ഡെന്റൽ മോപ് അപ്പും കഴിഞ്ഞു; എൻആർഐ സീറ്റിൽ ഒഴിവ്

സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ ഒഴിവുണ്ടായിരുന്ന എംബിബിഎസ‌്, ബിഡിഎസ‌് സീറ്റുകളിലേക്ക‌ുള്ള മോപ‌് അപ‌് കൗൺസലിങ് (സ്പോട്ട് അഡ്മിഷൻ) പൂർത്തിയായി. ഒഴിവുള്ള സ്വാശ്രയ ബിഡിഎസ‌് സീറ്റുകളിലേക്കായിരുന്നു ഇന്നലെ പ്രവേശനം. എൻആർഐ വിഭാഗത്തിലെ ഏതാനും സീറ്റുകളിൽ ആരും പ്രവേശനം നേടിയിട്ടില്ല. ഇൗ‌ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക‌ു മാറ്റി പ്രവേശന കമ്മിഷണർക്ക‌ു നേരി‌ട്ടും കമ്മിഷണർ അനുവദിച്ചാൽ കോളജുകൾക്കും പ്രവേശന നടപടി പൂർത്തിയാക്കാം. ഇന്നലെ രാവിലെ ഹാജരായിരുന്ന വിദ്യാർഥികളുടെ റജിസ‌്ട്രേഷൻ നടത്തിയശേഷമാണു കൗൺസലിങ്‌ ആരംഭിച്ചത‌്. കൗൺസലിങ്ങിനിടയിലുള്ള സമയനഷ്ടം ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ 11നു ശേഷം വന്ന പലർക്കും റജിസ്‌ട്രേഷൻ അനുവദിക്കാതിരുന്നതു പ്രതിഷേധത്തിനിടയാക്കി. പ്രവേശന പരീക്ഷാ കമ്മിഷണർക്കു പരാതി നൽകിയെങ്കിലും അവസാന റൗണ്ടിലാണ് അവരെ പരിഗണിച്ചത്. റജിസ്‌ട്രേഷന്റെ കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നു വിദ്യാർഥികൾ പറഞ്ഞു. 

ഓൺലൈൻ സംവിധാനങ്ങൾ തകരാറിലായത‌ുമൂലം കൗൺസലിങ് നടപടികൾ വളരെ വൈകിയതു ചെറിയതോതിൽ സംഘർഷത്തിനിടയാക്കി. മൂന്നുമണിയോടെയാണു സാങ്കേതിക തകരാറുകൾ പരിഹരിച്ച‌ു കൗൺസലിങ്‌ പുനരാരംഭിച്ചത്. ശനിയാഴ‌്ച എംബിബിഎസ‌് സീറ്റുകളിലെയും സർക്കാർ കോളജുകളിലെ ബിഡിഎസ‌് സീറ്റുകളിലെയും പ്രവേശനം പൂർത്തിയാക്കിയിരുന്നു. നാല‌ു സ്വാശ്രയ കോളജുകൾക്ക‌ു ഹൈക്കോടതി നൽകിയ പ്രവേശനാനുമതി മെഡിക്കൽ കൗൺസിലിന്റെ ഹർജിയിൽ സുപ്രീം കോടതി സ‌്റ്റേ ചെയ‌്തതോടെയാണ‌ു സംസ്ഥാനത്ത‌ു മോപ് അപ് നടപടികൾ പ്രതിസന്ധിയിലായത‌്. സുപ്രീം കോടതി മറ്റന്നാൾ ഹർജി വീണ്ടും പരിഗണിക്കുന്നുണ്ട്.

Education News>>