പാരാമെഡിക്കൽ ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്‌ഥാപനങ്ങളിൽ നിലവിലുള്ള 14 ഫാർമസി/ഹെൽത്ത് ഇൻസ്‌പെക്‌ടർ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്‌സുകളിലേക്കു പൊതുവായ ഒറ്റ അപേക്ഷ മതി. അപേക്ഷാഫീസ്: 400 രൂപ; പട്ടികവിഭാഗക്കാർക്ക് 200 രൂപ. പ്ലസ് ടു സയൻസ് വിഭാഗക്കാർക്കാണു പൊതുവേ പ്രവേശനം. 

2018 ഡിസംബർ 31നു 17 വയസ്സു തികയണം; 35 കവിയരുത്. ആർക്കും വയസ്സിളവില്ല. ഡിഫാം മാനേജ്മെന്റ് ക്വോട്ടയ്ക്ക് ഉയർന്ന പ്രായപരിധിയില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കു നോക്കിയാണു റാങ്കിങ്. ഓൺലൈൻ ഓപ്ഷൻ സമർപ്പണം വഴിയാണു സിലക്‌ഷൻ. 

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്‌ടർ, മെഡിക്കൽ ലാബ് ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഒഫ്‌താൽമിക് അസിസ്‌റ്റൻസ്, ഡെന്റൽ മെക്കാനിക്‌സ്, ഡെന്റൽ ഹൈജീനിസ്‌റ്റ്, ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്‌തീസിയ ടെക്‌നോളജി, കാർഡിയോ വാസ്‌ക്യുലർ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപിക് ടെക്‌നോളജി, ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്‌റ്റൻസ്, റെസ്‌പിറേറ്ററി ടെക്‌നോളജി. രണ്ടുമുതല്‍ നാലുവരെ വര്‍ഷം ദൈര്‍ഘ്യമുള്ളവയാണു കോഴ്സുകുകള്‍. 

വെബ്സൈറ്റിൽനിന്നുള്ള ചലാനുപയോഗിച്ചു 13 മുതൽ 28 വരെ തുകയടയ്‌ക്കാം. പണമടച്ചതിനുശേഷം 29 വരെ റജിസ്റ്റർ ചെയ്യാം. ഇതിന്റെ പ്രിന്റും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ചലാനും The Director, LBS Centre for Science & Technology, Nandavanam, Palayam, Thiruvananthapuram–695033 (ഫോൺ: 0471–2560362) എന്ന വിലാസത്തിൽ ഒക്ടോബർ മൂന്നിനകം എത്തിക്കണം. വെബ്സൈറ്റ്:www.lbscentre.kerala.gov.in

Education News>>