Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ ക്ലാസ്സ്‌റൂം സാധ്യതകൾ മനസ്സിലാക്കപ്പെടാതെ പോകുന്നുണ്ടോ?

digital class room

നിരവധി പ്രയോജനങ്ങളുള്ള ഡിജിറ്റൽ ക്ലാസ്സ്‌റൂം പദ്ധതി ഇന്നു പല സ്കൂളുകളിലും അതിന്റെ യഥാർഥ അർഥത്തിലാണോ നടപ്പിലാകുന്നതെന്ന സംശയം ഉണരുന്നു. സ്കൂളിൽ കംപ്യൂട്ടർ ലാബ് ഉണ്ടെന്നു കരുതി അതു സ്മാർട്ട് ക്ലാസ്റൂം അല്ല. ക്ലാസ് മുറിയിൽ ഒരു പ്രൊജക്ടറും സ്ക്രീനും ഡിവിഡിയും വച്ചാലും അത് സ്മാർട്ട് ക്ലാസ്റൂം ആകുന്നില്ല. ഒരു സ്മാർട് ക്ലാസ്റൂം കുട്ടികൾ പഠിക്കുന്ന കാര്യങ്ങളിൽ മാത്രം മൂല്യത്തെ കൂട്ടിച്ചേർക്കണം, അല്ലാതെ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കാൻ ഉള്ള വെറും പരസ്യവാചകമായി മാറരുത് "ഡിജിറ്റൽ ക്ലാസ്സ്‌റൂം".  പാഠപുസ്തകങ്ങൾ അതേപടി പ്രൊജക്ടറിൽ പ്രദർശിപ്പിക്കുകയോ അല്ലെങ്കിൽ സ്ലൈഡുകളാക്കി കാണിക്കുകയോ ചെയ്തുള്ള അധ്യാപന രീതിയാണ് പല സ്കൂളുകളും ചെയ്യുന്നത്. ഈ രീതിയിലുള്ള പഠനമല്ല ഡിജിറ്റൽ പഠനരീതിലൂടെ ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ ക്ലാസ്സ്‌റൂം എന്താണെന്ന് ആദ്യം മനസ്സിലാക്കേണ്ടത് അധ്യാപകരാണ്. അവർക്ക് വ്യക്തമായ പരിശീലനം നൽകണം. ഡിജിറ്റൽ ക്ലാസ്റൂമിന്റെ അനന്തസാധ്യതകൾ മനസിലാക്കി അതു കുട്ടികൾക്കു പ്രയോജനമാകുംവിധം പ്രാവർത്തികമാക്കണം.

ഡിജിറ്റൽ ക്ലാസ്സ്‌റൂം - പ്രയോജനങ്ങളും സാധ്യതകളും
ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യം. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം എല്ലാ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു. ആ പ്രഭാവം വിദ്യാഭ്യാസരംഗത്തും ഉണ്ടായിട്ടുണ്ട്. ഡിജിറ്റൽ ക്ലാസ്റൂമുകൾ അഥവാ സ്മാർട്ട് ക്ലാസ്റൂമുകൾ സർക്കാർ സ്കൂളുകൾ ഉൾപ്പെടെ ഒട്ടുമിക്ക സ്കൂളുകളിലും പ്രാവർത്തികമാക്കി വരുന്നു. കുട്ടികളുടെ പഠനവും ആശയവിനിമയവും പൂർണ്ണമായി വിവര-ആശയവിനിമയ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ നടത്തുന്ന "സാങ്കേതികവിദ്യ-പ്രാപ്തമാക്കിയ" ക്ലാസ്റൂമാണ് ഡിജിറ്റൽ ക്ലാസ്സ്‌റൂം. ഇതിൽ സ്മാർട്ട് ഇന്ററാക്റ്റീവ് വൈറ്റ് ബോർഡ്, ഡിവിഡി തുടങ്ങിയവ ഉൾപ്പെടുന്നു, പാഠ ഭാഗങ്ങൾ ഡാറ്റാ പ്രൊജക്റ്ററിലൂടെ പ്രദർശിപ്പിക്കുന്നു. ഓഡിയോ വിഷ്വൽ മെറ്റീരിയലും മൾട്ടിമീഡിയ ഉള്ളടക്കവും ക്ലാസ്സ്മുറികൾ കൂടുതൽ സജീവവും സംവേദനാത്മകവുമാക്കുന്നു. ഇത്തരത്തിലുള്ള പഠനരീതി കുട്ടികൾക്ക് കൂടുതൽ ആസ്വാദകരമാകുന്നതുകൊണ്ട് അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുന്നു.

ഡിജിറ്റൽ ക്ലാസ്സ്‌റൂം പ്രയോജനങ്ങൾ
1. പഠനം ലളിതമാക്കുന്നു: കുട്ടികൾക്ക് മടുപ്പുണ്ടാക്കുന്ന പ്രഭാഷണങ്ങളെക്കാൾ വിഡിയോയിലൂടെ കണ്ടും കേട്ടും പഠിക്കുന്നത് കൂടുതൽ മനസ്സിൽ പതിയും. അവരുടെ ശ്രദ്ധ ആകർഷിക്കാനും കഴിയും. ഉള്ളടക്കത്തിന്റെ ഓഡിയോ വിഷ്വൽ സ്വഭാവം പാഠപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതിനേക്കാൾ വ്യക്തത നൽകുന്നു.

