Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കുന്ന തരത്തില്‍ പുതുക്കിയ ബിടെക് ചട്ടം

625937646

അടുത്ത വർഷം മുതലുള്ള എൻജിനീയറിങ് ബാച്ചുകൾക്ക് ആശ്വാസവും പ്രതീക്ഷയുമേകി സാങ്കേതിക സർവകലാശാലയുടെ ബിടെക് ചട്ടത്തിന്റെ (കെടിയു ബിടെക് റെഗുലേഷൻസ്–2019) കരടു രൂപമായി. വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കുന്ന തരത്തിലാണു പുതുക്കിയ ക്രെഡിറ്റ്–മാർക്ക് വ്യവസ്ഥകൾ. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ പ്രസിദ്ധീകരിച്ച മാർഗരേഖ കൂടി ഉൾപ്പെടുത്തിയാണു ചട്ടം രൂപീകരിച്ചത്.

നാലു വർഷത്തെ ബിടെക് കോഴ്സ് പാസാകാൻ ഇനി മുതൽ 162 ക്രെഡിറ്റ് മതിയാകും. ഇതുവരെ 182 ക്രെഡിറ്റ് ആവശ്യമായിരുന്നു. ക്രെഡിറ്റുകൾ കുറച്ചതിനാൽ ആറോളം കോഴ്സുകൾ കുറച്ചു തിരഞ്ഞെടുത്താൽ മതിയാകും. 

അവസാന രണ്ടു സെമസ്റ്ററുകളിലെ ക്രെഡിറ്റുകൾ കുറച്ചതിനാൽ അവസാന വർഷ പ്രൊജക്ട്, സെമിനാർ, സപ്ലിമെന്ററി പരീക്ഷകൾ എന്നിവയിൽ വിദ്യാർഥികൾക്കു കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയും. 40 ക്രെഡിറ്റിനു മുകളിലായിരുന്നത് അവസാന രണ്ടു സെമസ്റ്ററുകളിൽ 31 ക്രെഡിറ്റായിട്ടാണു കുറച്ചത്. ഇതിനു പുറമെ ആദ്യ സെമസ്റ്ററിലെ ക്രെഡിറ്റ് 17.5 ആയി കുറച്ചതുമൂലം തുടക്കത്തിലെ പഠനഭാരവും മാറിക്കിട്ടുമെന്നാണു സൂചന. എഴുത്തുപരീക്ഷ പാസാകാനുള്ള കടമ്പ 45 ശതമാനത്തിൽ നിന്ന് 40 ആയി കുറച്ചതും വിദ്യാർഥികൾക്ക് ആശ്വാസമാകും. നിലവിൽ ഒ മുതൽ പി വരെയുള്ള ഗ്രേഡിങ് രീതിയിൽ ചെറിയ മാറ്റങ്ങളും നിർദേശിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച കരടിന്മേൽ നവംബർ 15 വരെ അഭിപ്രായങ്ങൾ അറിയിക്കാം. അടുത്ത ജൂൺ മുതലുള്ള പുതിയ ബാച്ചിനു മാറ്റങ്ങൾ ബാധകമാകും.

ഓൺലൈൻ കോഴ്സുകൾക്കും ഇനി ക്രെഡിറ്റ്

പാഠ്യപദ്ധതിക്കു പുറമേ ഇലക്റ്റീവ് കോഴ്സുകൾ തിരഞ്ഞെടുത്തു ബിടെക് മൈനർ ബിരുദം സമ്പാദിക്കാൻ അനുമതി നൽകുന്ന ബിടെക് കരടുരൂപത്തിൽ ഓൺലൈൻ കോഴ്സുകൾക്കും സാധുത നൽകി. രണ്ടു വർഷം കൊണ്ട് 20 ക്രെഡിറ്റുകൾ അധികമായി നേടുന്നവർക്കാണു ബിടെക് മൈനർ ബിരുദം കൂടി നൽകുക. ഇതിൽ എട്ടു ക്രെഡിറ്റുകൾ മൂക് (MOOC) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അംഗീകൃത മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ വഴി സമ്പാദിക്കാം. 

ബാക്കി 12 ക്രെഡിറ്റുകൾ കുറഞ്ഞതു നാലു റെഗുലർ കോഴ്സുകൾ വഴി നേടാം. ലോകത്തെ മുൻനിര മൂക് പ്ലാറ്റ്ഫോമുകളായ Coursera, edX, Udacity എന്നിവയിലെ കോഴ്സുകളുടെ സർട്ടിഫിക്കേഷൻ വിദേശ സർവകലാശാലകൾ അവരുടെ അക്കാദമിക് ക്രെഡിറ്റ് ആയി അംഗീകരിക്കുന്ന സമ്പ്രദായമുണ്ട്.