Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്ര വിദ്യാർഥികൾക്ക് 80,000 രൂപയുടെ സ്കോളർഷിപ്പ്

scholarship

പ്ലസ് ടു പഠനത്തിനു ശേഷം നാച്ചുറൽ സയൻസിലോ ബേസിക് സയൻസിലോ പഠനം തുടരുന്ന സമർഥരായ വിദ്യാർഥികൾക്കു കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര–സാങ്കേതിക വകുപ്പു നൽകുന്ന സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ (SHE)  പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ നിരക്കിലുള്ള സ്കോളർഷിപ്പ് വഴി പ്രതിവർഷം 60,000 രൂപ പണമായി സ്കോളർക്കു ലഭിക്കും. കൂടാതെ ഓരോ വർഷവും ഒരു വേനൽക്കാല ഗവേഷണ പ്രോജക്ടിൽ പങ്കെടുക്കാൻ 20,000 രൂപയും ലഭിക്കും. അങ്ങനെ പ്രതിവർഷം 80,000 രൂപ മൂല്യമുള്ള സ്കോളർഷിപ്പ് 5 വർഷം വരെ തിരഞ്ഞെടുക്കപ്പെടുന്നവർക്കു ലഭിക്കും. അപേക്ഷകർ 17–നും 22 നും ഇടയ്ക്കു പ്രായമുള്ള പ്ലസ് ടു തല പരീക്ഷ 2018 ൽ ജയിച്ചവരായിരിക്കണം. തുടർപഠനം, അംഗീകൃത സ്ഥാപനത്തിൽ റഗുലർ നാച്ചുറൽ സയൻസ്/ബേസിക് സയൻസ് കോഴ്സിലായിരിക്കണം. 3 വർഷത്തെ ബിഎസ്‌സി/ബിഎസ്‌സി (ഓണേഴ്സ്),  4 വർഷത്തെ ബിഎസ്, 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്‌സി/എംഎസ് എന്നിവയിലൊന്നിലെ ആദ്യ വർഷത്തിലായിരിക്കണം പഠനം. 

വിഷയങ്ങളും യോഗ്യതയും

സ്കോളർഷിപ്പിനായി അംഗീകരിക്കപ്പെട്ടിട്ടുള്ള വിഷയങ്ങൾ ഇവയാണ്:  ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോ കെമിസ്ട്രി, ആന്ത്രോപ്പോളജി, മൈക്രോബയോളജി, ജിയോ ഫിസിക്സ്, ജിയോ കെമിസ്ട്രി, അറ്റ്മോസ്ഫറിക് സയൻസസ്, ഓഷ്യൻ സയൻസസ്. 

മൂന്നു വ്യത്യസ്ത അക്കാദമിക് വ്യവസ്ഥകളിൽ ഏതെങ്കിലുമൊന്ന് അപേക്ഷാർഥി തൃപ്തിപ്പെടുത്തണം. ആദ്യ വ്യവസ്ഥ പ്ലസ് ടു തല മാർക്ക് സംബന്ധിച്ചുള്ളതാണ്. അപേക്ഷാർഥി 2018 ലെ തന്റെ ബോർഡ് പരീക്ഷയിൽ മുന്നിലെത്തിയ ഒരു ശതമാനം പരീക്ഷാർഥികളിൽ ഒരാളാണെങ്കിൽ ഈ വ്യവസ്ഥ പ്രകാരം അപേക്ഷിക്കാം. ഓരോ ബോർഡിലെയും മുന്നിലെത്തുന്ന ഒരു ശതമാനം പേരുടെ കട്ട് ഓഫ് മാർക്ക് അതതു ബോർഡുകൾ കണക്കാക്കി ശാസ്ത്ര–സാങ്കേതിക വകുപ്പിനെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിൽ അർഹത നിർണയിക്കും. 2018 ലെ കട്ട് ഓഫ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അറിവിലേക്ക്, 2017ലെ കട്ട് ഓഫ് വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.  ഇത് www.online-inspire.gov.in ൽ ലഭിക്കും. അതനുസരിച്ച് 2017 ലെ കട്ട് ഓഫ് ചില ബോർഡുകളുടേത് ഇപ്രകാരമാണ്. സിബിഎസ്ഇ – 94.2%, ഐസിഎസ്ഇ–95.8%, കേരള–96.75%. 

രണ്ടാം വ്യവസ്ഥ പ്രകാരം  ചില ദേശീയതല മൽസര പരീക്ഷകളിൽ നിശ്ചിത കട്ട് ഓഫ് റാങ്ക് നേടിയവർക്കും ചില ഫെല്ലോഷിപ്പ്/മെഡൽ ലഭിച്ചവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ജെഇഇ (മെയിൻ)/ജെഇഇ (അഡ്വാൻസ്ഡ്)/നീറ്റ് എന്നീ പരീക്ഷകളുടെ കോമൺ മെറിറ്റ് റാങ്ക് പട്ടികയനുസരിച്ച് ആദ്യത്തെ 10000 റാങ്കിനുള്ളിൽ വന്നവർ, കിഷോർ വൈജ്ഞ്യാനിക് പ്രോൽസാഹൻ യോജന (കെ.വി.പി.വൈ) ഫെലോ, നാഷനൽ ടാലന്റ് സെർച്ച് പരീക്ഷാ സ്കോളർ, ഇന്റർനാഷനൽ ഒളിംപ്യാഡ് മെഡലിസ്റ്റുകൾ, ജഗദീശ് ബോസ് നാഷനൽ  സയൻസ് ടാലന്റ് സെർച്ച് സ്കോളർ എന്നിവർക്കു രണ്ടാം വ്യവസ്ഥ പ്രകാരം അപേക്ഷിക്കാം.

