Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറിക്കു ശേഷം എങ്ങോട്ട് ? ആശയക്കുഴപ്പം തീർന്നിട്ടില്ലേ ? ശ്രദ്ധിക്കാൻ അഞ്ചു കാര്യങ്ങൾ

Author Details
x-default x-default

‘ടൂ റോഡ്സ് ഡൈവേർജ്ഡ് ഇൻ എ യെലോ വുഡ്’ – റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ. യാത്ര തുടരാൻ ഏതെങ്കിലും ഒരു വഴി തിരഞ്ഞെടുക്കണം. പക്ഷേ ഏത് ?

ഏതാണ്ട് ഇതേ അവസ്ഥയാണു ഹയർ സെക്കൻഡറി തലം പിന്നിട്ട വിദ്യാർഥികളും നേരിടുന്നത്. ഇതുവരെ ഒരേ വഴിയേ സുഖമായി യാത്ര ചെയ്തവർ പൊടുന്നനെ ഒരു ജംക്‌ഷനിലെത്തി; എങ്ങോട്ടു തിരിയണമെന്ന നിർണായക തീരുമാനം എടുക്കേണ്ട ഘട്ടം. ചിലർക്കു മുന്നിൽ പല വഴികളുണ്ടാകും. അപ്പോൾ ആശയക്കുഴപ്പമേറും. എൻജിനീയറിങ്ങോ ആർക്കിടെക്ചറോ നല്ലത്, കോർ സയൻസ് പഠനത്തിലൂടെ ഗവേഷണത്തിലേക്കു കടക്കണോ... ഇങ്ങനെ ഉത്തരം കിട്ടാതെ നിൽക്കുകയാകും. മറ്റു പലരുമാകട്ടെ, കിട്ടുന്ന കോഴ്സിനു ചേരും. പിന്നെയാണു കരിയറിനെക്കുറിച്ചു ചിന്തിക്കുക. സ്കൂൾ കാലത്തുതന്നെ തുടർന്നു പഠിക്കേണ്ട കോഴ്സും ഭാവി കരിയറും സംബന്ധിച്ച ആലോചന വേണം. പരിഗണിക്കേണ്ട അഞ്ചു ഘടകങ്ങൾ ഇതാ.

വേണം അഭിരുചി

കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അഭിരുചി വലിയ ഘടകമാണ്. ഇത്ര നാളത്തെ പഠനത്തിൽ ഏറ്റവും താൽപര്യമുള്ള മേഖല കണ്ടെത്തി എഴുതിവയ്ക്കുക. നമ്മളെ ഏറെ കൊതിപ്പിച്ചിട്ടുള്ള ജോലിയെക്കുറിച്ചും കുറിക്കാം. തുടർന്ന് ഈ മേഖലയിലുള്ള കോഴ്സുകൾ വിലയിരുത്തുക. മാത്‌സ്, ഫിസിക്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്... വിഷയങ്ങൾ പലത്. സ്കൂൾ കാലത്ത് ഈ വിഷയങ്ങളിൽ പുലർത്തുന്ന താൽപര്യവും ലഭിക്കുന്ന മാർക്കും ബിരുദപഠനത്തിലേക്കുള്ള ചൂണ്ടുപലകയാണ്.

 അറിയണം സാധ്യത

എന്നാൽ അഭിരുചി മാത്രമാകരുത് കോഴ്സ് തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം. ഓരോ കോഴ്സിനും രാജ്യത്തും വിദേശത്തുമുള്ള സാധ്യതകൾ മനസ്സിലാക്കി വേണം മുന്നോട്ടുപോകാൻ. പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ഇന്റർനെറ്റ് എന്നിവയിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിക്കാം. മിക്കവരും ചെയ്യാൻ വിട്ടുപോകുന്ന മറ്റൊരു കാര്യമുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായുള്ള ആശയവിനിമയം. ഓരോ തൊഴിൽമേഖലയിലെയും യഥാർഥ സാഹചര്യങ്ങൾ അങ്ങനെയറിയാം. അതിനു‌ള്ള ഏറ്റവും നല്ല ഉപാധികളാണ് ഫെയ്സ്ബുക്, ലിങ്ക്ഡ്ഇൻ തുടങ്ങിയ സമൂഹമാധ്യമങ്ങൾ.

