യാഭ്യാസ യോഗ്യതയുമില്ല. പക്ഷേ, മാളവിക ഇപ്പോള്‍ പഠിക്കുന്നത് സാങ്കേതിക വിദ്യാഭ്യാസത്തില്‍ ലോകത്തിലെ തന്നെ തലതൊട്ടപ്പനായ അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ്. ഇതെങ്ങനെ എന്ന് ആലോചിച്ച് ഞെട്ടണ്ട. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലുള്ള അപാരമായ കഴിവാണ് ഈ കൊച്ചു മിടുക്കിയെ എംഐടിയില്‍ എത്തിച്ചത്. 

പ്രോഗ്രാമിക് കഴിവുകള്‍ മാറ്റുരയ്ക്കുന്ന ലോകവേദിയായ ഇന്റര്‍നാഷണല്‍ ഒളിംപ്യാഡ് ഓഫ് ഇന്‍ഫര്‍മാറ്റിക്‌സില്‍ മൂന്നു തവണയാണ് മാളവിക മെഡല്‍ നേടിയത്. രണ്ട് വെള്ളിയും ഒരു വെങ്കലവുമടങ്ങുന്ന ഈ മെഡല്‍ നേട്ടമാണ് ഈ മുംബൈക്കാരിയെ എംഐടിയില്‍ ശാസ്ത്ര ബിരുദ വിദ്യാർഥിനിയാക്കിയത്.  വിവിധ ഒളിംപ്യാഡുകളില്‍ മെഡലുകള്‍ നേടുന്ന അതുല്യ പ്രതിഭകള്‍ക്ക് എംഐടി ഈ വിധത്തില്‍ അഡ്മിഷന്‍ നല്‍കാറുണ്ട്. മാളവികയുടെ ഈ നേട്ടത്തിനു പിന്നില്‍ വാര്‍പ്പ്മാതൃകകളെ പൊളിച്ചടുക്കാന്‍ തീരുമാനിച്ച അമ്മ സുപ്രിയയുടെ നിശ്ചയദാര്‍ഢ്യം കൂടിയുണ്ട്. 

മുംബൈയിലെ ദാദര്‍ പാര്‍സി യൂത്ത് അസംബ്ലി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കവേയാണ് മാളവികയെ സ്‌കൂളില്‍ നിന്ന് പിന്‍വലിക്കാന്‍ സുപ്രിയ തീരുമാനിക്കുന്നത്. സാമ്പ്രദായിക വിദ്യാഭ്യാസത്തേക്കാല്‍ സന്തോഷമാണ് വലുതെന്ന തോന്നലാണ് തന്നെ ഇതിലേക്ക് നയിച്ചതെന്ന് സുപ്രിയ പറയുന്നു. കാന്‍സര്‍ രോഗികളെ ശുശ്രൂശിക്കുന്ന ഒരു എന്‍ജിഒയില്‍ പ്രവര്‍ത്തിക്കവേ എട്ടിലും ഒന്‍പതിലുമൊക്കെ പഠിക്കുന്ന കാന്‍സര്‍ ബാധിച്ച നിരവധി കുട്ടികളെ കാണാനിടയായി. ഇത് സുപ്രിയയുടെ മനസ്സിനെ സ്പര്‍ശിക്കുകയും തന്റെ കുട്ടികള്‍ക്ക് അല്‍പം കൂടി സന്തോഷകരമായ ജീവിതം നല്‍കണമെന്ന് തീരുമാനിക്കുകയും ചെയ്തു. മാളവികയുടെ അച്ഛനും ബിസിനസ്‌കാരനുമായ രാജിനെ സമ്മതിപ്പിക്കാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും വീട്ടിലിരുത്തി കുട്ടികളെ പഠിപ്പിക്കണമെന്ന നിര്‍ബന്ധത്തില്‍ സുപ്രിയ ഉറച്ചു നിന്നു. 

മകളെ പഠിപ്പിക്കാന്‍ ജോലി രാജിവച്ച സുപ്രിയ മാളവികയ്ക്കു വേണ്ടി ഒരു അക്കാദമിക കരിക്കുലം തയ്യാറാക്കി. മാളവിക കൂടുതല്‍ സന്തോഷവതിയാകുന്നതും സ്‌കൂളില്‍ പോയപ്പോഴുള്ളതിനേക്കാല്‍ നന്നായി പഠിക്കുന്നതും സുപ്രിയ കണ്ടു. സാമ്പ്രദായിക പാഠ്യക്രമം വിട്ട് വിവിധ വിഷയങ്ങള്‍ പഠിക്കാനാരംഭിച്ച മാളവികയ്ക്ക് ഏറ്റവും താത്പര്യം തോന്നിയത് പ്രോഗ്രാമിങ്ങിലാണ്. അങ്ങനെ പ്രോഗ്രാമിങ്ങിന്റെ ആഴത്തിലേക്കിറങ്ങി. 12-ാം ക്ലാസ് സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ഐഐടിയില്‍ പഠിക്കുകയെന്നത് അസാധ്യമായിരുന്നു. 

ഒടുവില്‍ അഡ്മിഷന്‍ ലഭിച്ചത് ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍(സിഎംഐ) എംഎസ്‌സി തല കോഴ്‌സിനായിരുന്നു. വിഷയത്തിലെ മാളവികയുടെ ജ്ഞാനം ബിഎസ്‌സി നിലവാരത്തിലുണ്ടെന്ന് കണ്ടാണ് സിഎംഐ എംഎസ്‌സിക്ക് അഡ്മിഷന്‍ നല്‍കിയത്. സിഎംഐയിലെ മാധവന്‍ മുകുന്ദിന്റെ കീഴിലായിരുന്നു പ്രോഗ്രാമിങ്ങ് ഒളിംപ്യാഡിനു വേണ്ടിയുള്ള പരിശീലനം. തുടര്‍ച്ചയായി മൂന്ന് തവണ ഒളിംപ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ നാലു വിദ്യാർഥികളിലൊരാളായി മാളവിക. ഒടുവില്‍ ഒളിംപ്യാഡ് വിജയവും സ്വയം നേടിയ അറിവുകളും മാളവികയെ എംഐടിയിലും എത്തിച്ചു.

സാമ്പ്രദായിക വിദ്യാഭ്യാസത്തിനു പുറത്ത് നിന്നാണ് മാളവിക അസൂയാര്‍ഹമായ ഈ നേട്ടം കൈവരിക്കുന്നത്. മക്കളെ എങ്ങനെ എംഐടിയില്‍ എത്തിക്കാം എന്ന ചോദ്യവുമായി സുപ്രിയയെ പലരും ഇപ്പോള്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ താന്‍ മകളെ തയ്യാറാക്കിയത് എംഐടിക്കു വേണ്ടിയല്ല മറിച്ച് മകളുടെ ഇഷ്ടം മനസ്സിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ഈ അമ്മ പറയുന്നു.