ജെഇഇ അഡ്വാൻസ്ഡിൽ 10000 നുള്ളിൽ റാങ്ക് വാങ്ങി നാച്ചുറൽ/ബേസിക് സയൻസിലെ  4 വർഷ ബാച്ചിലർ ഓഫ് സയൻസ്,  5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി കോഴ്സുകൾക്ക്, ഐഐടിയിൽ പ്രവേശനം നേടിയവർ, JEE/NEET ൽ 10000 നുള്ളിൽ റാങ്ക് വാങ്ങിയോ ബോർഡ് പരീക്ഷയിൽ മുന്നിലെത്തിയ ഒരു ശതമാനം പേരിൽ ഉൾപ്പെടുകയോ ചെയ്തിട്ടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് (ഐസർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്  (നിസർ), സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (സിഇബിഎസ്) എന്നിവിടങ്ങളിൽ പ്രവേശനം നേടിയവർ, JEE/NEET  ഉൾപ്പെടെയുള്ള ദേശീയതല പ്രവേശന പരീക്ഷ വഴി ഏതെങ്കിലും സർവകലാശാലയിൽ ഈ വിഷയത്തിൽ ബിരുദ കോഴ്സിനു ചേർന്നവർ എന്നിവർക്ക് മൂന്നാം വ്യവസ്ഥ പ്രകാരം  അർഹത ലഭിക്കും.

അപേക്ഷ എങ്ങനെ?

ഓൺലൈനായി അപേക്ഷ നൽകണം. www.online-inspire.gov.in എന്ന വെബ്സൈറ്റ് വഴി 2018 ഡിസംബർ 15 വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. വിശദമായ മാർഗനിർദ്ദേശം http://www.inspiredst.gov.in/guidelineforSHE_Online.pdf എന്ന ലിങ്കിൽ നൽകിയിട്ടുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങളെല്ലാം ഇ–മെയിൽ വഴി മാത്രമേ അറിയിക്കുകയുള്ളൂ. അതിനാൽ അപേക്ഷകർ സ്വന്തം ഇ–മെയിൽ വിലാസം തന്നെ അപേക്ഷിക്കുമ്പോൾ നൽകാൻ ശ്രദ്ധിക്കണം. അപേക്ഷാ സമർപ്പണത്തിനു മുൻപായി ചില രേഖകൾ നിശ്ചിത മാതൃകയിൽ നിശ്ചിത വലുപ്പത്തിൽ സ്കാൻ ചെയ്തു ഫയലുകളാക്കി വയ്ക്കേണ്ടതുണ്ട്. ഈ രേഖകൾ അപേക്ഷ നൽകുമ്പോൾ അപ്‌ലോഡ് ചെയ്യേണ്ടി വരും. പാസ്പോർട്ട് സൈസ് ഫോട്ടോ, 12–ാം ക്ലാസ് മാർക്ക് ഷീറ്റ്, 10–ാം ക്ലാസ് മാർക്ക് ഷീറ്റ് / സർട്ടിഫിക്കറ്റ് (ജനന  തീയതിക്കായി) വിദ്യാർഥി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ / ഡയറക്ടർ / സർവകലാശാലാ റജിസ്ട്രാർ ഒപ്പിട്ട എൻഡോഴ്സ്മെന്റ് ഫോം / സർട്ടിഫിക്കറ്റ് എന്നിവ എല്ലാവരും നൽകേണ്ട രേഖകളാണ്. അപേക്ഷകർ ഒബിസി/എസ്‌സി/എസ്ടി വിഭാഗക്കാരാണെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റ്, നിശ്ചിത പരീക്ഷാ റാങ്ക് / മെഡൽ / സ്കോളർ വ്യവസ്ഥ പ്രകാരം അപേക്ഷിക്കുന്നവർ ബാധകമായ രേഖ, എലിജിബിലിറ്റി നോട്ട് / അ‍ഡ്‌വൈസറി നോട്ട് ബോർഡ് നൽകിയിട്ടുണ്ടെങ്കിൽ അത്, മറ്റേതെങ്കിലും രേഖ എന്നിവ ബാധകമെങ്കിൽ അപ്‌ലോഡ് ചെയ്യണം. ഫോട്ടോ ജെപെഗ് ഫോർമാറ്റിൽ 50 കെബി സൈസ് കവിയാത്തതായിരിക്കണം. മറ്റെല്ലാം പിഡിഎഫ് ഫോർമാറ്റിൽ  ഓരോന്നും ഒരു എംബി വലിപ്പം കവിയാത്തതായിരിക്കണം. അപേക്ഷ നൽകുമ്പോൾ കിട്ടുന്ന റഫറൻസ് നമ്പർ സൂക്ഷിച്ചു വയ്ക്കണം. നൽകിയ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സ്വന്തം ആവശ്യത്തിനായി സൂക്ഷിക്കാം. പ്രിന്റ് ഔട്ടോ, രേഖകളോ എവിടേയ്ക്കും അയയ്ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് www.online-inspire.gov.in കാണണം.

More Campus Updates>