2. പഠനത്തിലെ സംവേദനം: വിദ്യാർഥികൾക്കു നൽകുന്ന വിവരങ്ങൾ വളരെ യാഥാർഥ്യവും സംവേദനാത്മകവുമാണ്. ഒരു വിഷയത്തെപ്പറ്റിയുള്ള പൂർണമായ വിവരം നൽകുന്നതുകൊണ്ടു കുട്ടികൾക്ക് മനസ്സിലാക്കിയെടുക്കാൻ എളുപ്പവും. ഡിജിറ്റൽ ക്ലാസ്റൂം സൊലൂഷൻസ് വിദ്യാർഥികൾക്കു കൂടുതൽ സംവേദനാത്മക അന്തരീക്ഷം അല്ലെങ്കിൽ ഇന്ററാക്ടിവ് ലേണിങ് എക്‌സ്‌പീരിയൻസ് നൽകുന്നതുമൂലം അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം സുതാര്യമാകുന്നു.

3. ഇന്റർനെറ്റ് അഥവാ വേൾഡ് വൈഡ് വെബ് ആക്സസ്: ഇന്റർനെറ്റിൽ ഉള്ള വിവരങ്ങൾ ലഭ്യമാക്കിയും പങ്കുവച്ചും ഡിജിറ്റൽ പഠന ഉപകരണങ്ങൾ വലിയ ഒരു ദൗത്യമാണ് നിർവഹിച്ചിരിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും, വിദ്യാർഥികൾക്കു വിശദമായ വിവരം ശേഖരിക്കുവാനും ദൃശ്യങ്ങളിലൂടെ മനസിലാക്കാനും കഴിയും. ഒരു വിഷയം സംബന്ധിച്ച് ആഴത്തിലുള്ള വിവരങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇന്റർനെറ്റ് ഏറ്റവും ഉപയോഗപ്രദമായ ഉപകരണമാണ്. വിക്കിപീഡിയ, വിദ്യാഭ്യാസ വെബ്സൈറ്റ്, എൻസൈക്ലോപ്പീഡിയ തുടങ്ങിയവ കുട്ടികൾക്കും അധ്യാപകർക്കും അനന്തമായ സാധ്യതകളാണ് ഒരുക്കുന്നത്.

4. വിപുലമായ അധ്യാപനവും പഠനാനുഭവവും: വിപുലമായ സാങ്കേതികവിദ്യ, പഠനാനുഭവം ഉയർത്തുന്നത് കൂടാതെ അദ്ധ്യാപകർക്കു രസകരമായ വേദിയൊരുക്കുകയും ചെയ്യുന്നു. ഇന്റർനെറ്റിലൂടെ വിഷ്വൽ ഇഫക്റ്റുകളും ഡൈനാമിക് വീക്ഷണവും അടങ്ങിയ പഠന വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും അദ്ധ്യാപനം മെച്ചപ്പെടുത്താനും സാധിക്കും. പഠന വിഷയങ്ങൾ ആനിമേഷൻ രൂപത്തിലേക്ക് പരിവർത്തനം ചെയ്ത് പഠിപ്പിക്കുന്നത് കൂടുതൽ ഫലവത്താണ്. അത്തരത്തിലുള്ള ധാരാളം വിദ്യാഭ്യാസ ചാനലുകൾ യൂടൂബിൽ ലഭ്യമാണ്.

5. വ്യക്തിഗത പഠനം: ഓരോരുത്തർക്കും വ്യത്യസ്തമായ ഗ്രഹണ ശേഷി ആണ്. ചില വിദ്യാർഥികൾക്ക് പാഠ്യഭാഗങ്ങൾ മനസ്സിലാക്കാനും ഉൾകൊള്ളാനും കൂടുതൽ സമയം വേണ്ടിവരും. അതിനാൽ, എൻക്രിപ്റ്റ് ചെയ്ത റെക്കോർഡഡ് ഡാറ്റ ഉപയോഗിച്ച്, മനസിലാകുന്നതുവരെ ആവർത്തിക്കാവുന്നതുമാണ്. വിദ്യാർഥികളുടെ വിദ്യാഭ്യാസം അവർക്ക് എത്രമാത്രം അറിയാമെന്നത് മാത്രമല്ല. ഓരോരുത്തരുടെയും പഠിക്കുന്ന രീതികളും ബുദ്ധിപരവും വൈകാരികവുമായ കഴിവുകളും അവരുടെ കുറവുകളും മനസിലാക്കിയുള്ള വ്യക്തിഗത പഠനം സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ഒരു വ്യക്തിയിൽ പഠനം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ യഥാർഥ പ്രഭാവം മനസിലാക്കേണ്ടത്.

