Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം റാങ്ക് ജേതാവിന്റെ വിജയ രഹസ്യം

Author Details
ജെസ് മരിയ ബെന്നി

ഒരു തെറ്റുതിരുത്തലാണു തന്റെ വിജയരഹസ്യമെന്നു ജെസ് മരിയ ബെന്നി പറയും. പ്ലസ്ടുവിനുശേഷം ഒരു വർഷം നീണ്ട തെറ്റുതിരുത്തൽ യജ്ഞം. വായിച്ചുപഠിക്കുന്ന രീതി മാറ്റി ചോദ്യക്കടലാസുകൾ ചെയ്തുപഠിച്ചു തുടങ്ങി. അതാണു ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ ‘നീറ്റി’ൽ 720ൽ 664 മാർക്കോടെ ദേശീയതലത്തിൽ 56–ാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടാൻ ജെസിനെ സഹായിച്ചത്. ഇതുൾപ്പെടെ വിജയത്തിൽ നിർണായകമായ അഞ്ചു ഘടകങ്ങൾ ജെസ് പറയുന്നു.

1. എഴുതി നേടി

മൂന്നു വർഷമായി എൻട്രൻസ് പഠനമുണ്ട്. പ്ലസ് വണ്ണിൽ തുടങ്ങിയതാണു കോച്ചിങ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരക്കണക്കിനു മോഡൽ ചോദ്യങ്ങൾ ചെയ്തുതീർത്തു. ഓരോ ചോദ്യവും ചെയ്യുമ്പോഴുണ്ടാകുന്ന സംശയങ്ങൾ പഠനത്തെ പുതിയ മേഖലകളിലേക്കു വ്യാപിപ്പിച്ചു. ബയോളജി, കെമിസ്ട്രി ഉത്തരങ്ങൾ പെട്ടെന്ന് ഓർമയിലെത്താനും എഴുതിയുള്ള പഠനം സഹായിച്ചു.

2. മോക്ക് ടെസ്റ്റ്

പരീക്ഷാസമയം കൃത്യമായി മാനേജ് ചെയ്യാൻ മോക്ക് ടെസ്റ്റുകൾ സ്വയം നടത്തി.  പരീക്ഷാ സാഹചര്യങ്ങൾ പൂർണമായും സൃഷ്ടിച്ച് അതിവേഗം ചോദ്യങ്ങൾ ചെയ്തു തീർത്തു. സ്പീഡ് ലഭിച്ചതങ്ങനെ.

3. ബയോളജി ഫസ്റ്റ്

സമയം മാനേജ് ചെയ്യാൻ ഉത്തരമെഴുതുമ്പോൾ ബയോളജി, കെമിസ്ട്രി, അതിനുശേഷം ഫിസിക്സ് എന്ന ക്രമം ശീലിച്ചിരുന്നു. ഫിസിക്സിലെ പ്രോബ്ലങ്ങൾ ചെയ്യാൻ ആവശ്യത്തിനു  സമയം അങ്ങനെ കണ്ടെത്തി.

4. ഹോസ്റ്റൽ പഠനം

പ്രവേശനപരീക്ഷകൾക്കു ഹോസ്റ്റലിൽ താമസിച്ചു പഠിക്കണം. ചുറ്റും പഠിക്കുന്ന കുട്ടികൾ മാത്രം. അതു കാണുമ്പോൾതന്നെ പഠിക്കാനുള്ള  തോന്നലുണ്ടാകും. ക്ലാസുള്ളപ്പോൾ ആറുമണിക്കൂറും ക്ലാസില്ലാത്തപ്പോൾ 12 മണിക്കൂറുമായിരുന്നു പഠനം.

5. റീചാർജ് പോയിന്റ്

രണ്ടു മാസത്തിനൊരിക്കലാണ് അങ്കമാലിയിലെ വീട്ടിലേക്കു പോയിരുന്നത്. പിന്നെ പുസ്തകം തൊട്ടുകൂടി നോക്കില്ല. ക്ഷീണവും സമ്മർദവും മുഴുവൻ തീർത്ത്, വീണ്ടും രണ്ടുമാസം വിശ്രമമില്ലാത പഠിക്കാനുള്ള ‘റീചാർജിങ്’. ഇതിനൊക്കെ പുറമെ, മറ്റൊരു കാരണം കൂടി ജെസിനു പറയാനുണ്ട്. അച്ഛൻ ബെന്നി ജോണും അമ്മ ജെസീന്തയും സഹോദരൻ ജോൺ ബെന്നിയും നൽകിയ പ്രചോദനം.