Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും കഠിനമായ 10 പരീക്ഷകള്‍

student

പരീക്ഷകള്‍ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത പരീക്ഷണങ്ങളാണ്. പഠിക്കാന്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് പ്രവേശന പരീക്ഷ. ബിരുദം ലഭിക്കണമെങ്കില്‍ വീണ്ടും പരീക്ഷ. പഠിത്തമെല്ലാം കഴിഞ്ഞ് ജോലി കിട്ടണമെങ്കില്‍ ഇനിയൊരു പരീക്ഷ. പരീക്ഷകളുടെ തീരാത്ത നിരയാണ് ജീവിതത്തിന്റെ ആകെത്തുക. വളരും തോറും പരീക്ഷകളുടെ എണ്ണവും കാഠിന്യവും വര്‍ദ്ധിച്ചു വരും. ഓരോ പരീക്ഷയും അത് എഴുതുന്നവര്‍ക്ക് കഠിനമാണെങ്കിലും ലോകത്തിലേക്കും വച്ച് ഏറ്റവും കഠിനമാണെന്ന് പൊതുവില്‍ അറിയപ്പെടുന്ന പരീക്ഷകള്‍ താഴെ പറയുന്നവയാണ്. 

ഗാവോകാവോ
ചൈനയിലെ എല്ലാ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും എഴുതേണ്ടുന്ന പരീക്ഷയാണ് ഗാവോകാവോ. ഉന്നത വിദ്യാഭ്യാസം ചെയ്യണമെങ്കില്‍ ഗാവോകാവോ പരീക്ഷ ജയിച്ചേ പറ്റൂ. ചൈനയിലെ ഇളം തലമുറയ്ക്കു മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ധത്തില്‍ നല്ലൊരു പങ്കും ഈ പരീക്ഷ മൂലമുണ്ടാകുന്നതാണ്. 

ഗ്രാറ്റിറ്റിയൂഡ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങ്(ഗേറ്റ്)
എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തരബിരുദ പഠനത്തിനുള്ള വാതില്‍ തുറക്കുന്ന അഖിലേന്ത്യ പരീക്ഷയാണ് ഗേറ്റ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ഏഴ് ഐഐടികളും ചേര്‍ന്നാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്. എന്‍ജിനീയറിങ്ങ് ബിരുദധാരികളെ എന്‍ട്രി തല ജോലികളില്‍ നിയമിക്കുന്നതിനും വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഗേറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. 

സിസ്‌കോ സര്‍ട്ടിഫൈഡ് ഇന്റര്‍നെറ്റ്വര്‍ക്കിങ്ങ് എക്‌സ്പര്‍ട്ട്(സിസിഐഇ)
സ്ഥാപനത്തിനകത്ത് തന്നെയുള്ളവരെ ഇന്റര്‍നെറ്റ് വിദഗ്ധരായി നിയമിക്കുന്നതിന് സിസ്‌കോ നെറ്റ്‌വര്‍ക്ക്‌സ് നടത്തുന്ന പരീക്ഷയാണ് സിസിഐഇ. രണ്ട് ഘട്ടങ്ങളില്‍ ആറു ഭാഗങ്ങളായിട്ടാണ് പരീക്ഷ തിരിച്ചിരിക്കുന്നത്. ആദ്യ ഘട്ടം വിജയിക്കുന്നവര്‍ക്ക് മാത്രമേ രണ്ടാം ഘട്ട പരീക്ഷയ്ക്ക് ഇരിക്കാന്‍ സാധിക്കുകയുള്ളൂ. എട്ട് മണിക്കൂറാണ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ഘട്ടത്തിന്റെ ദൈര്‍ഘ്യം. ഒരു ശതമാനം മാത്രമാണ് പരീക്ഷയുടെ വിജയശതമാനം. 

മെന്‍സ
ഉയര്‍ന്ന ഇന്റലിജന്‍സ് ക്വോഷ്യന്റ്(ഐക്യു) ഉള്ളവരുടെ ആഗോള സമൂഹമാണ് മെന്‍സ സൊസൈറ്റി. ലോകത്തിലേക്കും വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ഐക്യു പരീക്ഷയായിട്ടാണ് മെന്‍സ ഐക്യു ടെസ്റ്റ് അറിയപ്പെടുന്നത്. 

