Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാം കേന്ദ്രസ്കോളർഷിപ്പുകൾ

scholarship

സയൻസ് പഠിക്കാൻ മാസം 5,000 രൂപ(സ്കോളർഷിപ്  ഫോർ ഹയർ എജ്യുക്കേഷൻ– SHE) 

10,12 ക്ലാസുകളിലെ ബോർഡ് എക്സാമിന് ഏറ്റവും ഉയർന്ന മാർക്ക് കിട്ടുന്ന ഒരു ശതമാനം കുട്ടികൾക്കു അർഹത. ശാസ്ത്രം, ഗണിതം, എർത്ത് സയൻസ് തുടങ്ങിയ ശാസ്ത്രവിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കു മാത്രം. പ്രഫഷനൽ കോഴ്സിനല്ല. മാസം 5,000 രൂപ വീതം വർഷത്തിൽ 12 മാസവും കിട്ടും. ഓരോ വർഷവും 10,000 പേർക്ക് പുതുതായി നൽകുന്നു. www.inspire.dst.gov.in

കോളജ് പഠനത്തിനു മാസം 2000

(സെൻട്രൽ സ്കീം ഓഫ് സ്കോളർഷിപ് ഫോർ കോളജ് സ്റ്റുഡൻസ്)

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേന്ദ്രസർക്കാർ നൽകുന്നത്. ബിരുദം, ബിരുദാനന്തര ബിരുദം, മെഡിക്കൽ, എൻജിനീയറിങ് അടക്കമുള്ള പ്രഫഷനൽ കോഴ്സുകൾക്കു കിട്ടും. പ്ലസ് ടു പരീക്ഷയ്ക്ക് 80 ശതമാനത്തിലധികം മാർക്ക് ഉണ്ടെങ്കിൽ അപേക്ഷിക്കാം.

ഓരോ വർഷവും 82,000 എണ്ണം പുതുതായി അനുവദിക്കും. 18 നും 25 നും ഇടയ്ക്കുള്ള ജനസംഖ്യയ്ക്ക് അനുപാതികമായാണ് ഓരോ സംസ്ഥാനത്തിനുമുള്ള വിഹിതം. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ പഠിക്കുന്നവർക്കു 3:2:1 അനുപാതത്തിൽ സ്കോളർഷിപ്  അനുവദിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം ആറു ലക്ഷത്തിൽ കൂടരുത്. അംഗീകൃത, റെഗുലർ കോഴ്സുകൾക്കു പഠിക്കുന്നവർക്കു മാത്രം. ഡിഗ്രിക്ക് മാസം 1,000 രൂപയും പിജിക്ക് മാസം 2,000 രൂപയും വീതം വർഷത്തിൽ പത്തു മാസം കിട്ടും. പ്രഫഷനൽ കോഴ്സ് –ആദ്യ വർഷങ്ങളിൽ  മാസം 1000 രൂപയും അവസാന രണ്ടു വർഷം മാസം 2000 രൂപയും. www.mhrd.giv.in/scholarships

ന്യൂനപക്ഷ വിദ്യാർഥികൾക്ക്

1 ഡിഗ്രി, പിജി പഠനത്തിനു വർഷം 30,000 രൂപ വരെ (മെരിറ്റ് കം മീൻസ് സ്കോളർഷിപ് )

കഴിവും സാമ്പത്തികസ്ഥിതിയും അടിസ്ഥാനമാക്കി നൽകുന്ന സ്കോളർഷിപ്പാണിത് .ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് ഓരോ വർഷവും 20,000 എണ്ണം പുതുതായി അനുവദിക്കും. ബിരുദം, ബിരുദാനന്തരം, ടെക്നിക്കൽ, പ്രഫഷനൽ കോഴ്സുകൾക്കെല്ലാം കിട്ടും. കോഴ്സ് ഫീ സർക്കാർ നേരിട്ട് സ്ഥാപനത്തിനു നൽകും.

അതിനു പുറമേ വർഷത്തിൽ പത്തുമാസം മെയിന്റനൻസ് അലവൻസ് കുട്ടിയുടെ അക്കൗണ്ടിലേക്കും നൽകും. ഹോസ്റ്റൽവാസികൾക്ക് 1000 രൂപയും അല്ലാത്തവർക്ക് 500 രൂപയും ആണ് അലവൻസ്. കോഴ്സ് ഫീസ് അടക്കം പരമാവധി 30,000 രൂപയാണു കിട്ടുക. ഹയർ െസക്കൻഡറി, ബിരുദതലത്തിൽ 50% മാർക്കോടെ പാസാകുന്നവർക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കൂടരുത്.www.momascholarship.gov.in

2 എം എഫില്ലിനും പിഎച്ച്ഡിക്കും മാസം 28,000 രൂപ

(മൗലാനാ ആവാസ് നാഷനൽ ഫെലോഷിപ്)

ന്യൂനപക്ഷ വിദ്യാർഥികൾക്ക് എംഫിൽ, പിഎച്ച് ഡി എന്നിവയ്ക്കായി അഞ്ചു വർഷത്തേക്ക്  ലഭിക്കും.  റെഗുലർ കോഴ്സിൽ ഫുൾ ടൈമായി പഠിക്കുന്നവർക്ക് ന്യൂനപക്ഷ മന്ത്രാലയം യുജിസി വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. ബിരുദതലത്തിൽ 50 ശതമാനത്തിലധികം മാർക്ക് ഉണ്ടാകണം.

