Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുട്ടികൾക്ക് ഇവർ ദൈവതുല്യർ; അതിനൊരു കാരണവുമുണ്ട്

diya-ghar

ചില തീരുമാനങ്ങൾ എടുക്കുമ്പോൾ രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടതായി വരാറില്ല...കാരണം ആ ഒരു തീരുമാനത്തിന് എല്ലായിപ്പോഴും ഒരു പൂർണതയുണ്ടായിരിക്കും. അപ്രകാരമൊരു തീരുമാനത്തിന്റെ ഉൽകൃഷ്ട സൃഷ്ടിയാണ് ദിയ ഘർ. 

ആകാശത്തെ തൊടാൻ കൊതിച്ചു നിൽക്കുന്ന നിരവധി ഫ്ലാറ്റുകൾ നിറഞ്ഞ നഗരമാണ് ബെംഗളൂരു. പക്ഷേ  ഈ കെട്ടിടങ്ങൾക്കു പിന്നിൽ അധ്വാനിക്കുന്ന തൊഴിലാളികളും അവർക്കൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കുടുംബവുമെല്ലാം എല്ലാകാലത്തും മുഖ്യധാരാ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടാറാണു പതിവ്. പലനാടുകളിൽ നിന്നെത്തി കെട്ടിടംപണികളിലേർപ്പെട്ട്...അതവസാനിക്കുമ്പോൾ മറ്റു തൊഴിലിടങ്ങൾ അന്വേഷിച്ചു നീങ്ങുന്ന തൊഴിലാളി കുടുംബങ്ങൾ ബെംഗളൂരു നഗരത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. കെട്ടിടം പണി നടക്കുന്നയിടങ്ങളിൽ മാതാപിതാക്കളെ സഹായിച്ചും കളിച്ചും നടക്കുന്ന നിരവധി ബാല്യങ്ങളുണ്ട്. ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്ന ഈ തൊഴിലിടങ്ങളിൽ വിദ്യാഭ്യാസവും നല്ല ജീവിത സാഹചര്യങ്ങളും നഷ്ടമാകുന്ന ആ ബാല്യങ്ങളെ നമ്മെ പോലുള്ള സമൂഹത്തിനു ശ്രദ്ധിക്കാൻ കൂടി നേരമില്ലാത്ത ഈ കാലത്തു അതിനൊരപവാദമാകുകയാണ് സരസ്വതി പദ്മനാഭവും ഭർത്താവ് ശ്യാമൾ കുമാറും. അങ്ങനെയുള്ള കുട്ടികൾക്കു പകൽ സമയങ്ങളിൽ അറിവിന്റെ അക്ഷരവെളിച്ചവും കളികളുടെ രസവും നല്ല ഭക്ഷണത്തിന്റെ രുചിയും പകർന്നു നല്കാൻ ആ ദമ്പതികൾ സ്ഥാപിച്ചതാണ് ദിയ ഘർ. 

പാരമ്പര്യമായി ലഭിച്ച കുറച്ചു ഭൂമി വിറ്റ് അതിൽ നിന്നു ലഭിച്ച തുകയാണ് ഈ സ്ഥാപനത്തിന്റെ ആദ്യ മൂലധനം. ഭർത്താവിന്റെ പൂർണപിന്തുണയോടെ 2016ലാണ് സരസ്വതി ദിയഘർ എന്ന ഈ സ്ഥാപനം ആരംഭിക്കുന്നത്. തൊഴിലാളികളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ആദ്യ സമയങ്ങളിൽ അല്പം പ്രയാസപ്പെട്ടെങ്കിലും ആ തടസം നീങ്ങാൻ അധികകാലം വേണ്ടി വന്നില്ല. പകൽ സമയം തങ്ങളുടെ മക്കൾക്കു ചെലവിടാൻ ഇതിലും സുരക്ഷിതമായ മറ്റൊരിടം ഉണ്ടാകില്ലെന്നു കുട്ടികളെ വിടാൻ വിമുഖത കാണിച്ചവർക്കു വളരെപ്പെട്ടന്നു തന്നെ മനസിലായി. തൊഴിലിടങ്ങൾ മാറുമ്പോൾ തങ്ങൾക്കൊപ്പം പോരാമോ എന്ന ചോദ്യങ്ങളിലേക്കു ആ തൊഴിലാളികളെ എത്തിക്കുന്നിടത്തേക്കു വിശ്വാസ്യതയാർജിക്കാൻ സരസ്വതിക്കും ദിയ ഘറിനും എളുപ്പം സാധിച്ചു. കേട്ടറിഞ്ഞും കണ്ടറിഞ്ഞും നിരവധിപേർ കുഞ്ഞുങ്ങളെ അങ്ങോട്ടയച്ചു. ഇന്നു മുപ്പതു കുട്ടികളുണ്ട് ഈ സ്ഥാപനത്തിൽ. കൂടെ നാല് അധ്യാപകരും രണ്ടു സഹായികളും. 

