Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്: പ്രീ–മട്രിക് അപേക്ഷ 30 വരെ

hand press on scholarship button on touch screen

കേന്ദ്രസർക്കാരിലെ സാമൂഹികനീതി മന്ത്രാലയം ഭിന്നശേഷിക്കാരായ കുട്ടികൾക്കു നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. കാഴ്ച / കേൾവി തകരാറ്, മനോരോഗം, ഓട്ടിസം, ഹീമോഫീലിയ, പേശീശോഷണം, പാർക്കിൻസൺ, ആസിഡ് ആക്രമണ ഇരയാകൽ മുതലായ പ്രയാസങ്ങളുള്ളവർക്ക് സഹായം കിട്ടും. പ്രീ– മട്രിക്, പോസ്റ്റ് മട്രിക്, ടോപ് ക്ലാസ് എജ്യൂക്കേഷൻ, വിദേശത്ത് മാസ്റ്റേഴ്സ് / പിഎച്ച്ഡി, ഇന്ത്യയിൽ എംഫിൽ / പിഎച്ച്ഡി, മത്സരപ്പരീക്ഷാ പരിശീലനം എന്നീ ആറു വിഭാഗങ്ങളിലാണ് സ്കോളർഷിപ്പുകൾ. 

പ്രീ–മട്രിക്, പോസ്റ്റ് മട്രിക് സ്കോളർഷിപ്പുകൾക്ക് രക്ഷിതാക്കളുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്. ടോപ് ക്ലാസ് / വിദേശ / മത്സരപ്പരീക്ഷാ വിഭാഗങ്ങൾക്ക് ആറു ലക്ഷവും. ഇന്ത്യയിലെ എംഫിൽ / പിഎച്ച്ഡി പഠനത്തിന് വരുമാനപരിധിയില്ല. പ്രീ–മട്രിക്, പോസ്റ്റ് മട്രിക്, ടോപ് ക്ലാസ് സ്കോളർഷിപ്പിൽ പകുതി പെൺകുട്ടികൾക്ക് സംവരണം. വിദേശപഠനത്തിൽ 30% എങ്കിലും പെൺകുട്ടികൾക്ക്. ഓൺലൈനായി അപേക്ഷിക്കാം. രേഖകൾ അപ്‌ലോഡ് ചെയ്യണം. പ്രീ–മട്രിക് അപേക്ഷ സെപ്റ്റംബർ 30 വരെയും പോസ്റ്റ് മട്രിക്, ടോപ് ക്ലാസ് ഒക്ടോബർ 31 വരെയും സ്വീകരിക്കും. വിവരങ്ങൾ https://scholarships.gov.in എന്ന വെബ്സൈറ്റിൽ.

പ്രീ–മട്രിക്
അംഗീകൃത സ്കൂളിൽ ഫുൾ–ടൈം 9, 10 ക്ലാസുകാർക്ക്. ഈ വർഷം ദേശീയതലത്തിൽ ആകെ 20,000 സ്കോളർഷിപ്പുകൾ. മെയിന്റനൻസ് അലവൻസ് മാസം 500 രൂപ പ്രകാരം 12 മാസത്തേക്ക്. ഹോസ്റ്റലിലെങ്കിൽ, പ്രതിമാസം 800 രൂപ. വർഷത്തിൽ ബുക് അലവൻസ് 1000 രൂപ. വൈകല്യത്തിന്റെ രൂക്ഷതയനുസരിച്ച് പ്രതിവർഷം 2000 അഥവാ 4000 രൂപ.

പോസ്റ്റ് മട്രിക്
അംഗീകൃത സ്ഥാപനത്തിൽ 10, 11, പോസ്റ്റ് മട്രിക് ഡിപ്ലോമ / സർട്ടിഫിക്കറ്റ്, ബാച്‌ലർ / മാസ്റ്റർ ബിരുദം എന്നിവ പഠിക്കുന്നവർക്ക്. ആകെ 17,000 സ്കോളർഷിപ്പുകൾ. മെയിന്റനൻസ് അലവൻസ് കോഴ്സനുസരിച്ച് പ്രതിമാസം 550 മുതൽ 750 വരെ. ഹോസ്റ്റലിലെങ്കിൽ, പ്രതിമാസം 900 മുതൽ 1600 വരെ. വർഷത്തിൽ ബുക് അലവൻസ് 1500 രൂപ.

ടോപ് ക്ലാസ്
കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള ശ്രേഷ്ഠസ്ഥാപനങ്ങളിൽ ബിരുദത്തിനോ ബിരുദാനന്തര ബിരുദ / ഡിപ്ലോമ പ്രോഗ്രാമിനോ പഠിക്കുന്നവർക്ക്. ഇത്തരം 240 സ്ഥാപനങ്ങളുടെ ലിസ്റ്റ് ബ്രോഷറിലുണ്ട്. 

ദേശീയതലത്തിൽ ആകെ 300 പേർക്കു സഹായം കിട്ടും. നേർപകുതി പെൺകുട്ടികൾക്കു സംവരണം. 

ട്യൂഷൻ ഫീയടക്കം കോളജിലടയ്ക്കാൻ രണ്ടു ലക്ഷം രൂപ വരെ. പ്രതിമാസ മെയിന്റനൻസ് 1500; ഹോസ്റ്റലുകാർക്ക് 3000. സഹായികൾക്കായി പ്രതിമാസം 2000. പുസ്തകത്തിന് പ്രതിവർഷം 5000. സഹായക ഉപകരണങ്ങൾക്കും മറ്റും  ഒറ്റത്തവണ 30,000.

Education News>>