Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കള സർവീസ് ഉപദേശിച്ച കണക്കു മാഷിന് എന്റെ ഇംഗ്ലീഷ് ഡോക്ടറേറ്റ് സമർപ്പിക്കുന്നു!

suchitra

തമിഴ്‌നാട്ടിലെ ഒരധ്യാപകനെ വിദ്യാർഥികൾ സ്നേഹം കൊണ്ട് തിരിച്ചുപിടിച്ചപ്പോൾ ഒരു നിമിഷമെങ്കിലും അതുപോലെയാകാൻ കൊതിക്കാത്ത അധ്യാപകർ ഉണ്ടാവില്ല. കാരണം ആ അധ്യാപകൻ മറ്റുള്ളവർക്ക് ഒരു മാതൃകയാവുകയായിരിക്കുന്നു. സ്വന്തം മക്കളെപ്പോലെ അവരെ തന്റെ നെഞ്ചോടു ചേർത്തുപിടിക്കുകയായിരുന്നു. ഈ സംഭവത്തെ മുൻനിർത്തി സുചിത്ര കെ പി എന്ന യുവതി എഴുതിയ കുറിപ്പ് ഫെയ്‌സ്ബുക്കിൽ ശ്രദ്ധേയമാവുകയാണ്.  

സുചിത്ര കെ പി എഴുതിയ കുറിപ്പ് വായിക്കാം;   ഒരു അധ്യാപകൻ എന്താകണം എന്ന് ചിത്രം പറയുമ്പോൾ, എന്ത് ആകരുത് എന്ന് ഓർമപ്പെടുത്തുന്ന ചില മുഖങ്ങൾ മനസിലേക്കു വരുന്നു. ഇരുണ്ട നിറമായതിനാൽ ഗ്രൂപ്പ് ഡാൻസിൽ നിന്നും എന്നെ ഒഴിവാക്കിയ ഫസ്റ്റ് സ്റ്റാൻഡേർഡിലെ സിസ്റ്ററിനെ, ഓടി കളിച്ചു കൈയോ കാലോ പൊട്ടിയാൽ വെറും സർക്കാർ ജോലിക്കാരനായ അച്ഛന്റെ കയ്യിൽ ഒന്നുമുണ്ടാകില്ല എന്ന് പുച്ഛിച്ച മിസ്സിനെ, ചോദ്യചിഹ്നം ഇടാൻ മറന്നതിനു നോട്ട് ബുക്ക് വരാന്തയിലേക് പറപ്പിച്ച സിസ്റ്റർനെ, കണക്കിന് മോശമായതിനാൽ ഇനി പ്രതീക്ഷ വേണ്ട എന്ന് അച്ഛനെ ഉപദേശിച്ച ഹൈസ്കൂൾ മാഷിനെ, ഇംഗ്ലീഷ് സമ്പന്നരുടെ ഭാഷ ആണ് എന്ന് പറയാതെ പറഞ്ഞു തന്ന പ്ലസ് വൺ ക്ലാസ്സ് ടീച്ചറെ, ഒരു നീണ്ട പനി അവധിക്ക് ശേഷം എത്തിയപ്പോൾ ഫീസ് അടച്ചില്ല എന്ന കാരണത്താൽ പരീക്ഷ സ്റ്റാഫ് റൂമിൽ ഇരുത്തി എഴുതിച്ച സിസ്റ്റർമാരെ.... ഈ ചിത്രം നിങ്ങളെ ഓരോരുത്തരെയും വീണ്ടും ഓർമിപ്പിച്ചു. സ്കൂൾ ജീവിതം നരകമാക്കിയ നിങ്ങളുടെ സാഡിസത്തെ കുറിച്ചു ഓർക്കാതെ വയ്യ. Lkg മുതൽ Phd വരെയുള്ള പഠനകാലത്തു നമ്മൾ പ്രാകാത്ത, ശപിക്കാത്ത വളരെ ചുരുക്കം അധ്യാപകരെ ഉള്ളു. Dr.Janaki, Dr. Sheriff, Dr. Prathiba, Dr. Narayan പിന്നെ റിസർച്ച് ഗൈഡ് Dr. Unnikrishnan. തീർന്നു. ആരുടേയും പേര് വിട്ടു പോയിട്ടില്ല....ഒന്നും മറന്നിട്ടുമില്ല..... അടുക്കള സർവീസ് suggest ചെയ്ത കണക്കു മാഷിന് എന്റെ ഇംഗ്ലീഷ് ഡോക്ടറേറ്റ് സമർപ്പിച്ചു കൊണ്ട് നിർത്തുന്നു. എന്നിലെ അദ്ധ്യാപിക ഇന്നും ക്ലാസ്സിൽ തിരയുന്നത് ഭാഷയെ സ്നേഹിക്കുന്ന, കറുപ്പിന്റ അപകർഷത കണ്ണിൽ ഒളിച്ചു വെക്കുന്ന കറുത്ത കുതിരകളെ തന്നെയാണ്. ആ തിരച്ചിലിനു പ്രേരണ നൽകിയ ആ അഞ്ച് അധ്യാപകരെയും കൂടെ ഓർക്കുന്നു...