Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വര്‍ഷം കൊണ്ടു എന്‍ജിനീയറിങ് പഠിച്ച 15കാരന്‍

nirbhay-thakkar

ഈ ബിടെക് പഠിക്കുകയെന്നതതു ചില്ലറ പണിയല്ലെന്ന് അത് പഠിച്ചിറങ്ങിയ എല്ലാവര്‍ക്കും അറിയാം. നീണ്ട നാലു വര്‍ഷത്തെ അന്തമില്ലാത്ത വിഷയങ്ങള്‍. വായിച്ചു തീര്‍ക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ട സിലബസ്, ലാബ് എക്‌സാം, അസൈന്‍മെന്റ്, പരീക്ഷ, സപ്ലി എന്നിങ്ങനെ തലകുത്തി നിന്നിട്ടാണു നാട്ടില്‍ പലരും ഇതൊന്ന് കടന്നു കൂടുന്നത്. ഇത്രയൊന്നും മെനക്കെടാന്‍ വയ്യാത്ത കൊണ്ട് എന്‍ജിനീയറിങ് ഇടയ്ക്കു വച്ച് ഇട്ടിട്ട് പോകുന്നവരും നിരവധി. ചിലര്‍ക്കാണെങ്കില്‍ പഠിച്ചിറങ്ങി വര്‍ഷം 10 കഴിഞ്ഞാലും എഴുതി തീരാത്ത അത്ര സപ്ലികളുടെ നീണ്ട നിര. 

എന്നാല്‍ നാലു വര്‍ഷത്തെ എന്‍ജിനീയറിങ് ബിരുദം ഒരു വര്‍ഷം കൊണ്ടു പഠിച്ചിറങ്ങിയ ഒരു 15 വയസ്സുകാരനെ പരിചയപ്പെടാം. അഹമ്മദാബാദ് സ്വദേശി നിര്‍ഭയ് താക്കറാണ് ആ അദ്ഭുത ബാലന്‍. തന്റെ പ്രായത്തിലുള്ളവരെല്ലാം പത്താം ക്ലാസ് പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ പുല്ലു പോലെ ബിടെക് ഇലക്ട്രിക്കല്‍ പരീക്ഷ പാസ്സായി ഇറങ്ങി വന്നവന്‍. ഗുജറാത്ത് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍(ജിടിയു) നിന്നാണു നിര്‍ഭയ് നിര്‍ഭയം ബിടെക് പാസ്സായത്. 

എട്ടാം ക്ലാസു മുതലാണു നിര്‍ഭയ് തന്റെ അതിവേഗ പഠനക്രമം ആരംഭിക്കുന്നത്. എട്ടു മുതല്‍ 10 വരെ ക്ലാസുകള്‍ ആറു മാസം കൊണ്ടും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ അടുത്ത മൂന്നു മാസം കൊണ്ടും പൂര്‍ത്തീകരിച്ചു. കേംബ്രിജ് ഇന്റര്‍നാഷണല്‍ എക്‌സാമിനേഷന്‍സ് നടത്തുന്ന ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന് കീഴിലായിരുന്നു പഠനം. 

ജിടിയു അഡ്മിഷന്‍ സമിതിയുടെയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെയും പ്രത്യേക അനുമതി നേടി എസ്എഎല്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലാണ് നിര്‍ഭയ് ചേര്‍ന്നത്. ഫാക്കല്‍റ്റ് അംഗങ്ങളുടെ കൂടെ സഹകരണത്തോടെ പ്രത്യേകം തയ്യാറാക്കിയ ഷെഡ്യൂള്‍ അനുസരിച്ചായിരുന്നു പഠനവും പരീക്ഷയെഴുത്തുമെല്ലാം. ഓരോ 40-50 ദിവസം കഴിയുമ്പോഴും നിര്‍ഭയ് സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഇരിക്കും. ആറു വിഷയങ്ങളുടെ 4000 പേജുകള്‍ ആ സമയം കൊണ്ടു നിര്‍ഭയ് പഠിച്ചു തീര്‍ത്തിരിക്കും. ജിടിയു മാനദണ്ഡങ്ങള്‍ അനുസരിച്ചു പ്രത്യേക ചോദ്യ പേപ്പര്‍ തയ്യാറാക്കുകയും നിര്‍ഭയ്ക്കു വേണ്ടി മാത്രമായി പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുകയും ചെയ്തു. 