ഡിജിറ്റൽ ക്ലാസ്‌റൂമിന്റെ സാധ്യതകൾ
വിർച്വൽ റിയാലിറ്റിയും (സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിക്കുന്ന ഭാവനാ ലോകം) ഓഗ്മെന്റഡ് റിയാലിറ്റിയും (പ്രതീതിയാഥാര്‍ഥ്യം) സാങ്കേതികവിദ്യയെ ഗവേഷണ പരീക്ഷണശാലകളിൽ നിന്നു ക്ലാസ്റൂമുകളിലേയ്ക്ക് എത്തിച്ചു. ഇത്തരം ടെക്നോളജികൾ അദ്ധ്യാപകർ ക്ലാസ്സ്മുറികളിൽ എത്തിക്കുമ്പോൾ അത് പഠനത്തെ വ്യത്യസ്തമായ നിലവാരത്തിലേക്കുയർത്തും.

പേപ്പർഫ്രീ പരീക്ഷകൾ
സ്കൂളുകളിലെ പരീക്ഷകൾ ഓൺലൈൻ ആയിനടത്തുന്നത് പേപ്പറിന്റെ ഉപയോഗം കുറയ്ക്കുകയും മൂല്യനിർണ്ണയം എളുപ്പത്തിലാക്കുകയും ചെയ്യും. കോപ്പിയടി മുതലായ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. സ്മാർട്ട് ഫോൺ ആപ്ളിക്കേഷനിലൂടെ ഇൻ-ബിൽറ്റ് അനലിറ്റിക്സ് വഴി വിദ്യാർത്ഥികളുടെ പഠന പുരോഗതി യഥാസമയം നിരീക്ഷിക്കാൻ അധ്യാപകർക്കും, രക്ഷിതാക്കൾക്കും സാധ്യമാകും. വിദ്യാർഥികളുടെ പ്രകടനം അളക്കുന്നതിനും വിലയിരുത്തുന്നതിനും ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താം അതിലൂടെ അവരുടെ പഠനം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് നല്കാൻ കഴിയും.

ഹാജരാകാത്തവർക്കുള്ള പ്രയോജനം / ടൈം മാനേജ്മെന്റ്
പഠിതാക്കൾക്ക് അവരുടെ സൗകര്യപ്രദമായ സമയത്ത് പഠനം സാധ്യമാകും. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികളും ചെയ്യുന്നവരെ സഹായിക്കാൻ കഴിയുന്ന പ്രധാന ഘടകമാണ് ഇത്. ക്ലാസ്സിൽ ഒരു ദിവസം പോകാതിരുന്നാൽ അന്നത്തെ മുഴുവൻ നോട്ടുകൾ എഴുതിയെടുക്കാനും അധ്യാപകർക്ക് വീണ്ടും പഠിപ്പിച്ചുകൊടുക്കാനും ബുദ്ധിമുട്ടാണ്. സ്മാർട്ട് ക്ലാസ്റൂമുകളിൽ പഠിപ്പിക്കുന്നതെല്ലാം റെക്കോർഡ് ചെയ്യപ്പെടേണ്ടതാണ്. ഇത്തരത്തിൽ എല്ലാ ക്ലാസ്സിന്റെയും റെക്കോർഡുകൾ ഇന്റർനെറ്റ് വഴി അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ ഒരു യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും കുട്ടികൾക്ക് അത് ഉപയോഗപ്പെടുത്താൻ കഴിയും.

ഇന്റർനെറ്റ്
വിദ്യാർഥികൾക്കും അധ്യാപകർക്കും തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കണം. വിദ്യാർഥികൾക്കും അധ്യാപകർക്കും എളുപ്പത്തിൽ പഠനത്തിനാവശ്യമായ എല്ലാവിധ വിവരങ്ങളും തത്സമയം ലഭ്യമാക്കാൻ ഇത് സഹായകമാവും.

ആനിമേഷൻ
പാഠഭാഗങ്ങൾ ആനിമേറ്റഡ് വിഡിയോകളായി മാറ്റുന്നത് പഠനത്തെ രസകരവും ലളിതവുമാക്കും.

പുസ്തകച്ചുമട് ഒഴിവാക്കാം
പുസ്തകങ്ങൾ ഡിജിറ്റൽ ഉപകരണങ്ങളിൽ (മൊബൈൽ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയവ) സേവ് ചെയ്തുകൊണ്ട് പുസ്തകച്ചുമട് ഒഴിവാക്കാം.

സ്വപ്നസാക്ഷാത്‍കാരം
ഓൺലൈനിലൂടെ വിദ്യാർഥിൾക്ക് അവരുടെ സ്വപ്നത്തിലെ വിദൂര / വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകളിൽ പങ്കെടുക്കാം. വിദേശത്തു പോയി പഠിക്കാനുള്ള സാമ്പത്തികം ഇല്ലാത്തവർക്ക് ഇതു വളരെ പ്രയോജനം ചെയ്യും.