Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമഗ്രശിക്ഷ: നിയമാവലിക്ക് അംഗീകാരം

samagra-shiksha-t

പൊതു വിദ്യാഭ്യാസ വകുപ്പിൽ കേന്ദ്ര പദ്ധതികളായ സർവശിക്ഷാ അഭിയാനും (എസ്എസ്എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആർഎംഎസ്എ) സംയോജിപ്പിച്ചു ‘സമഗ്ര ശിക്ഷ’ നടപ്പാക്കുന്നതിനു തയാറാക്കിയ നിയമാവലിയും ചട്ടങ്ങളും മന്ത്രിസഭ അംഗീകരിച്ചു.

സംയോജനത്തിന്റെ ഭാഗമായി സ്കൂൾ എജ്യുക്കേഷൻ ഡവലപ്മെൻറ് അതോറിറ്റി കേരള എന്ന പേരിൽ പുതിയ സൊസൈറ്റി രൂപീകരിക്കും. കേന്ദ്ര നിർദേശം അനുസരിച്ച് എസ്എസ്എയും ആർഎംഎസ്എയും ലയിപ്പിക്കാൻ നേരത്തെ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചിരുന്നു. ലയിപ്പിച്ചു സമഗ്ര ശിക്ഷ നടപ്പാക്കുന്നതിനായുള്ള സൊസൈറ്റിയുടെ രൂപീകരണവും നിയമാവലിയുമാണ് ഇപ്പോൾ അംഗീകരിച്ചത്.

സ്കൂളുകളിൽ ഡിപിഇപി നടപ്പാക്കിയപ്പോൾ അതിനായി പ്രത്യേക സൊസൈറ്റി രൂപീകരിച്ചിരുന്നു. പിന്നീട് ഇത് എസ്എസ്എ ആയി മാറിയപ്പോൾ ഈ സൊസൈറ്റി തന്നെ തുടരുകയായിരുന്നു. ഇതിനിടെ കേന്ദ്രം ആർഎംഎസ്എ നടപ്പാക്കിയപ്പോൾ പുതിയൊരു സൊസൈറ്റി കൂടി രൂപീകരിച്ചു. രണ്ടിന്റെയും കീഴിൽ ഇപ്പോൾ ജീവനക്കാരുണ്ട്. പുതിയ സൊസൈറ്റി രൂപീകരിച്ചു സമഗ്ര ശിക്ഷ നടപ്പാക്കുന്ന സാഹചര്യത്തിൽ രണ്ടു മാസം കൂടി ഇപ്പോഴത്തെ ജീവനക്കാർ തുടരും.

പുതിയ സൊസൈറ്റിയുടെ സ്റ്റാഫ് പാറ്റേൺ രണ്ടു മാസത്തിനകം തീരുമാനിച്ചു മന്ത്രിസഭ അംഗീകരിക്കുന്നതോടെ പുതിയ സൊസൈറ്റിയും അതിലെ ജീവനക്കാരുമായിരിക്കും തുടരുക.