സിലബസ് വായിക്കണം

ഒരു കോഴ്സിനു ചേരും മുൻപ് അതിന്റെ സിലബസ് അറിയേണ്ടത് അത്യാവശ്യമാണ്. താൽപര്യങ്ങൾ നമ്മെ തെറ്റായ തീരുമാനങ്ങളിലേക്കു നയിച്ചേക്കാം. ഉദാ: ഒരു വിദ്യാർഥിക്കു വാഹനങ്ങളോട് ഏറെ കമ്പമുണ്ടാകും. എന്നാൽ മാത്‌സിലും ഫിസിക്സിലും മോശമാണ്. ഇങ്ങനെയൊരാൾ ഓട്ടമൊബീൽ എൻജിനീയറിങ് പഠിച്ചുതുടങ്ങുമ്പോഴാകും പണിപാളുക. ദേ കിടക്കുന്നു, കാൽക്കുലസ് മുതൽ തെർമോഡൈനമിക്സ് വരെ സകല വില്ലൻമാരും സിലബസിൽ. താൽപര്യമുള്ള മേഖലയിൽ ഇഷ്ടമില്ലാത്ത ഒട്ടേറെ വിഷയങ്ങൾ പഠിക്കാനുണ്ടാകും. ഇവയെ മെരുക്കാമെന്നു ശുഭാപ്തിവിശ്വാസമുണ്ടെങ്കിൽ പിന്നെ ആശങ്ക വേണ്ട.

സ്ഥാപനം പ്രധാനം

ഏതു സ്ഥാപനം എന്നതും പ്രധാനം. പഠിക്കുന്ന സ്ഥാപനവും അവിടത്തെ ബന്ധങ്ങളുമാകും നമ്മുടെ കരിയർ നിശ്ചയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുക. മുൻവർഷങ്ങളിലെ പ്ലേസ്മെന്റ് വിവരങ്ങൾ, നിലവാരം കണക്കാക്കി ദേശീയ തലത്തിലുള്ള എൻഐആർഎഫ് റാങ്കിങ് എന്നിവ പരിഗണിക്കാം. പ്രവേശനരീതി, പഠനച്ചെലവ് എന്നിവയും കൃത്യമായി മനസ്സിലാക്കിവയ്ക്കണം. അവിടെ പഠിക്കുന്നവരുമായും പൂർവവിദ്യാർഥികളുമായും സംസാരിക്കുകയും വേണം.

വഴികാട്ടാൻ അധ്യാപകർ

സ്വയം വിലയിരുത്തുമ്പോൾ നമ്മളെല്ലാം സത്യ നാദെല്ലയും ഇലോൺ മസ്കും സുന്ദർ പിച്ചൈയുമൊക്കെയാണെന്നു തോന്നാമെങ്കിലും മറ്റുള്ളവർക്കു നമ്മെക്കുറിച്ചുള്ള വിലയിരുത്തലും അറിഞ്ഞിരിക്കണം. നിഷ്പക്ഷ അഭിപ്രായം അറിയാൻ നമ്മെ പഠിപ്പിച്ച അധ്യാപകരോടു തന്നെ ചോദിക്കുക.

ഇഷ്ടവിഷയങ്ങൾ പഠിച്ചവർ....

students-iit മുഹമ്മദ് ഫാദിൽ, ത്രേസി ജോബോയ് ലോറൻസ്, ജിൻസ് പയസ്

ഐഐടി വഴി കേംബ്രിജിലേക്ക്

ചെറുപ്പത്തിൽ തന്നെ മാത്‌സിനോടും ഫിസിക്സിനോടുമുണ്ടായിരുന്ന താൽപര്യമാണു മേഖല സയൻസ് എന്ന തീരുമാനത്തിലെത്തിച്ചത്. അതിൽ തന്നെ പ്രായോഗിക തലത്തിനോടായിരുന്നു ആഭിമുഖ്യം. അങ്ങനെ എൻജിനീയറിങ് തീരുമാനിച്ചു. മെക്കാനിക്കൽ ആയിരുന്നു ഇഷ്ടവിഷയമെങ്കിലും കെമിക്കൽ ലഭിച്ചതിനാൽ അതെടുത്തു. ഇപ്പോൾ കേംബ്രിജ് സർവകലാശാല ദക്ഷിണേന്ത്യൻ വിദ്യാർഥികൾക്കു നൽകുന്ന പേമണ്ഡ മോനപ്പ സ്കോളർഷിപ് ലഭിച്ചു. കേംബ്രിജിൽ ഉപരിപഠനത്തിന് ഉടൻ ചേരും. കഠിനാധ്വാനം ചെയ്താൽ ഏതു കോഴ്സിലും വിജയം നേടാം. എന്നാൽ തിരഞ്ഞെടുക്കുന്ന കോളജും പ്രധാനമാണ്. ഞാൻ ഐഐടിയിൽ പഠിച്ചതിനാലാണു കേംബ്രിജ് സ്കോളർഷിപ്പിനെക്കുറിച്ച് അറിഞ്ഞത്. മികച്ച സ്ഥാപനങ്ങളിൽ മികച്ച വിദ്യാർഥി നെറ്റ്‌വർക്കുകളുണ്ട്. അതിനാൽ, പഠിക്കാൻ പോകുന്ന കോളജിനെക്കുറിച്ച് കൃത്യമായ ധാരണ വേണം.

