Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ശാസ്ത്രജ്ഞർക്ക് ഫെലോഷിപ്പ്

woman

സമൂഹത്തിന്റെ ഉന്നതിക്കു വേണ്ടി തങ്ങളുടെ ശാസ്ത്ര വിജ്ഞാനം പ്രയോജനപ്പെടുത്താൻ താൽപര്യമുള്ള വനിതാ ശാസ്ത്രജ്ഞർക്കായി കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. വിമൺ സയന്റിസ്റ്റ് സ്കീം ബി ((WOS-B) പദ്ധതിപ്രകാരം ശാസ്ത്ര–സാങ്കേതിക മേഖലകളിൽ യോഗ്യതയുള്ള 27 നും 57 നും ഇടയ്ക്കു പ്രായമുള്ള, തങ്ങളുടെ കരിയറിൽ ഒരു ഇടവേളയെടുത്ത വനിതകൾക്ക് പ്രോജക്ടുകൾ ചെയ്യാനുള്ള അവസരമാണു വകുപ്പ് ഒരുക്കുന്നത്. റഗുലർ / സ്ഥിരം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വനിതകളെ പരിഗണിക്കുന്നതല്ല. പരമാവധി 3 വർഷത്തേക്കാണ് ഫെലോഷിപ് അനുവദിക്കുക. അഗ്രിക്കൾചറും അനുബന്ധ മേഖലകളും, ഹെൽത്ത്, ഫുഡ് ആൻഡ് ന്യുട്രീഷൻ, എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡവലപ്മെന്റ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രോജക്ട് നിർദ്ദേശങ്ങൾ നൽകാം. പ്രോജക്ടുകൾ തയാറാക്കുന്നതിന്റെ വിശദാംശങ്ങൾ, www.dst.gov.in എന്ന വെബ്സൈറ്റിലെ സയന്റിഫിക് പ്രോഗ്രാംസ് എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.

ആനുകൂല്യങ്ങൾ

ബേസിക് / അപ്ലൈഡ് സയൻസസിൽ പിഎച്ച്ഡി/തത്തുല്യ യോഗ്യതയുള്ളവർക്ക് പ്രതിമാസം 55,000 രൂപ നിരക്കിൽ ഫെലോഷിപ് ലഭിക്കും. ഇവർക്ക്, 30 ലക്ഷം രൂപ വരെയുള്ള പ്രോജക്ട് നിർദ്ദേശിക്കാം. എംഫിൽ / എംടെക് / എംഫാം / എംവിഎസ്‌സി യോഗ്യതയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഇതു യഥാക്രമം 40000 രൂപയും 25 ലക്ഷം രൂപയുമായിരിക്കും.

ബേസിക് / അപ്ലൈഡ് സയൻസസിൽ എംഎസ്‌സി / എംടെക് / എംബിബിഎസ് / തത്തുല്യ യോഗ്യതയുള്ളവർക്ക് ഫെലോഷിപ്പ് പ്രതിമാസം 30,000 രൂപയും പരമാവധി പ്രോജക്ട് തുക 20 ലക്ഷം രൂപയുമായിരിക്കും.

അപേക്ഷ ഓൺലൈനായി നവംബർ അഞ്ചിനകം  https://onlinedst.gov.in/Login.asp  എന്ന വെബ്സൈറ്റ് ലിങ്ക് വഴി നൽകാം. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത ശേഷം നിശ്ചിത ഫോർമാറ്റിൽ പ്രോജക്ട് നിർദ്ദേശം അപ്‌ലോഡ് ചെയ്യണം. നൽകിയ പ്രൊപ്പോസലിന്റെ രണ്ട് ഹാർഡ് കോപ്പി  ‘Mrs. Namita Gupta, Scientist– F, KIRAN Division, Department of Science and Technology (DST), Technology Bhavan, New Mehrauli Road, New Delhi-110 016’ എന്ന വിലാസത്തിലേക്ക് അയച്ചുകൊടുക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റുകൾ കാണണം.

More Campus Updates>