Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറും ഡോക്ടറുമായ ഫാർമസിസ്റ്റ്

doctor-Jinto

തൃശൂർ പറപ്പൂർ പാണേങ്ങാടൻ ജേക്കബിന്റെയും റോസിലിയുടെയും മകൻ ജിന്റോ ഹോമിയോ ഫാർമസിസ്റ്റ് കോഴ്സിന് അപേക്ഷിച്ചതു പ്രീഡിഗ്രി കഴിഞ്ഞപ്പോൾ. ക്ലാസ് തുടങ്ങാൻ വൈകിയതോടെ  കെൽട്രോണിന്റെ കോഴ്സിനു ചേർന്നു സാങ്കേതിക പഠനം നടത്തി. അതു പൂർത്തിയാക്കി ചെറിയ ജോലി ചെയ്യുമ്പോൾ അതാ വരുന്നു, ഫാർമസിസ്റ്റ് കോഴ്സിന്റെ വിളി. 

നേരെ, കോഴിക്കോട് ഗവ. ഹോമിയോ കോളജിലേക്ക്.  കോഴ്സ് പൂർത്തിയാക്കിയ ശേഷം പിഎസ്‌സി വഴി തൃശൂർ തോളൂർ ഹോമിയോ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റായി. ജിന്റോ  പറയുന്നതുപോലെ ‘പഞ്ചാരമിഠായി’ കൊടുക്കുന്ന ജോലി. 

എൻജിനീയർ ഫാർമസിസ്റ്റ്
ജോലിക്കിടെ, തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് പാർട്ട് ടൈമായി ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) പൂർത്തിയാക്കി. കൂട്ടുകാർക്കൊപ്പം മെഡിക്കൽ ഉപകരണ കമ്പനിയും തുടങ്ങി.

ഡോക്ടർ എൻജിനീയർ
ഹോമിയോ വകുപ്പിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുമാർക്കും ബിഎച്ച്എംഎസ് പഠനം നടത്താമെന്ന നിയമ ഭേദഗതി ജിന്റോ നേടിയെടുത്തതാണ്! അതുവരെ നഴ്സുമാർക്കായിരുന്നു അവസരം. പ്രവേശന പരീക്ഷയെഴുതി 32–ാം വയസ്സിൽ ഹോമിയോ പഠനത്തിനെത്തി. അപ്പോഴേക്കും കല്യാണം കഴിഞ്ഞു. ഭാര്യ ടിനി അധ്യാപിക. പഠനത്തെക്കാൾ ജിന്റോയെ ടെൻഷനടിപ്പിച്ചതു മറ്റൊന്നായിരുന്നു. മക്കളായ ദീപ്തയ്ക്കോ ബെഞ്ചമിനോ സെലസ്റ്റീനയ്ക്കോ എന്തെങ്കിലും അസുഖമുണ്ടായിൽ പിന്നെ ഇരിക്കപ്പൊറുതിയില്ല. 

തന്നേക്കാൾ പകുതി പ്രായം മാത്രമുള്ളവർക്കൊപ്പമിരുന്ന് കോഴ്സ് പൂർത്തിയാക്കിയ ജിന്റോയോട് ഇനിയെന്ത് എന്നു ചോദിച്ചാലോ? ‘‘തിരികെ തോളൂരിലേക്ക്. ലീവെടുത്താണ് പഠിച്ചത്. ഇനി അവിടെ ഫാർമസിസ്റ്റ് ജോലി തുടരണം.’’  എൻജിനീയറും ഡോക്ടറുമായ ഫാർമസിസ്റ്റ്, മരുന്നെടുത്തു കൊടുക്കുന്നതു കാണാൻ തോളൂരിലേക്കു പോയാൽ മതി. 

Education News>>