Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ വായ്പ ഇനി വിദ്യാലക്ഷ്മി വഴി

scholarships

ഇനി മുതൽ വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. വീട്ടിലിരുന്ന് പോർട്ടൽ വഴി സൗകര്യപൂർവം വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികൾ താരതമ്യം ചെയ്യാം. ഏറ്റവും അനുയോജ്യമായതു കണ്ടെത്തി ഓൺലൈനായി അപേക്ഷിക്കാം. ധനമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ എൻ എസ്ഡിഎൽ ഇ–ഗവേണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് വിദ്യാലക്ഷ്മി എന്ന പോർട്ടൽ ഒരുക്കിയിരിക്കുന്നത്. ഇനി മുതൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നവരെല്ലാം ഈ പോർട്ടൽ വഴി ചെയ്യണമെന്നത് കേന്ദ്രസർക്കാർ നിബന്ധനയാണ്. 

മികവുകൾ പലത്–വിദ്യാഭ്യാസ വായ്പയ്ക്കായി എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാം. മൂന്നു ബാങ്കുകളിൽ ഒരേ സമയം അപേക്ഷിക്കാം. ഇന്ത്യയിലും വിദേശത്തും പഠിക്കാൻ വായ്പയ്ക്ക് അപേക്ഷിക്കാം. സമർപ്പിച്ചു കഴിഞ്ഞ അപേക്ഷ ഏതു സ്ഥിതിയിലാണെന്നു കൃത്യമായി അറിയാം. ഏതെങ്കിലും കാരണവശാൽ ഒരു ബാങ്ക് നിരസിച്ചാലും മറ്റു ബാങ്കുകളിൽനിന്നു ലഭിക്കാനുള്ള അവസരം ഉണ്ട്.

നിലവിൽ ഇംഗ്ലിഷിൽ മാത്രമേ ഈ പോർട്ടൽ ലഭ്യമാകൂ
അപേക്ഷിക്കാൻ– രക്ഷാകർത്താവ് അല്ലെങ്കിൽ വിദ്യാർഥി പോർട്ടലിൽ റജിസ്റ്റർ െചയ്യണം. എല്ലാ ബാങ്കുകൾക്കുമായി പൊതുവായ ഒരു അപേക്ഷാ ഫോം ( CELAF) ആണ്. എന്നു മാത്രമല്ല ഒരു അേപക്ഷ വഴി മൂന്നു ബാങ്കിൽ ഒരേ സമയം അപേക്ഷിക്കാം.

ആവശ്യമായ വിവരങ്ങൾ നൽകി പോർട്ടലിൽ റജിസ്റ്റർ ചെയ്യുക. എന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കാനാകൂ. വിവിധ ബാങ്കുകളുെട വിദ്യാഭ്യാസ വായ്പകളെ കുറിച്ച് വിശദമായ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവ താരതമ്യം ചെയ്യാം. അനുയോജ്യമായവ ഷോർട്ട് ലിസ്റ്റ് ചെയ്ത് മൂന്നെണ്ണത്തിന് അപേക്ഷിക്കാം.

വിദ്യാർഥി അപേക്ഷ സമർപ്പിച്ചാൽ അതതു ബാങ്കുകൾക്ക് ഇവ ‍ഡൗൺ ലോഡ് ചെയ്യാം. അപേക്ഷ പ്രോസസ് ചെയ്ത് നടപടികൾ സ്വീകരിക്കാം. അതു സംബന്ധമായ വിവരങ്ങൾ അതിനുശേഷം ബാങ്കുകൾ അപേക്ഷയുടെ വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.

വായ്പാ നടപടികളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയാണ് പോർട്ടലിന്റെ ലക്ഷ്യം. എൻഎസ്ഡിഎൽ ഇ ഗവ് എല്ലാ ബാങ്കിനും ലഭിക്കുന്ന അപേക്ഷകളുടെ വിവരങ്ങൾ സമാഹരിച്ച് കേന്ദ്രഗവൺമെന്റിനെ സമർപ്പിക്കും.

