Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലിഷ് : ആക്സന്റിലുമുണ്ട് കാര്യം

corporate-woman

വിദേശജോലിക്കു മികച്ച ഇംഗ്ലിഷ് അനിവാര്യം. ബ്രിട്ടിഷ് ആക്സന്റും അമേരിക്കൻ ആക്സന്റും വരെ സ്വന്തമാക്കാൻ ശ്രമിക്കുന്നു പലരും. ആക്സന്റിനു സത്യത്തിൽ കരിയറിൽ കാര്യമായ സ്ഥാനമുണ്ടോ ? 

ഇല്ല എന്നാണു പൊതുവേ സങ്കൽപം. നിയമനങ്ങളിൽ ആക്സന്റ് മാനദണ്ഡമായി വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും‌ പല വൻകിട കമ്പനികളും എച്ച്ആർ വിഭാഗത്തിനു മാർഗനിർദേശം നൽകാറുമുണ്ട്. എന്നാൽ ഇതെത്രമാത്രം പാലിക്കപ്പെടുന്നുവെന്ന ചോദ്യമുണ്ട്.

അറിയാതെയാണെങ്കിൽപ്പോലും ഉച്ചാരണരീതിക്ക് എച്ച്ആർ പ്രഫഷനലുകൾ വലിയ പരിഗണന നൽകാറുണ്ടെന്നു യുഎസിലെ നോർത്ത് ടെക്‌സസ് സർവകലാശാലയിൽ പ്രഫസറായ ഡയാൻ മാർക് ലീയുടെ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. 

ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ ഏഷ്യൻ ആക്സന്റിനു യുഎസിൽ ശാസ്ത്രസാങ്കേതികമേഖലയിൽ വലിയ പരിഗണനയാണ്. സാധാരണഗതിയിൽ ഈ മേഖലയിൽ ഏഷ്യക്കാരുടെ എണ്ണം കൂടുതലായതാകാം കാരണം.

ആഗോള സ്ഥാപനങ്ങൾക്ക് അമേരിക്കൻ, ബ്രിട്ടിഷ് ആക്സന്റൊന്നും നിർബന്ധമില്ല. എന്നാൽ പൊതുസ്വീകാര്യത വേണം. കോൾസെന്റർ എക്‌സിക്യൂട്ടിവ് മുതൽ ഉന്നതതല മാനേജ്‌മെന്റ് വിദഗ്ധർ വരെയുള്ളവർക്ക് ഇതു ബാധകം. 

എന്നാൽ ഗവേഷണ മേഖലയിൽ ആക്‌സന്റിനു പറയത്തക്ക സ്വാധീനമില്ല. ഇംഗ്ലിഷ് ഒന്നാംഭാഷയല്ലാത്ത എല്ലാവരുടെയും ഉച്ചാരണത്തിൽ പ്രാദേശിക കലർപ്പ് ഉണ്ടാകും. ഇതു കഴിയുന്നത്ര കുറയ്ക്കാൻ പരിശീലനം വേണമെന്നാണു റിക്രൂട്ടിങ് വിദഗ്ധരുടെ അഭിപ്രായം. 

കോർപറേറ്റ് ജോലികളിലെത്തുന്നവർ അഭിസംബോധന ചെയ്യേണ്ടതു രാജ്യാന്തര സമൂഹത്തിനെയാണെന്നതും പൊതുസ്വീകാര്യതയുള്ള ആക്സന്റ് അനിവാര്യമാക്കുന്നു.

പഠിക്കാൻ സിനിമ മുതൽ സോഷ്യൽ മീഡിയ വരെ
ശ്രദ്ധിക്കാം: സ്ഥുടമായ ഉച്ചാരണമാണു കൃത്യമായ  ആക്സന്റിന്റെ അടിസ്ഥാനം. പ്രത്യേകത തോന്നുന്ന വാക്കുകളുടെ മാത്രമല്ല, നിത്യം ഉപയോഗിക്കുന്ന വാക്കുകളുടെയും കൃത്യമായ ഉച്ചാരണം വിലയിരുത്തണം. ഉദാ: പ്ലംബർ എന്നല്ല, പ്ലമർ ആണു ശരി. ശരിയായ ഉച്ചാരണം മനസ്സിലാക്കാൻ യൂട്യൂബ് വിഡിയോകൾ ശ്രദ്ധിക്കാം.

കേൾക്കാം: ഹോളിവുഡ് സിനിമകൾ, ടിവി പരിപാടികൾ, മറ്റു വിഡിയോകൾ എന്നിവയിൽ ദൃശ്യങ്ങൾക്കു പുറമേ സംഭാഷണവും ശ്രദ്ധിക്കുക. സബ്‌ടൈറ്റിലിന്റെ സഹായമില്ലാതെ സംഭാഷണം മനസ്സിലാക്കാൻ ശ്രദ്ധിക്കുക.

കൂട്ടു കൂടാം: സോഷ്യൽമീഡിയ സജീവമായതോടെ ലോകത്തെവിടെനിന്നും സൗഹൃദങ്ങൾ ലഭിക്കും. ഇംഗ്ലിഷ് ആക്സന്റ് മെച്ചപ്പെടുത്താനുള്ള മികച്ച ഉപാധിയാണ് ഇത്തരം സൗഹൃദങ്ങൾ.

More Campus Updates>>