ഗ്രാജുവേറ്റ് റെക്കോര്‍ഡ് എക്‌സാമിനേഷന്‍സ്(ജിആര്‍ഇ)
അമേരിക്കയിലെ ഗ്രാജുവേറ്റ് സ്‌കൂളുകളില്‍ പ്രവേശനത്തിനായി വിജയിക്കേണ്ട പരീക്ഷയാണ് ജിആര്‍ഇ. എജ്യുക്കേഷണല്‍ ടെസ്റ്റിങ്ങ് സര്‍വീസാണ് ജിആര്‍ഇ പരീക്ഷ നടത്തുന്നത്. 

ഐഐടി-ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(ജെഇഇ) മെയിന്‍
ഐഐടികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മുന്‍നിര എന്‍ജിനീയറിങ്ങ് കോളജുകളില്‍ പ്രവേശനത്തിനായി വിജയിക്കേണ്ടതാണ് ജെഇഇ മെയിന്‍ പരീക്ഷ. രണ്ട് ഒബ്ജക്ടീവ് പേപ്പറുകളാണ് ജെഇഇ മെയിന്‍ പരീക്ഷയ്ക്കുള്ളത്. 

ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ)
അമേരിക്കയിലെ സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍വെസ്റ്റ്‌മെന്റ്, ഫിനാന്‍ഷ്യല്‍ പ്രഫഷണലുകള്‍ക്ക് നല്‍കുന്ന പ്രഫഷണല്‍ സര്‍ട്ടിഫിക്കേഷനാണ് ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ചാര്‍ട്ടര്‍. സിഎഫ്എ പ്രോഗ്രാമില്‍ ചേരുന്ന ഉദ്യോഗാര്‍ത്ഥികളില്‍ 20 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് ചാര്‍ട്ടര്‍ ലഭിക്കാറുള്ളത്. 

ഓള്‍ സോള്‍സ് പ്രൈസ് ഫെലോഷിപ്പ് എക്‌സാം
ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ഓള്‍ സോള്‍സ് കോളജ് നടത്തുന്ന ഈ ഫെല്ലോഷിപ്പ് പരീക്ഷയില്‍ എല്ലാ വര്‍ഷവും രണ്ട് പേരെ മാത്രമാണ് ഫെല്ലോഷിപ്പിനായി തിരഞ്ഞെടുക്കുക. 

മാസ്റ്റര്‍ സമലിയര്‍ ഡിപ്ലോമ എക്‌സാം
വിദഗ്ധരായ വൈന്‍ ടേസ്റ്റര്‍മാരെ കണ്ടു പിടിക്കാനാണ് ഈ പരീക്ഷ നടത്തുന്നത്. 1940ല്‍ ഈ പരീക്ഷ ആരംഭിച്ചത് മുതല്‍ ഇതേ വരെ ഇത് ജയിച്ചത് ഇരുന്നൂറോളം പേര്‍ മാത്രമാണ്. അതും അവരുടെ മൂന്നാമത്തെയോ നാലാമത്തെയോ ശ്രമത്തില്‍. തിയറി, സര്‍വീസ്, ബ്ലൈന്‍ഡ് ടേസ്റ്റിങ്ങ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിട്ടാണ് പരീക്ഷ നടത്തുന്നത്. 

യുപിഎസ്‌സി പരീക്ഷ
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി വിവിധ കേന്ദ്ര സര്‍വീസുകളിലെ നിയമനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(യുപിഎസ്‌സി) നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയാണ് മറ്റൊരു കഠിന പരീക്ഷ. പരീക്ഷയ്ക്ക് അപേക്ഷിച്ച് പ്രിലിമിനറി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് അവസാന പട്ടികയിലേക്ക് എത്തുന്നത് ആയിരത്തില്‍പ്പരം ആളുകള്‍ മാത്രം. വിജയശതമാനം 1 ശതമാനത്തിനും താഴെ. 

Education News>>