Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് ക്യു: എസ്. ഭാനുലാൽ പത്തനംതിട്ടയിൽ ഒന്നാമത്

big-q-pta മലയാള മനോരമ– സെന്റ് ഗിറ്റ്സ് ബിഗ് ക്യു ചാല‍ഞ്ചിന്റെ തിരുവല്ലയിൽ നടന്ന ജില്ലാതല മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്.ഭാനുലാലിനെ (സെന്റ് ജോൺസ് എച്ച്എസ്എസ്, ഇരവിപേരൂർ) കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ പി.എൻ.സുരേഷ് അനുമോദിക്കുന്നു. ക്വിസ് മാസ്റ്റർ മേജർ ചന്ദ്രകാന്ത് നായർ, സെന്റ് ഗിറ്റ്സ് കോളജ് അസി. പ്രഫസർ ബി.വിനയകുമാർ, രണ്ടാം സ്ഥാനം നേടിയ ആർ.അക്ഷയ് (പിഎസ്‌വിപിഎം എച്ച്എസ്എസ്, ഐരവൺ– കോന്നി), മൂന്നാം സ്ഥാനം നേടിയ സി.എസ്.സുദേവ് (ടെക്നിക്കൽ എച്ച്എസ്എസ്, മല്ലപ്പള്ളി) എന്നിവർ സമീപം.

മലയാള മനോരമ– സെന്റ് ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ജില്ലാതല ക്വിസിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ  എസ്.ഭാനുലാൽ ഒന്നാം സ്ഥാനം നേടി. കോന്നി ഐരവൺ പിഎസ്‌വിപിഎം എച്ച്എസ്എസിലെ ആർ.അക്ഷയ് രണ്ടാം സ്ഥാനവും മല്ലപ്പള്ളി ടെക്നിക്കൽ എച്ച്എസ്എസിലെ സി.എസ്.സുദേവ് മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്നു സ്ഥാനക്കാരും പത്താം ക്ലാസുകാരാണ്.  

സമൂഹത്തിന് ആശ്രയിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളെ സൃഷ്ടിക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് സമ്മാനങ്ങൾ വിതരണം ചെയ്ത കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ പി.എൻ.സുരേഷ് പറഞ്ഞു. അര മണിക്കൂറോളം ക്വിസ് ആസ്വദിച്ച അദ്ദേഹം രണ്ടു ചോദ്യങ്ങൾ ചോദിച്ച് സ്വയം ഉത്തരവും പറഞ്ഞുകൊടുത്തു. നദി എന്ന വാക്കിന്റെ അർഥം നാദം ഉദ്ഭവിപ്പിക്കുന്നത് എന്നാണെന്നും ഇന്ത്യയുടെ നിയമസംഹിതയിൽ ഈശ്വരനെ സങ്കൽപിച്ചിരിക്കുന്നത് മൈനർ ആണെന്നുമായിരുന്നു ഉത്തരങ്ങൾ.

സെന്റ് ഗിറ്റ്സ് അസി. പ്രഫസർ ബി.വിനയകുമാർ, മലയാള മനോരമ പത്തനംതിട്ട യൂണിറ്റ് സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ് എന്നിവർ‌ പ്രസംഗിച്ചു. 

മേജർ ചന്ദ്രകാന്ത് നായർ ക്വിസ് മാസ്റ്ററായിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു 94 പേർ പങ്കെടുത്തു. അവസാന റൗണ്ടിൽ ആറുപേരാണെത്തിയത്. ഫൈനൽ റൗണ്ട് കഴിഞ്ഞപ്പോൾ എസ്.ഭാനുലാലും ആർ.അക്ഷയ്‌യും 60 പോയിന്റ് വീതവും സി.എസ്.സുദേവും ഹരികൃഷ്ണൻ എസ്.പിള്ളയും 55 പോയിന്റ് വീതവും എസ്.സച്ചിദാനന്ദനും എൻ.നവ്യയും 45 പോയിന്റ് വീതവും നേടി. തുടർന്നു നടന്ന പോരാട്ടത്തിലാണ് എസ്.ഭാനുലാൽ വിജയിയായത്. 

ആദ്യ 2 സ്ഥാനക്കാർ സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കും. 14 ജില്ലകളിലെയും മൂന്നാം സ്ഥാനക്കാരിൽ നിന്ന് ഏറ്റവുമധികം പോയിന്റ് നേടുന്ന 2 പേർ കൂടി സംസ്ഥാനതലത്തിൽ മൽസരിക്കും. ജില്ലാ തലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്കു യഥാക്രമം 7000, 5000, 3000 രൂപ വീതം ലഭിക്കും. സംസ്ഥാനതല വിജയിയെ കാത്തിരിക്കുന്നത് 3 ലക്ഷം രൂപയും മാതാപിതാക്കളോടൊപ്പം വിദേശയാത്രയുമാണ്. രണ്ടാം സമ്മാനമായി 2 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 1 ലക്ഷം രൂപയും ലഭിക്കും.