Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽപത്തെട്ടാം വയസ്സിൽ പിഎച്ച്ഡി നേടിയ ചുമട്ടുതൊഴിലാളി

ajaykumar സംസ്കൃതത്തിൽ പിഎച്ച്ഡി നേടിയ ചുമട്ടുതൊഴിലാളി ഡോ. കെ.കെ.അജയകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) 40–ാം വാർഷികാഘോഷച്ചടങ്ങായിരുന്നു വേദി.

സംസ്കൃതത്തിൽ ഞായം എന്നാൽ എന്താണെന്നു ചുമട്ടുതൊഴിലാളി അറിഞ്ഞിരിക്കണമെന്ന് ആരും വാശിപിടിക്കില്ല. പക്ഷേ, ഞായം എന്നാൽ ഭാരതീയ ദർശനങ്ങളിലൊന്നാണെന്നു ചുമട്ടുതൊഴിലാളിയായ കെ.കെ.അജയകുമാർ കണ്ണടച്ചു  പറയും.

ഇതു മാത്രമല്ല, സംസ്കൃതത്തെക്കുറിച്ചു സംശയമെന്തെങ്കിലുമുണ്ടെങ്കിൽ തീർത്തു തരാനും ആള് റെഡി.  കാരണം എടുത്താൽ പൊങ്ങില്ലെന്ന് എല്ലാവരും കരുതിയ പിഎച്ച്ഡി സ്വന്തമാക്കിയെന്ന പെരുമ അജയകുമാറിനു സ്വന്തം. 

പത്തനംതിട്ട മൈലപ്ര കടമണ്ണിൽ കെ.കെ.അജയകുമാർ എന്ന ചുമട്ടുതൊഴിലാളി നേതാവ് ഡോക്ടറേറ്റ് നേടുന്നത് ഒരു വർഷം മുൻപാണ് . അതും നാൽപത്തെട്ടാം വയസ്സിൽ. കാലടി സംസ്കൃത സർവകലാശാലയിൽ നിന്നു സംസ്കൃതത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയതോടെ പിറന്നതു ചരിത്രം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) വാർഷികത്തിന്റെ ഭാഗമായി കെ.കെ.അജയകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. 

ദലിത് സമുദായാംഗമായ അജയകുമാർ, ചെറുപ്പത്തിൽ കുടുംബക്ഷേത്രത്തിൽ ഭാഗവതം വായിച്ചും മറ്റുമാണു സംസ്കൃതത്തോട് അടുത്തത്. അച്ഛൻ ഭാഗവതം വായിക്കുന്നത് എല്ലാദിവസവും കേൾക്കുമെന്നതായിരുന്നു ആദ്യത്തെ അറിവ്. 

വലുതായപ്പോൾ സംസ്കൃതം പഠിക്കാൻ താൽപര്യം തോന്നിത്തുടങ്ങി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബിരുദ പഠനകാലത്തിനു ശേഷം  തന്നെ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയനിൽ (സിഐടിയു)  അംഗമായി. മൈലപ്രയിൽ അങ്ങനെ ചുമട്ടുതൊഴിലാളിയായി മാറി അജയകുമാർ എന്ന ചെറുപ്പക്കാരൻ. 

ജോലിക്കൊപ്പം പഠനവും തുടരാൻ തീരുമാനിച്ചതോടെ തിരുവനന്തപുരം വഞ്ചിയൂരിലെ സംസ്കൃത കോളജ് ക്യാംപസിലേക്ക് എത്തുകയായിരുന്നു. എംഎ പൂർത്തിയാക്കിയ ശേഷം പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തു. ഡോ. ജി.രാമമൂർത്തിയായിരുന്നു ഗൈഡ്. സംസ്കൃതത്തിൽ ഭാരതീയ ദർശനങ്ങളിലൊന്നായ ഞായം എന്നതായിരുന്നു ഗവേഷണ വിഷയം.

പഠനം തുടങ്ങിയ ശേഷം സ്വകാര്യ ആവശ്യങ്ങൾക്കായി അഞ്ചു വർഷത്തോളം മാറിനിൽക്കേണ്ടി വന്നെങ്കിലും കഴിഞ്ഞ വർഷം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. ഭാര്യ എ.കെ.രമണിയും മക്കള‍ായ മനസ് കെ.അജയ്, ചേതസ് കെ.അജയുമാണ് എല്ലാറ്റിനും പ്രോൽസാഹനമെന്ന് അജയകുമാർ പറഞ്ഞു.

More Success Stories>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.