നാലു ലക്ഷത്തോളം അപേക്ഷകളാണ് പോർട്ടലിൽ ഇതിനകം സമർപ്പിച്ചിട്ടുള്ളത്. നാൽപതോളം ബാങ്കുകൾ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻബിഎഫ്സികളെ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല.അപേക്ഷയും പ്രോസസിങ്ങും ഡിജിറ്റിലൈസ്ഡ് ആണ്. അതിനാൽ ‍കാലതാമസം കുറയ്ക്കാനാകും. എന്നാൽ വായ്പ അനുവദിച്ചാൽ ബാങ്കിന്റെ ശാഖയിൽ നേരിട്ടുപോയി രേഖകളിൽ ഒപ്പിട്ടു നൽകണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ തുക ബാങ്ക് അക്കൗണ്ടിലേക്ക് അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അയച്ചു നൽകും.

ടെയ്‌ലർ മെയ്ഡ് വായ്പകളുമായി എച്ച്ഡിഎഫ്സി ക്രെഡിലാ
ഏഴു വർഷമായി പ്രവർത്തിക്കുന്ന ഈ എച്ച് ഡിഎഫ്സി സംരംഭം വിദ്യാഭ്യാസ വായ്പകൾ മാത്രം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസത്തി നായി വായ്പ എടുക്കുന്നവരുടെ സൗകര്യാർഥം കാലയളവും ഗഡുവും അനുവദിക്കുന്ന കസ്റ്റമൈസ് വായ്പകളാണു നൽകുന്നത്. മികച്ച യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടും മുന്‍പു തന്നെ അപേക്ഷ സമർപ്പിച്ച് മുൻകൂർ അനുമതി തേടിവയ്ക്കാം എന്നതാണ് സവിശേഷത. മാർജിൻ മണി വേണ്ട. അതായത്, പഠനച്ചെലവു മുഴുവൻ വായ്പയായി അനുവദിക്കും. വായ്പത്തുകയ്ക്ക് ഉയർന്ന പരിധിയില്ല. മുൻനിര സ്ഥാപനങ്ങളിൽ പഠിക്കാൻ കുറഞ്ഞ പലിശയ്ക്കു വായ്പ കിട്ടും.​

വ്യത്യസ്തമായ പദ്ധതികളുമായി എസ്ഐബി
സൗത്ത് ഇന്ത്യൻ ബാങ്ക് 8.9 ശതമാനം മുതൽ 15.7 ശതമാനം വരെ വ്യത്യസ്തമായ പലിശനിരക്കിലാണ് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്. ഐഐടി അടക്കമുള്ള മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന മിടുക്കർക്കാണ് 8.9 ശതമാനം എന്ന കുറഞ്ഞ നിരക്ക്. സെൽഫ് ഫിനാൻസിങ് കോളജുകൾക്ക് ആവശ്യപ്പെടുന്ന ഡിപ്പോസിറ്റിനും (റീ ഫണ്ട് ചെയ്യുന്ന തുക) ഏതെങ്കിലും നിശ്ചിത സ്കിൽ പഠിക്കാനുള്ള തുകയ്ക്കും പ്രത്യേകം വായ്പപദ്ധതികളും ബാങ്കിനുണ്ട്.

എസ്ബിഐ പലിശ 8.3 മുതൽ 10.9 വരെ
പൊതുമേഖലാ ബാങ്കായ എസ്ബിഐ 8.3 ശതമാനം എന്ന കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കും. അതിസമർഥരായ വിദ്യാർഥികൾക്കു വേണ്ടിയാണിത്. ഈടാക്കുന്ന ഉയർന്ന പലിശ 10.9 ശതമാനമാണ്. 15 വർഷം കാലാവധിയിൽ വായ്പ കിട്ടും. ഇപ്പോൾ പ്രോസസിങ് ചാർജ് ഇല്ല. മറ്റു ബാങ്കുകളിൽ നിലവിലുള്ള വിദ്യാഭ്യാസ വായ്പ ടേക് ഓവർ ചെയ്യുന്ന പദ്ധതിയും എസ്ബിഐയ്ക്കുണ്ട്.

Education News>>