Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 കോടി രൂപ; കഴക്കൂട്ടം സ്കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക്

kazhakoottam-school

കഴക്കൂട്ടം: പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് കഴക്കൂട്ടം ഗവ.ഹൈസ്കൂളിന്. എട്ടുവീട്ടില്‍ പിള്ളമാരില്‍ പ്രധാനിയായിരുന്ന കഴക്കൂട്ടത്ത് പിള്ളയുടെ താല്‍പര്യത്തില്‍ 1899 ല്‍ ആരംഭിച്ച സ്കൂളാണ് ഇത്. 2004ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും തുടങ്ങി.പ്രീപ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഈ സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും തടസ്സം നിന്നത് സ്ഥല സൗകര്യക്കുറവും, ശോച്യാവസ്ഥയിലായ പഴയ കെട്ടിടങ്ങളും, അശാസ്ത്രീയമായി പിന്നീട് നിര്‍മ്മിച്ച കെട്ടിടങ്ങളുമായിരുന്നു. 

കേരളത്തിന്റെ ഐ.ടി തലസ്ഥാനമായ കഴക്കൂട്ടത്ത് നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്നത് കഴക്കൂട്ടം മണ്ഡലത്തിലെ ജനപ്രതിനിധിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഗ്ദാനമായിരുന്നു. സ്ഥല സൗകര്യക്കുറവുള്ളതിനാല്‍ ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിനും, കുട്ടികള്‍ക്ക് മതിയായ കളിസ്ഥലം മധ്യഭാഗത്ത് ഒരുക്കി നല്‍കുന്നതിനും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് നവീകരണത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയത്. ഇടതുമുന്നണി സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി, സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം രാജ്യാന്തര നിലവാരത്തിലാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന് കഴക്കൂട്ടം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിനെ തെരഞ്ഞെടുത്തത് തന്നെ ആദ്യമേ തന്നെ ഇതിനുള്ള ആസൂത്രണം തുടങ്ങിയത് കൂടി കണക്കിലെടുത്താണ്.

പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍,ടെക്നോ നഗരത്തിലെ ഈ പ്രധാന സ്കൂളില്‍ നടപ്പാക്കുന്ന ഈ വികസന പദ്ധതി നാടിനാകെ മാതൃകയാകുകയാണ്. 5 കോടി രൂപയാണ് കഴക്കൂട്ടം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അധികമായി വേണ്ടിവരുന്ന തുക പൊതുനന്മയില്‍ തല്‍പ്പരരായവരുടെ സഹകരണത്തോടെ സമാഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം തന്നെ രാജ്യാന്തര നിലവാരത്തില്‍ സജ്ജീകരിക്കുന്ന പുതിയ സ്കൂള്‍ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

തലമുറകളായി കഴക്കൂട്ടം സ്കൂളില്‍ പഠിച്ചുവളര്‍ന്ന നാട്ടുകാര്‍ സ്കൂള്‍ വികസന പദ്ധതി ഉത്സവാഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ്.പൂര്‍വവിദ്യാര്‍ത്ഥികള്‍ ഇതിനായി നവമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കഴക്കൂട്ടം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിര്‍വഹിക്കുക. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കുളത്തൂര്‍ ഗവ.ഹൈസ്കൂളിനെയും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയും 5 കോടിയോളം രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.