ശ്വേതയും ഇരേഷുമായിരുന്നു ഇവിടുത്തെ ആദ്യ വിദ്യാർഥികൾ. റായ്ച്ചൂരിൽ നിന്നും തൊഴിലന്വേഷിച്ചു ബെംഗളൂരുവിൽ എത്തിയ ഇവരുടെ കുടുംബത്തിൽ മൂന്നു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. നാലര വയസുള്ള ശ്വേതയും മൂന്നു വയസുള്ള ഇരേഷും ഒരു വയസു മാത്രം പ്രായമുള്ള ഗായത്രിയും. പണിസ്ഥലങ്ങളിൽ ഗായത്രിയെ എടുത്തുകൊണ്ടു നടക്കുന്ന ശ്വേത, സരസ്വതിക്ക് ഒരു നീറുന്ന കാഴ്ചയായിരുന്നു. അങ്ങനെയുള്ള നിരവധി കാഴ്ചകളാണ് ദിയ ഘർ എന്ന സ്ഥാപനം തുടങ്ങാൻ സരസ്വതിക്ക് പ്രേരണയായത്. ഇന്ന് ശ്വേത  ഒന്നാംക്ലാസ് വിദ്യാർഥിയാണ്. അതും നഗരത്തിലെ ഒരു പ്രധാന സ്കൂളിൽ. ഗായത്രിയും ഇരേഷും സരസ്വതിക്കൊപ്പം ദിയ ഘറിലുണ്ട്.

രണ്ടു മുതൽ ആറു വയസുവരെയുള്ള കുഞ്ഞുങ്ങൾക്കാണ് ഇവിടെ സംരക്ഷണം നൽകുന്നത്. രാവിലെ എട്ടരയ്ക്കു കുഞ്ഞുങ്ങളുടെ താമസസ്ഥലത്തു നിന്നും സ്കൂളിലെത്തിക്കുന്നു. ഇവരെ കുളിപ്പിച്ച് പ്രഭാത ഭക്ഷണം നൽകുന്നതോടെയാണു ദിയ ഘറിലെ  ഒരു പ്രവർത്തി ദിനം ആരംഭിക്കുന്നത്. പ്രഭാതഭക്ഷണത്തിനു പുറമെ ഉച്ചഭക്ഷണവും പാലും മുട്ടയുമെല്ലാം അടങ്ങുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഇടനേരങ്ങളിലും നൽകാറുണ്ട്. യുവലോക് എന്ന എൻജിഒയുടെ സഹായവും ഈ കാര്യത്തിൽ സരസ്വതിക്കുണ്ട്. സിമെന്റും പൊടിയും നിറഞ്ഞ ഒരു ലോകത്തുനിന്നും നിറയെ വർണങ്ങളും അക്ഷരങ്ങളും പൂക്കളും നിറഞ്ഞ ഒരു ബാല്യം കുഞ്ഞുങ്ങൾക്കു സമ്മാനിക്കാനായി ഈ മാർച്ചിൽ കൂടുതൽ സൗകര്യങ്ങൾ ഉള്ള, അറുപതു കുട്ടികളെ ഉൾക്കൊള്ളാൻ തക്ക വലിയൊരിടത്തേക്കു മാറുകയാണ് ദിയ ഘർ. സരസ്വതിയും ശ്യാമൾ കുമാറും അതിനുള്ള തിരക്കിട്ട ഓട്ടത്തിലാണ്.

ചിലർക്കു കർമങ്ങൾ കൊണ്ടു ചിലപ്പോൾ ദൈവതുല്യരാകാൻ സാധിക്കും. സരസ്വതിയും ശ്യാമളും ആ തൊഴിലാളികൾക്കും കുഞ്ഞുങ്ങൾക്കും എല്ലാ കാലത്തും ദൈവതുല്യരായിരിയ്ക്കും. കാരണം സ്വർഗ്ഗതുല്യമാണ് അവർക്കു ദിയ ഘർ.

Education News>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.