Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിനേഷിന് ഇനി ഗവേഷണം, ആംസ്റ്റർഡാമിൽ

binesh

ലണ്ടനിലെ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയ ആദിവാസി വിദ്യാർഥി ബിനേഷ് ബാലൻ ഗവേഷണ പഠനത്തിന് ആംസ്റ്റർഡാമിലേക്കു തിരിച്ചു. ഫ്രീ സർവകലാശാലയിലാണ് ആന്ത്രപ്പോളജിയിൽ 4 വർഷത്തെ ഗവേഷണത്തിന് അവസരം ലഭിച്ചത്. സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ ഓവർസീസ് സ്കോളർഷിപ്പുമുണ്ട്. മുൻപു ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, സ്വിറ്റ്സർലൻഡിലെ ബേൺ സർവകലാശാല എന്നിവിടങ്ങളിൽ പഠനത്തിനു ബിനേഷിനു ലഭിച്ച അവസരങ്ങൾ ഉദ്യോഗസ്ഥരുടെ തടസ്സവാദങ്ങളിൽ തട്ടി മുടങ്ങിയിരുന്നു. 

2015ൽ അന്നത്തെ മന്ത്രി പി.കെ.ജയലക്ഷ്മി 27 ലക്ഷം രൂപയും 2016ൽ മന്ത്രി എ.കെ.ബാലൻ 1.5 ലക്ഷം രൂപയും അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ രണ്ടു തവണയും സഹായം മുടങ്ങി. ഇതു സംബന്ധിച്ച മനോരമ വാർത്തയെ തുടർന്നു വിദേശകാര്യ മന്ത്രാലയവും ലണ്ടനിലെ സസക്‌സ് സർവകലാശാലയും ഇടപെട്ടു. തുടർന്നായിരുന്നു കഴിഞ്ഞവർഷം കേന്ദ്രസർക്കാരിന്റെ നാഷനൽ ഓവർസീസ് സ്കോളർഷിപ്പോടെ ലണ്ടനിലെ സസക്സ് സർവകലാശാലയിൽ മാസ്റ്റർ ഓഫ് ആന്ത്രപ്പോളജി പഠനം. രാജപുരം കോളിച്ചാൽ പതിനെട്ടാംമൈൽ എകെജി കോളനിയിലെ ബാലൻ–ഗിരിജ ദമ്പതികളുടെ മകനാണു ബിനേഷ്. 

പണമില്ലാതെയും മാർഗനിർദേശത്തിന് ആളില്ലാതെയും ഉന്നതപഠനം മുടങ്ങുന്നവർക്കായി പ്രവർത്തിക്കണമെന്നാണ് ബിനേഷിന്റെ ആഗ്രഹം. ഇതിനായി വിദേശപഠനം നടത്തുന്ന യുവാക്കളെ ചേർത്ത് ഇന്റർനാഷനൽ കമ്യൂണിറ്റി ഗൈഡൻസ് ഫോറം രൂപീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കു ബോധവൽക്കരണം നടത്തുമെന്നും ബിനേഷ് പറഞ്ഞു.

Education News>>