നിര്‍ഭയ് ടെക്‌നിക്ക് ഇങ്ങനെ:
റിട്ട. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ പിതാവ് ധവാല്‍ താക്കറാണു മകന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ ആണിക്കല്ല്. ചെറിയ ക്ലാസുകളില്‍ കുട്ടി പഠിക്കാന്‍ മോശമാണെന്ന് അധ്യാപകര്‍ പറഞ്ഞതോടെ ധവാല്‍ താക്കര്‍ നിര്‍ഭയുടെ പഠനത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. ഒരു പ്രത്യേക പഠന രീതി തന്നെ ധവാല്‍ മകനു വേണ്ടി വികസിപ്പിച്ചെടുത്തു. 

ചുമ്മാ വായിച്ചു കാണാപാഠം പഠിക്കാതെ, ശ്രദ്ധയോടെ കേട്ട്, കേട്ട കാര്യങ്ങളെ ദൃശ്യവത്ക്കരിച്ച്, ആശയങ്ങള്‍ക്കു പ്രായോഗിക ആപ്ലിക്കേഷനുകള്‍ കണ്ടെത്തിയുള്ള പഠനമാണു ധവാല്‍ മകനായി ആവിഷ്‌ക്കരിച്ചത്. ഇതോടെ മാര്‍ക്കിനെ കുറിച്ചുള്ള ഭയം വിട്ടകന്നു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി നിര്‍ഭയ് പഠിച്ചു തുടങ്ങി. മകന്റെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടി ധവാല്‍ 36-ാം വയസ്സില്‍ തന്റെ ജോലി തന്നെ രാജി വച്ചു. 

ഭാവി പദ്ധതികള്‍
ഫൈറ്റര്‍ ഇലക്ട്രിക്ക് പ്ലെയിനിലും മുങ്ങിക്കപ്പലുകളിലും ഉപയോഗിക്കുന്ന 'സൂപ്പര്‍കണ്ടക്റ്റിങ് സിങ്ക്രോണസ് മെഷീന്‍' എന്ന പദ്ധതിയുമായി ബന്ധപ്പെട്ടു ഐഐടി ഗാന്ധിനഗറിലാണു നിര്‍ഭയ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. അടുത്ത നാലു വര്‍ഷം കൊണ്ട് 10 ബിടെക് ബിരുദങ്ങള്‍ കൂടി സ്വന്തമാക്കണമെന്നും വൈകാതെ പിഎച്ച്ഡി പഠനം ആരംഭിക്കണമെന്നും നിര്‍ഭയ് ലക്ഷ്യമിടുന്നു. 

പ്രതിരോധ രംഗത്തു പ്രവര്‍ത്തിച്ചു പുതുതലമുറ ആയുധങ്ങള്‍ നിര്‍മ്മിക്കണമെന്നാണു സ്വപ്നം. സ്വന്തമായി ഒരു ഗവേഷണ കേന്ദ്രവും സ്വകാര്യ മോഹമാണ്. അതേ സമയം നിര്‍ഭയ് പിന്തുടരുന്ന അതിവേഗ പഠനത്തിന്റെ മാര്‍ഗ്ഗം മറ്റ് വിദ്യാർഥികള്‍ക്കു കൂടി പകര്‍ന്നു നല്‍കാന്‍ ഒരു നിര്‍ഭയ് അക്കാദമി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണു പിതാവ് ധവാല്‍ താക്കര്‍. 

More Campus Updates>>