ജൂനിയർ ഫെലോഷിപ്പ് –ആദ്യരണ്ടു വർഷം, മാസം 25,000 രൂപയും തുടർന്ന് 28,000 രൂപ വീതവും കിട്ടും. അതിനു പുറമേ വിഷയമനുസരിച്ച് കണ്ടിൻജൻസി ഫണ്ടായി മാസം 10,000 രൂപ മുതൽ 25,000 രൂപ വരെ കിട്ടും. അംഗവൈകല്യമുള്ളവർക്ക് മാസം 2000 രൂപ എസ്കോർട്ട്, റീഡർ അസിസ്റ്റൻസായും അനുവദിക്കും.www.minorityaffairs.gov.in

ശാസ്ത്രപ്രതിഭയ്ക്ക് 7,000 രൂപ

ശാസ്ത്രവിഷയങ്ങളിൽ പ്രാഗല്ഭ്യമുള്ളവർക്ക് സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പാണിത്. 11, 12 ക്ലാസുകളിലും

ഡിഗ്രി ഒന്നാം വർഷവും പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഓരോന്നിനും നിശ്ചിത ശതമാനം മാർക്ക് ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ സയൻസ്

വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾക്കു ചേർന്നാൽ മാസം 5,000 രൂപ മുതൽ 7,000 രൂപ വരെ ഫെലോഷിപ്പായി ലഭിക്കും. ഈ കുട്ടികൾക്കു മികച്ച പഠനസൗകര്യം ഒരുക്കാനായി സ്ഥാപനത്തിനു വർഷം 20,000 മുതൽ 28,000 രൂപ വരെയും നൽകും. www.kvpy.org.in

പട്ടികജാതി–വർഗക്കാർക്ക് ഗവേഷണത്തിന്

(ഗവേഷണത്തിന് രാജീവ് ഗാന്ധി നാഷനൽ ഫെലോഷിപ്പ്)

എംഎഫിൽ, പിഎച്ച്ഡി പഠനത്തിനായി ജൂനിയർ ഫെലോഷിപ്പായി ഒരു വർഷം 2000 സ്കോളർഷിപ്പുകൾ. ബിരുദാനന്തര ബിരുദത്തിനു കിട്ടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ. ഗവേഷണം തൃപ്തികരമാണെങ്കിൽ മൂന്നു വർഷം കൂടി നൽകും. . റെഗുലർ ഫുൾടൈം കോഴ്സുകൾക്കു മാത്രം . കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്കു കിട്ടില്ല. 16,000 രൂപ മുതൽ 20,500 രൂപ വരെ ഫെലോഷിപ്പും. 10,000 രൂപ മുതൽ 25,000 രൂപ വരെ കണ്ടിൻജൻസി ഫണ്ടും കിട്ടും. അഗംവൈകല്യമുള്ളവർക്ക് മാസം 3000 രൂപ അധികം അനുവദിക്കും.www.socialjustice.nic.in

ഒറ്റപെൺകുട്ടിക്ക് 500– 2,000 രൂപ

മാതാപിതാക്കൾക്ക് ഒരേ ഒരു മകളെയുള്ളൂവെങ്കിൽ ഇന്ദിരാഗാന്ധിയുടെ പേരിൽ സിങ്കിൾ ഗേൾ ചൈൽഡ് സ്കോളർഷിപ് കിട്ടും. പത്താം ക്ലാസ് വരെ സൗജന്യമായി പഠിക്കാം. 11,12 ക്ലാസുകളിൽ മാസം 500 രൂപ വീതം അനുവദിക്കും. ബിരുദപഠനത്തിന് ആയിരവും ബിരുദാനന്തര ബിരുദത്തിനു 2,000 രൂപ വീതവും. മറ്റേതെങ്കിലും സ്കോളർഷിപ്  കിട്ടുന്നവർക്ക് അർഹതയില്ല.

വിവിധ കേന്ദ്ര സ്കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ നാഷനൽ സ്കോളർഷിപ്  പോർട്ടൽ എന്ന വെബ്സൈറ്റിൽ ഉണ്ട്. അവ പരിശോധിച്ച് അനുയോജ്യമായവ കണ്ടെത്തുക. ഓരോ സ്കോളർഷിപ്പിനും ഉള്ള അപേക്ഷകൾ അതതു സമയത്തു സൈറ്റിൽ ഓപ്പണാകും. അപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.

Education News>>