Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പുരാവസ്തു ശാസ്ത്രജ്ഞൻ

arsh-ali

പുരാവസ്തു ശാസ്ത്രജ്ഞൻ. ഈ  പേരു കേൾക്കുമ്പോൾ ആർക്കെങ്കിലും മീശ മുളയ്ക്കാത്ത ഒരു 17 കാരന്റെ മുഖം മനസ്സിൽ സങ്കൽപിക്കാനാകുമോ ? വാട്ട്സ് ആപ്പിൽ ചാറ്റും മൊബൈലിൽ ഗെയിമുമായി നടക്കേണ്ട പ്രായത്തിൽ ഈജിപ്ഷ്യൻ മമ്മികളെയും ഹാരപ്പൻ സംസ്‌കാരത്തെയും കുറിച്ചൊക്കെ പഠിച്ചും മണ്ണു മാന്തിയും പുരാവസ്തുക്കൾ ശേഖരിച്ചും നടക്കുന്ന ഒരു കൊച്ചു മിടുക്കൻ.  നാലാം വയസ്സിൽ തന്നെ പുരാവസ്തു ശാസ്ത്രത്തിലേക്ക് പിച്ച വച്ചു തുടങ്ങിയ ഈ അതുല്യ പ്രതിഭയുടെ പേരാണ് അർഷ് അലി. ലഖ്നോ സ്വദേശികളായ ഫാത്തിമ അലിയുടെയും ഫൈസൽ അലിയുടെയും മകൻ.

കാഠ്മണ്ഡുവിൽ മാതാപിതാക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കവേയാണ് ഫാത്തിമയും ഫൈസലും നാലു വയസ്സുകാരനിലെ ചരിത്ര പ്രേമം തിരിച്ചറിഞ്ഞത്. ചരിത്ര സ്മാരകങ്ങളും ക്ഷേത്രങ്ങളുമൊക്കെ സന്ദർശിച്ച ശേഷം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മൂവരും. ഹോട്ടലിലെ നാപ്കിനിൽ അർഷ് ഉടനെ അന്നു കണ്ട ശിൽപങ്ങളും ചിത്രങ്ങളുമൊക്കെ വരയ്ക്കാൻ തുടങ്ങി. മകന്റെയുള്ളിലെ കൗതുകത്തിന് മാതാപിതാക്കൾ പൂർണ്ണ പിന്തുണ നൽകിയതോടെ ഇളം പ്രായത്തിലൊരു പുരാവസ്തു ശാസ്ത്രജ്ഞൻ പിറവിയെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ചരിത്ര പഠനത്തിന്റെയും വായനയുടെയും നിരവധി ഉത്ഖനനങ്ങളുടെയും സെമിനാറുകളുടെയും കാലമായിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലഖ്നോയിലെ ബാരാ ഇമാംബര ചരിത്ര ശേഷിപ്പുകൾ സന്ദർശിക്കവേ കണ്ടുമുട്ടിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ(എഎസ് ഐ) സൈറ്റ് കൺസർവേറ്റർ അർഷിനെ എഎസ്ഐ ഫീൽഡ് വർക്കിലേക്ക് ക്ഷണിച്ചു. 2015 മുതൽ എഎസ്ഐ ഉത്ഖനനങ്ങളുടെയും പര്യവേഷണങ്ങളുടെയും സെമിനാറുകളുടെയും ഭാഗമാണ് അർഷ്. രാജസ്ഥാനിലെ ബിൻജോറിലും ഹരിയാനയിലെ ഹാരപ്പൻ ഖനന സൈറ്റായ രാഖി ഗർഹിലുമൊക്കെ മണ്ണിനടിയിൽ ചരിത്രം ഒളിപ്പിച്ചു വച്ച കാലത്തിന്റെ ശേഷിപ്പുകൾ തേടി അർഷ് നടന്നു.

അറബിയും ഹീബ്രുവും ലാറ്റിനും ഗ്രീക്കും ഉൾപ്പെടെ പത്തോളം ഭാഷകളും  ബ്രാഹ്മി, ഉഗാറിറ്റിക്, നബാഷ്യൻ, ഫിനീഷ്യൻ, ഖരോസ്തി, ഹൈറോഗ്ലഫിക്സ് ഉൾപ്പെടെ 18 ലിപികളും ഈ പതിനേഴുകാരന് അറിയാം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഈജിപ്ഷ്യൻ എഴുത്ത് ലിപിയായ ഹൈറോ ഗ്ലഫിക്സ് പഠിക്കാൻ തുടങ്ങി. ഈ ലിപികൾ ഡീകോഡ് ചെയ്യാനായി കോഡുകളുടെ പഠനമായ ക്രിപ്റ്റോളജി ഏഴാം വയസ്സിൽ അഭ്യസിച്ച് തുടങ്ങി. ഇതിനിടെ ഈജിപ്റ്റിലെത്തി അവരുടെ പൂർവികരുടെ മമ്മിയുണ്ടാക്കൽ വിദ്യ സ്വായത്തമാക്കി. 

ഈജിപ്റ്റിൽ ബുദ്ധമതത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിനുള്ള ചരിത്ര പഠനത്തിലാണ് അർഷ് ഇപ്പോൾ. കൈറോയിലെയും അലക്സാണ്ട്രിയയിലെയും ദേശീയ മ്യൂസിയങ്ങൾ ഇതിനായി സന്ദർശിച്ചു. ഈ വിഷയത്തിൽ ഡൽഹി നാഷണൽ മ്യൂസിയത്തിൽ ഒരു പ്രഭാഷണവും അർഷ് നടത്തി. പ്രാചീന ആധുനിക ചരിത്രത്തിൽ അലഹബാദ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കടക്കം ക്ലാസുകളും എടുക്കുന്നുണ്ട് ഈ യുവ ജീനിയസ്.

ജീവശാസ്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം, ചരിത്രം എന്നിവയുടെ അംശങ്ങൾ ചേർന്ന വിഷയം എന്നതാണ് പുരാവസ്തു ശാസ്ത്രത്തെ തനിക്ക് പ്രിയപ്പെട്ടതാക്കുന്നതെന്ന് അർഷ് അലി പറയുന്നു. കൗതുകത്തോടും ഇഷ്ടത്തോടും ധാരാളം വായിക്കുക എന്നതാണ് സമപ്രായക്കാർക്കുള്ള ഈ യുവ പുരാവസ്തു ശാസ്ത്രജ്ഞന്റെ ഉപദേശം. 

Education News>>