Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലോക്ക് ചെയിൻ ടെക്നോളജി – എന്ത്? എവിടെ പഠിക്കാം?

block-chain

വാണിജ്യരംഗത്ത് അതിവേഗം വളർന്നുവരുന്ന സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിൻ. വൻതോതിൽ റെക്കോർഡുകൾ സൂക്ഷിച്ചു പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബ്ലോക്ക് ചെയിൻ സഹായിക്കും. ചെലവു കുറയ്ക്കാനും കഴിയും. ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റൽ റെക്കോർഡിനെ ബ്ലോക്ക് എന്നു പറയാം. പല ബ്ലോക്കുകൾ ചേർന്നു രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക്ക് ചെയിൻ. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികൾക്ക് ഇതിൽ ചേരാം. ഡിജിറ്റൽ വിവരങ്ങൾ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങൾ സുതാര്യമായിരിക്കും. ബ്ലോക്ക് ചെയിനിനെ ഡിസ്ട്രിബ്യൂട്ടഡ് ഡിജിറ്റൽ ലെഡ്ജറെന്നും സൂചിപ്പിക്കാറുണ്ട്. ഇത്തരം ലെഡ്ജറിന്റെ ഒരു രീതി എന്ന് ബ്ലോക്ക് ചെയിനിനെ വിശേഷിപ്പിക്കുന്നതാവും കുറെക്കൂടി കൃത്യം. 

ആഗോളതലത്തിൽ തന്നെ ബ്ലോക്ക് ചെയിൻവഴി ആയിരക്കണക്കിനു സെർവറുകളിൽ ഡേറ്റ ശേഖരിച്ചു വയ്ക്കാം. എതു പങ്കാളിയും കൂട്ടിച്ചേർക്കുന്ന ഡേറ്റ മറ്റുള്ളവർക്ക് അപ്പപ്പോൾ കാണാം. (പുതിയ ബ്ലോക്ക് അടുത്തതുമായി ബന്ധിപ്പിക്കുന്നത് ‘ക്രിപ്റ്റോഗ്രാഫിക് ഹാഷിങ്’ രീതിയിലാണ്. സുരക്ഷാവീഴ്ച ഒഴിവാകും.) ഇടപാടുകൾക്ക് ഇടനിലക്കാർ വേണ്ട. ഏതെങ്കിലുമൊരു പങ്കാളിക്ക് നെറ്റ്‌വർക്കിൽ കയറി അതു നിയന്ത്രിക്കാൻ സാധ്യമല്ല. എല്ലാം നിയന്ത്രിക്കുന്ന ഒരൊറ്റ കേന്ദ്രമുണ്ടായാൽ ഡേറ്റയിൽ കൃത്രിമം കാട്ടാൻ ആർക്കെങ്കിലും കഴിഞ്ഞേക്കാം. അത്തരം സുരക്ഷാവീഴ്ച ബ്ലോക്ക് ചെയ്നിലില്ല. ഇതു തീർത്തും വികേന്ദ്രീകൃത നെറ്റ്‌വർക് ആണ്.‍ 

സമ്പദ്സേവനം, റിയൽ എസ്റ്റേറ്റ്, ആഗോള ഷിപ്പിങ്, ആരോഗ്യരക്ഷ, മൊബൈൽ ഇടപാടുകൾ തുടങ്ങി വിവിധ മേഖലകളിലെ ഡേറ്റ കൈകാര്യം ചെയ്യാം. കോർപറേറ്റുകളുടെ വിവരശേഖരണവും ഡേറ്റാ–കലവറകളും ബ്ലോക്ക് ചെയിൻ മൂലം ഇല്ലാതാകുകയില്ല. ഡേറ്റാ കൈമാറ്റത്തിനു പുതിയ മാനം ഉണ്ടാകുന്നെന്നു മാത്രം. ഈ രംഗത്തെ പ്രഫഷനലുകളുടെ ആവശ്യം വേഗം വർധിച്ചുവരുന്നുണ്ട്. പരിശീലന സൗകര്യങ്ങൾ ഏറിയകൂറും ഓൺലൈൻ രീതിയിലാണ് പരിശീലനം. ചില സ്ഥാപനങ്ങളെക്കുറിച്ചുള്ള സൂചനകൾ കാണുക. വിശദാംശങ്ങൾക്ക് അതതു വെബ്സൈറ്റ് നോക്കാം. ഇടയ്ക്ക് കോഴ്സ് ഘടന, ദൈർഘ്യം മുതലായവയ്ക്കു മാറ്റം വരാറുണ്ട്. 

∙ ഐബിഎം സഹകരണത്തോടെ എൻടിപിഇഎൽ (നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ്) 

∙ കേരള ബ്ലോക്ക് ചെയിൻ അക്കാദമിയും കേരള സർക്കാർ സ്വയംഭരണസ്ഥാപനമായ ഐഐടിഎം–കെയും ചേർന്ന് 

∙ അമിറ്റി ഓൺലൈൻ (പിജി പ്രോഗ്രാം) 

∙ ബ്ലോക്ചെയിൻ സർട്ടിഫിക്കേഷൻ (IBM / Coursera / Udemy / edX ) 

∙ K-DISC (കേരള ‍ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ), ഐസിടി അക്കാദമിയുമായി ഓഫ് കേരളയുമായി ചേർന്ന് 

∙ ന്യൂയോർക്ക് / ഡ്യൂക് / പ്രിൻസ്റ്റൻ / സ്റ്റാൻഫഡ് / കലിഫോർണിയ–ബെർക്‌‌ലി / കോപ്പൻഹേഗൻ (ഡെൻമാർക്) സർവകലാശാലകൾ

Education News>>