Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴ്സുകൾക്ക് ഇനി രാജ്യാന്തര നിലവാരം

college-student

സംസ്ഥാനത്തെ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ രാജ്യാന്തര നിലവാരത്തിലുള്ള മാറ്റം വരുന്നു. കോഴ്സ് പാസാകുമ്പോൾ വിദ്യാർഥിക്കു ലഭിക്കുന്ന യോഗ്യതയും കഴിവും മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇനി പഠനം തുടങ്ങുക. ഇതു നേടാൻ സാധിക്കുന്ന വിധത്തിൽ പാഠ്യവിഷയങ്ങളിൽ  മാറ്റം വരുത്തും.അടുത്ത അധ്യയന വർഷം ബിരുദ കോഴ്സുകളിലും തൊട്ടടുത്ത വർഷങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലും ഇതു നടപ്പാക്കും. തുടർന്നു ‌‌ഗവേഷണ ബിരുദങ്ങളിലും ഗുണപരമായ മാറ്റങ്ങൾ വരുത്തും. ഓരോ കോഴ്സും കഴിയുമ്പോൾ വിദ്യാർഥിക്ക് എന്ത് അറിവും കഴിവുമാണ് ലഭിക്കുകയെന്നു സർവകലാശാലകൾ മുൻകൂട്ടി പ്രഖ്യാപിക്കണം. എങ്ങനെയും പരീക്ഷ പാസായി സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്ന രീതിക്കാണ് ഇതോടെ  മാറ്റം വരുന്നത്.

പ്രഖ്യാപിത ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള നേട്ടങ്ങൾ ആർജിക്കാൻ സാധിക്കുന്നുണ്ടോയെന്നു കോഴ്സിനിടെ വിദ്യാർഥിക്ക് ഉൾപ്പെടെ  വിലയിരുത്താം. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ(ഐഐഎസ്‌സി) കോഴ്സ് ഡിസൈനിങ് വിദഗ്ധരാണ് പ്രഫ.എൻ.കെ.റാവുവിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച ജോലി ചെയ്യുന്നത്. 

തട്ടിക്കൂട്ട് സിലബസിനു മാറ്റം വരുത്തി വിദ്യാർഥിക്കു പ്രയോജനപ്പെടുന്ന കാര്യങ്ങളായിരിക്കും പഠിപ്പിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ പറഞ്ഞു. 

സർവകലാശാലകളിലെ എല്ലാ ബിരുദ കോഴ്സുകളെക്കുറിച്ചും ഐഐഎസ്‌സി ടീം പഠിക്കുന്നുണ്ട്. കോഴ്സ് പരിഷ്കരണം സംബന്ധിച്ചു സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ,അംഗങ്ങൾ എന്നിവർക്കായി ഐഐഎസ്‌സി വിദഗ്ധർ ശിൽപശാല നടത്തുന്നുണ്ട്. കേരള, എംജി, കെടിയു, കൊച്ചി സർവകലാശാലകളുടെ ശിൽപശാല കഴിഞ്ഞു. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളുടേത് ഉടൻ നടക്കും. ശിൽപശാലയിലെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും കോഴ്സുകളിൽ മാറ്റം.

Education News>>