Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1000 പേർക്ക് സൗജന്യ നൈപുണ്യ പരിശീലനം

155442276

തിരുവനന്തപുരം ∙ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജനയിലൂടെ തീരദേശത്തെ 1000 നിർദ്ധന യുവതീയുവാക്കൾക്ക് ഈ വർഷം സൗജന്യ നൈപുണ്യ പരിശീലനം നൽകുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 3000 പേർക്ക് വിദഗ്‌ധ തൊഴിൽ പരിശീലനം നൽകാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തുറമുഖ വികസനം വരുമ്പോഴുണ്ടാകുന്ന തൊഴിലുകൾ മുൻനിർത്തി നൈപുണ്യ വികസനം നടത്താൻ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം വഴി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം രൂപം കൊടുത്ത പദ്ധതിയാണ് സാഗർമാല. തീരദേശ മേഖലയിലെ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ  ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

തീരദേശ വാസികളായ യുവതീയുവാക്കൾക്ക് ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള തൊഴിൽ ഇടങ്ങളിൽ ജോലി ഉറപ്പാക്കി നൽകുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിൽ പെട്ട യുവജനങ്ങൾക്ക് വിവിധ മേഖലകളിൽ വിദഗ്‌ധ തൊഴിൽ പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതോടെ ഇവരുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുമെന്നതാണ് പദ്ധതിയുടെ നേട്ടം. 

മൂന്നു മാസം മുതൽ ഒരു വർഷം വരെയാണ് കോഴ്‌സുകളുടെ കാലാവധി. ലൈഫ്‌ഗാർഡ്‌സ്, ഫിഷ് ആൻഡ് സീ ഫുഡ് പ്രോസസിങ്, ഡീപ് സീ ഫിഷിങ്, ക്രെയിൻ ഓപ്പറേറ്റേഴ്‌സ്, ഇലക്ട്രിക് ആർക്ക് വെൽഡിങ്, തുടങ്ങിയ മേഖലകളിലാകും പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ആദ്യഘട്ടത്തിൽ നൈപുണ്യ പരിശീലനം നൽകുക. 

പദ്ധതി നടത്തിപ്പിനായി കുടുംബശ്രീ നിഷ്‌ക്കർഷിച്ച മാനദണ്‌ഡങ്ങൾ പ്രകാരം പരിശീലനം നൽകാൻ കഴിയുന്ന തൊഴിൽ പരിശീലന ഏജൻസികളെ എംപാനൽ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഏജൻസികളുടെ പ്രവർത്തന മികവിന്റെ സൂക്ഷ്‌മപരിശോധന പൂർത്തിയാക്കിയ ശേഷം വിശദമായ റിപ്പോർട്ട് പ്രോജക്‌ട് അപ്രൂവൽ കമ്മിറ്റിയുടെ അനുമതിക്കായി സമർപ്പിക്കും.

ഇതിന് അനുമതി ലഭിക്കുന്ന മുറയ്‌ക്ക് 45  ദിവസത്തിനുള്ളിൽ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർ, ബ്‌ളോക്ക് കോ-ഓർഡിനേറ്റർമാർ, കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർ, സി.ഡി.എസ്, എ.ഡി.എസ് പ്രവർത്തകർ എന്നിവർ മുഖേനയാണ് പദ്ധതി ഗുണഭോക്താക്കളെ കണ്ടെ ത്തുക.