മുഹമ്മദ് ഫാദിൽ,

ഐഐടി– ബനാറസ് ഹിന്ദു സർവകലാശാല,

കെമിക്കൽ എൻജിനീയറിങ്,

നാലാം വർഷം

എട്ടാ ംക്ലാസിൽ തീരുമാനിച്ചു, നിയമപഠനം

എട്ടാം ക്ലാസ് മുതൽ നിയമം പഠിക്കണമെന്ന് ഉറപ്പിച്ചിരുന്നു. സ്കൂളിൽ ഇത്തരം കോഴ്സുകളെക്കുറിച്ചറിയാൻ അവസരമുണ്ടായിരുന്നു. അച്ഛന്റെ കൂട്ടുകാരിൽ ചിലർ അഭിഭാഷകരായിരുന്നതും സഹായകരമായി. കോടതിമുറികളിലെ വാദത്തിനപ്പുറം സാധ്യതകളുള്ള കോഴ്സാണു ലോ. കോർപറേറ്റ് ലോയിലാണു ഞാൻ ശ്രദ്ധിക്കുന്നത്. ഗവേഷണം, ബിസിനസ് മാനേജ്മെന്റ്, സ്റ്റാർട്ടപ് തുടങ്ങി ഒട്ടേറെ അവസരങ്ങളുണ്ട്. പരന്ന വായനയും കേസുകളെക്കുറിച്ചു പഠിക്കാനുള്ള താൽപര്യവും ക്ഷമയുമാണു നിയമവിദ്യാർഥികൾക്ക് അത്യാവശ്യം വേണ്ടത്. സംസാരിക്കാനുള്ള കഴിവ് കുറവാണെങ്കിലും പ്രശ്നമില്ല, കോളജുകളിൽ ഇതു വികസിപ്പിച്ചെടുക്കാം.

ത്രേസി ജോബോയ് ലോറൻസ്, നാഷനൽ ലോ യൂണിവേഴ്സിറ്റി, ഡൽഹി

ഇഷ്ടവിഷയം പഠിക്കാം, മുൻവിധി വേണ്ട

താൽപര്യത്തിനാകണം പ്രധാന പരിഗണന; ഇല്ലെങ്കിൽ ഒരു കരിയറിലും ശോഭിക്കാനാകില്ല. എന്നാൽ ഇഷ്ടമേഖലയിലെ ഏറ്റവും മികച്ച അവസരം തന്നെ നമ്മൾ തേടണം.

പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്നവർക്കേ ജോലി ലഭിക്കൂ എന്ന തെറ്റിദ്ധാരണ മലയാളിസമൂഹത്തിൽ ശക്തമാണ്. ഇതിന് അടിസ്ഥാനമില്ല. പ്രഫഷനൽ കോഴ്സുകളിൽ പലപ്പോഴും നമ്മുടെ ഒരു വൈദഗ്ധ്യം പരിഗണിക്കുമ്പോൾ, നോൺ പ്രഫഷനൽ കോഴ്സുകളിൽ പലതരം വൈദഗ്ധ്യങ്ങളാണു പരിഗണിക്കുന്നത്.

ജോലി കിട്ടാൻ സാധ്യതയില്ല എന്ന മുൻവിധിയിൽ ഇഷ്ടമുള്ള കോഴ്സ് പഠിക്കാതിരിക്കരുത്. ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു ഗ്രാഹ്യവുമില്ലാത്ത വിഷയം എടുക്കുകയും അരുത്.

ജിൻസ് പയസ്,

ബിഎസ്‌സി ഫിസിക്സ്,

സെന്റ് സ്റ്റീഫൻസ് 

കോളജ്, ഡൽഹി