മാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: അപേക്ഷ 16 വരെ

കോട്ടയത്തെ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നടത്തുന്ന എംപിഎച്ച് (മാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത്) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദം നൽകുന്നതു കേരള ആരോഗ്യ സർവകലാശാല. എൻട്രൻസ് പരീക്ഷയുണ്ട്. 50 % മാർക്കോടെ എംബിബിഎസ്, ബിഡിഎസ് അഥവാ ആയുർവേദം / ഹോമിയോപ്പതി / യൂനാനി / സിദ്ധ / വെറ്ററിനറി / നഴ്സിങ് / ഫാർമസി / ഫിസിയോതെറപ്പി / മെഡിക്കൽ ലാബ് ടെക് / റേ‌ഡിയോളജിക്കൽ ടെക്‌നോളജി ഇവയിലൊന്നിലെ ബാച്‌ലർ ബിരുദം വേണം. പബ്ലിക് ഹെൽത്തും വിഷയമായ ബാച്‌ലർ അഥവാ മാസ്റ്റർ ബിരുദമുള്ളവരെയും പരിഗണിക്കും. 

എംപിഎച്ച് പഠിച്ചാൽ ആരോഗ്യരക്ഷയുടെ വിവിധവശങ്ങളെപ്പറ്റി സമൂഹത്തെ ബോധവൽക്കരിക്കുക, രോഗബാധയും പ്രതിരോധനടപടികളും സംബന്ധിച്ച സ്ഥിതിവിവരണക്കണക്കുകൾ ശേഖരിച്ച് ഐടി സഹായത്തോടെ വിശകലനം ചെയ്ത് വികസനപ്രവർത്തനങ്ങൾക്കും നയാവിഷ്കരണത്തിനും തുണയ‌േകുക തുടങ്ങിയ പ്രഫഷനൽ സേവനങ്ങൾ നിർവഹിക്കാം.

പട്ടികവിഭാഗക്കാർക്കു മിനിമം മാർക്ക് നിബന്ധനയില്ല. മറ്റു സംവരണവിഭാഗക്കാർ 45 % നേടിയിരിക്കണം. ആർക്കും ഉയർന്ന പ്രായപരിധിയില്ല. ഫെഡറൽ ബാങ്കിന്റെ കേരള ശാഖകളിൽ 15 വരെ അപേക്ഷാഫീസ് സ്വീകരിക്കും. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകന്റെ വിവരങ്ങൾ നൽകുമ്പോൾ കിട്ടുന്ന ചലാനുപയോഗിച്ചാണു ഫീസ് അടയ്ക്കേണ്ടത്. പണമടച്ചശേഷം വീണ്ടും സൈറ്റിലെത്തി 16 വരെ റജിസ്റ്റർ ചെയ്യാം. 

ഓൺലൈൻ അപേക്ഷയുടെ പകർപ്പ് സ്വയംസാക്ഷ്യപ്പെടുത്തിയ രേഖകളും ചലാൻ രസീതും സഹിതം The Director, LBS Centre for Science & Technology, Nandavanam, Palayam, Thiruvananthapuram– 695033 എന്ന വിലാസത്തിൽ 17നകം എത്തിക്കണം. 

അപേക്ഷാഫീസ് 1000 രൂപ; പട്ടികവിഭാഗക്കാർക്ക് 500 രൂപ. 

വെബ്സൈറ്റ്: http://sme.edu.in 

കൂടുതൽ വിവരങ്ങൾക്ക്: 0481-2598790; ucmegandhinagar@gmail.com

Education News>>