Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 കിലോമീറ്റര്‍ മലമ്പാത താണ്ടി ഈ അധ്യാപകന്‍ വരുന്നത് ഒരേയൊരു വിദ്യാർഥിക്കു വേണ്ടി മാത്രം

bike

മഹാരാഷ്ട്രയിലെ ഭോര്‍ ഗ്രാമത്തിലെ മലനിരകള്‍. അവയിലെ, ഒരുവശത്ത് 400 അടി താഴ്ചയുള്ള, പൊടിമണ്ണു നിറഞ്ഞ വഴിയിലൂടെ ദിവസവും 50 കിലോമീറ്റര്‍ ബൈക്കോടിക്കുന്ന ചെറുപ്പക്കാരന്‍. രഞ്ജിനികാന്ത് മെന്ധേയെന്ന ഈ യുവാവിന്റെ ബൈക്ക് യാത്ര കണ്ടാല്‍ ഇദ്ദേഹം ഒരു മഡ് ട്രാക്ക് ബൈക്കറാണോ എന്നു തോന്നിപ്പോകും. എന്നാല്‍ ഇവിടുത്തെ ഏക ഗവണ്‍മെന്റ് സ്‌കൂളായ ചന്ദര്‍ ഗ്രാമീണ സ്‌കൂളിലെ അധ്യാപകനാണ് ഈ 29 കാരന്‍. ഈ കഷ്ടപ്പാടെല്ലാം സഹിച്ചു രഞ്ജിനികാന്ത് എത്തുന്നതാകട്ടെ ഈ സ്‌കൂളിലെ ഒരേയൊരു വിദ്യാർഥിയായ യുവ്‌രാജ് സാംഗ്ലയെ പഠിപ്പിക്കാനും. 

കഴിഞ്ഞ രണ്ട് വര്‍ഷമായി യുവ്‌രാജ് (8) ഇവിടുത്തെ ഏക വിദ്യാർഥിയാണ്. പുണെയില്‍ നിന്നു 100 കിലോമീറ്റര്‍ അകലെയുള്ള ഭോര്‍ ഗ്രാമത്തില്‍ 15 കുടിലുകളിലായി 60 പേരാണു താമസം. എട്ടു വര്‍ഷം മുന്‍പു രഞ്ജിനികാന്ത് ചന്ദര്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ 11 വിദ്യാർഥികളുണ്ടായിരുന്നു.  ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ അകലെയായതിനാല്‍ പലരും പഠിത്തം നിര്‍ത്തി. പെണ്‍കുട്ടികളില്‍ പലരും ഗുജറാത്തിലേക്കു ദിവസക്കൂലിക്കു ജോലി ചെയ്യാന്‍ പോയി. കുട്ടികളെ പഠിക്കാന്‍ വിടണമെന്ന് അധ്യാപകന്‍ അപേക്ഷിച്ചെങ്കിലും പലരും ചെവി കൊടുത്തില്ല. 

1985 ലാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. കുറച്ചു കാലം മുന്‍പു വരെ മേല്‍ക്കൂരയില്ലാത്ത നാലു ഭിത്തികള്‍ മാത്രമായിരുന്നു സ്‌കൂളിനുണ്ടായിരുന്നത്. അടുത്തിടെ മുകളിലൊരു ആസ്ബറ്റോസ് ഷീറ്റ് കൂടി കിട്ടി. 50 കിലോമീറ്റര്‍ അകലെയുള്ള ഖാനപുരില്‍ നിന്നാണു രഞ്ജിനികാന്ത് സ്‌കൂളിലെത്തുന്നത്. മഴ തുടങ്ങിയാല്‍, പൊടി നിറഞ്ഞ മലനിരകളിലെ വഴി ചെളിക്കുണ്ടായി മാറും. അതിലൂടെ ബൈക്ക് ഓടിച്ചെത്താനുള്ള പ്രയത്‌നം ചില്ലറയല്ല. പഠിക്കാന്‍ കുട്ടികളില്ലെങ്കിലും ഈ പ്രദേശത്തു പാമ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഒരിക്കല്‍ സ്‌കൂളിലെ ആസ്ബറ്റോസ് ഷീറ്റിനു മുകളില്‍ നിന്നൊരു പാമ്പ് അധ്യാപകന്റെ മുകളിലേക്കു വീണു. മറ്റൊരിക്കല്‍ ബൈക്കോടിച്ചു കയറ്റിയത് ഉഗ്രനൊരു പാമ്പിനു മുകളിലൂടെ. 

രാവിലെ സ്‌കൂളിലെത്തിയാല്‍ രഞ്ജിനികാന്തിന്റെ ആദ്യ ജോലി യുവ്‌രാജിനെ അന്വേഷിച്ചു കണ്ടുപിടിക്കലാണ്. കൂട്ടുകാരില്ലാത്തതിനാല്‍ സ്‌കൂളില്‍ വരാന്‍ താത്പര്യമില്ലാത്ത യുവ്‌രാജ് വല്ലയിടത്തുമൊക്കെ ഒളിച്ചിരിക്കുകയാകും പലപ്പോഴും. യുവ്‌രാജിന്റെ പഠനം രസകരമാക്കാന്‍ തന്നെക്കൊണ്ടു കഴിയുന്ന വിധമെല്ലാം ഈ അധ്യാപകന്‍ പരിശ്രമിക്കുന്നുണ്ട്. 

ഗ്രാമപഞ്ചായത്ത് അധികൃതര്‍ രണ്ടു വര്‍ഷം മുന്‍പ് സ്‌കൂളിനായി ഒരു 12 വോള്‍ട്ട് സോളാര്‍ പാനല്‍ നല്‍കിയിരുന്നു. ഇത് ഉപയോഗിച്ച് ചെറിയൊരു ടിവിസെറ്റ് രഞ്ജിനികാന്ത് സ്‌കൂളില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പുറം ലോകത്തോടുള്ള യുവ്‌രാജിന്റെ താത്പര്യം വർധിപ്പിക്കാന്‍ രണ്ട് ടാബ്‌ലറ്റുകളും ഈ അധ്യാപകന്‍ കൊണ്ടുവന്നു. സ്‌കൂളിലേക്കുള്ള വഴിയുടെ അപകടത്തെക്കുറിച്ചും കാഠിന്യത്തെക്കുറിച്ചും തന്റെ വീട്ടുകാര്‍ക്കു പോലും അറിയില്ലെന്നു രഞ്ജിനികാന്ത് പറയുന്നു. സില്ല പരിഷദ് അധ്യാപകനായ രഞ്ജിനികാന്തിന് അഞ്ചു വര്‍ഷത്തെ സേവനം കഴിഞ്ഞാല്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാമെങ്കിലും ഒഴിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതു നടക്കുകയുള്ളൂ. 

Education News>>