Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റ സയൻസും ഡേറ്റ അനലിറ്റിക്സും

data-analysis

ഡേറ്റ അനലിറ്റിക്സ്, ഡേറ്റ സയൻസ് തുടങ്ങിയ വിഷയങ്ങൾ ധാരാളം തൊഴിലവസരങ്ങൾ നൽകുമെന്നു പറയുന്നു. ഇതിനെപ്പറ്റി ഞങ്ങൾക്ക് ആശയക്കുഴപ്പമുണ്ട്. അടിസ്ഥാനകാര്യങ്ങളും പഠിക്കാനുള്ള കേന്ദ്രങ്ങളും അറിയിക്കാമോ? – ഏതാനും ബിഎസ്‌സി വിദ്യാർഥിനികൾ, തിരുവനന്തപുരം 

അറിവിന്റെ യുഗമാണിത്. എൻജിനീയറിങ്, മെഡിക്കൽ, വാണിജ്യ, വ്യവസായ രംഗങ്ങളിലെല്ലാംതന്നെ ഓരോ സ്ഥാപനത്തിനും ആവശ്യമായ വിവരങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് ക്രോഡീകരിച്ച് പാകപ്പെടുത്തി പെട്ടെന്ന് ഉപയോഗിക്കാവുന്ന രൂപത്തിലാക്കി നൽകുന്ന പ്രഫഷനൽ ചുമതല നിർവഹിക്കേണ്ട വിദഗ്ദ്ധരെ വരുംകാലങ്ങളിൽ ധാരാളമായി വേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് നിങ്ങളുടേത്. അടിസ്ഥാനവിവരങ്ങൾ ഹ്രസ്വമായി സൂചിപ്പിക്കുന്നു. 

ഡേറ്റ: വിവരണം, കണക്ക്, ചിത്രം, ഓഡിയോ, പ്രോഗ്രാം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ളതാണ് ഡേറ്റ. 0, 1 എന്നിവ ഉൾപ്പെടുന്ന യുഗ്മകസംഖ്യകളായാണ് (ബിറ്റുകൾ) ഡിജിറ്റൽ ഡേറ്റ രൂപപ്പെടുത്തിവയ്ക്കുക. 

ബിഗ് ഡേറ്റ: സുഘടിതവും അല്ലാത്തതുമായി വൻതോതിലുള്ള ഡേറ്റാ പ്രളയം. വിസ്മയകരമായ വേഗത്തിൽ വളരുന്നു. ശാസ്ത്രീയ മാർഗങ്ങളിലൂടെ മാത്രമേ കൈകാര്യം ചെയ്യാനാവൂ. 

ഡേറ്റ മൈനിങ്: വിവരങ്ങളുടെ വൻശേഖരത്തിൽനിന്ന് നമുക്കു വേണ്ടവ പെട്ടെന്നു തിരിഞ്ഞെടുക്കുന്ന പ്രവർത്തനം. സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റാ വിഷ്വലൈസേഷൻ, വെർച്വൽ ഡേറ്റാറൂം മാനേജ്മെന്റ്, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതലായവയുടെ സഹായത്തോടെ ഡേറ്റയെ വേഗം ഉപയോഗിക്കാവുന്ന രൂപത്തിലാക്കുന്നു. ഇതു പിന്നീട് ഡേറ്റാ സയൻസിലും മെഷീൻ ലേണിങ്ങിലും പ്രയോജനപ്പെടുത്താം. 

മെഷീൻ ലേണിങ്: വിശേഷ പ്രോഗ്രാമുകൾ കൂടാതെ, പുതുഡേറ്റാ പഠിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വിശകലനരീതിയിൽ മോഡലുകൾക്കു രൂപം നൽകുന്നു. ഡേറ്റാ മൈനിങ്ങിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഡേറ്റ അനലിറ്റിക്സ്: ബിസിനസ് തീരുമാനങ്ങൾക്കായി ഡേറ്റ പരിശോധിച്ച് നിഗമനങ്ങളിലെത്തുന്ന രീതി. 

ഡേറ്റ സയൻസ്: ബിഗ് ഡേറ്റ വരെ അപഗ്രഥിച്ച് ട്രെൻഡുകളടക്കമുള്ളവ വിലയിരുത്തുന്നു. സൂക്ഷ്മബുദ്ധി, യുക്തിബോധം, സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാമിങ്, ‌കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രാവീണ്യം എന്നിവയെല്ലാം പ്രയോജനപ്പെടുത്തി, മുഖ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഉൾക്കാഴ്ചയോടെ വിശകലനം ചെയ്ത് ഡേറ്റ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നു ശുപാർശ ചെയ്യുന്നു. 

പരമ്പരാഗത രീതികളിലെ വിശകലനങ്ങൾക്ക് അതീതമായ സമ്പ്രദായം. പഠനസൗകര്യമുള്ള ഏതാനും സ്ഥാപനങ്ങൾ താഴെപ്പറയുന്ന സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധതലങ്ങളിലുള്ള പ്രോഗ്രാമുകളുണ്ട്. ചിലതെല്ലാം ഇടയ്ക്കിടയ്ക്കു മാത്രം നടത്തുന്നവയാണ്. ച‌ിലവ ഓൺലൈനായും. ബിറ്റ്സ്, പിലാനി / ഐഐഐടി ബാംഗ്ലൂർ / ഐഐടി ഖരഗ്പുർ / ഐഐഎം ബാംഗ്ലൂർ / എക്സ്എൽആർഐ, ജംഷെഡ്പൂർ / ഐഐഐടിഎം–കെ, തിരുവനന്തപുരം / നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ്, നവിമുംബൈ / ഇന്റർനാഷനൽ സ്കൂൾ ഓഫ് എൻജിനീയറിങ്, ഹൈദരാബാദ് / ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്, ഹൈദരാബാദ്.

Education News>>