Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിക്കരഞ്ഞവർ അ‍ധ്യാപകന്റെ സ്ഥലം മാറ്റം തടഞ്ഞു

അധ്യാപക – വിദ്യാര്‍ഥി സ്നേഹത്തിന്‍റെ അത്യപൂര്‍വമായൊരു കാഴ്ച കാണാം. തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ സ്ഥലം മാറി പോകുന്ന അധ്യാപകനെ സ്കൂളിന് പുറത്തുവിടാതെ വിദ്യാര്‍ഥികള്‍ തടഞ്ഞു. ഗേറ്റ് ഉപരോധിച്ചും പൊട്ടിക്കരഞ്ഞും അവര്‍ ഗുരുനാഥനെ ചേര്‍ത്തുപിടിച്ച് ക്ലാസ് മുറിയിലേക്ക് തിരികെ എത്തിച്ചു. സമരത്തെ തുടര്‍ന്ന് സ്ഥലം മാറ്റ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു.

ഒരധ്യാപകന്‍ സ്ഥലം മാറി പോകുന്നത് തടഞ്ഞ വിദ്യാര്‍ഥികളാണിത്. തിരുവള്ളൂരിലെ വെള്ളിങ്ങരം സര്‍ക്കാര്‍ സ്കൂളില്‍ നിന്നുള്ള കാഴ്ച. ഇരുപത്തിയെട്ടുകാരനായ ഭഗവാന്‍ 2014 ലാണ് ഇംഗ്ലീഷ് അധ്യാപകനായി എത്തുന്നത്. അതുവരെ പഠനത്തില്‍ പിന്നോട്ടായിരുന്ന സ്കൂള്‍ ഭഗവാന്‍ എന്ന യുവ അധ്യാപകന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നിലെത്തി. 2014 മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയിലടക്കം ആരും ഇംഗ്ലീഷില്‍ പരാജയപ്പെട്ടില്ല. ഗുരുനാഥന്‍ മാത്രമല്ല, ജ്യേഷ്ഠനും, സുഹ‍ൃത്തും, രക്ഷിതാവുമൊക്കെയാണ് വിദ്യാര്‍ഥികള്‍ക്ക് ഭഗവാന്‍. ആ സ്നേഹമാണ് പ്രതിഷേധത്തിലൂടെ അവര്‍ പ്രകടിപ്പിച്ചത്.

സ്കൂളിന് പുറത്തേക്ക് പോകാന്‍ സമ്മതിക്കാതെ വിദ്യാര്‍ഥികള്‍ അധ്യാപകനെ ചേര്‍ത്തുപിടിച്ചു. ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവന്നു.  വിദ്യാര്‍ഥി സ്നേഹത്തിന് മുന്നില്‍ ഗുരുനാഥനും പൊട്ടിക്കരഞ്ഞു.സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാനാണ് സാധ്യത.

Education News>>