Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിടി മികവിനുള്ള ദേശീയ അധ്യാപക പുരസ്‌കാരം എസ്.എൽ. ഫൈസലിന്

SL-faizal

വിവര സാങ്കേതിക വിദ്യ മികച്ച രീതിയിൽ ഉപയോഗിക്കുന്ന അധ്യാപകർക്കായി കേന്ദ്ര മാനവശേഷി മന്ത്രാലയം ഏർപ്പെടുത്തിയ 2017ലെ ദേശീയ അധ്യാപക പുരസ്കാരത്തിന് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രേറിയൻ എസ്.എൽ. ഫൈസൽ അർഹനായി. സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചു വിദ്യാലയത്തിൽ നടപ്പിലാക്കിയ നൂതനമായ നിരവധി പാഠ്യ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. എൻസിഇആർടിയുടെ കീഴിലുള്ള ദേശീയ വിദ്യാഭ്യാസ സാങ്കേതികത ഇൻസ്റ്റിറ്റ്യൂട്ട് ആണ് അവാർഡ് നിർണയം നടത്തിയത്‌.  

അറുപത്തിയെട്ടു ലക്ഷത്തിലധികം ഹിറ്റുകൾ നേടിയ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ ലൈബ്രറിബ്ലോഗ്, ആദ്യത്തെ ഓൺലൈൻ ഹോംവർക് പോർട്ടൽ, ഇ മാഗസിൻ, അക്കാദമിക് സാമൂഹിക നെറ്റ് വർക്കായ 'ലൈബ്രറി ജംക്‌ഷൻ', മധ്യവേനൽ അവധിക്കാല വായനാ പദ്ധതി 'ഫെയ്സ് എ ബുക്ക് ചലഞ്ച്', സാമൂഹിക പ്രതിബദ്ധതാ പരിപാടിയായ 'പുസ്തകം നൽകൂ  കൂട്ടുകാരെ നേടൂ', പത്ത് ഇറീഡറുകൾ ഉൾപ്പെട്ട 'ഇറീഡിങ് ഹബ്', സൗഹൃദ വായന പദ്ധതി  'റീഡ് മൈ ബഡി', സാമൂഹിക പൊതു വായനശാല  'ലിറ്റിൽ ഓപൺ ലൈബ്രറി', പൊതു വിജ്ഞാന പ്രോത്സാഹന പദ്ധതി  'ഇൻഫോബ്രേക്',  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന വിദ്യാലയത്തിന്റെയും സ്കൂൾ ലൈബ്രറിയുടെയും  ഫെയ്സ്ബുക്ക് ട്വിറ്റർ പേജുകൾ, യൂട്യൂബ് ചാനൽ, അധ്യാപകർക്കായുള്ള നിരവധി  ബ്ലോഗുകൾ എന്നിവ ഫൈസലിന്റെ സംഭാവനകളിൽ പെടുന്നു. 

എൻസിഇആർടിയുടെയും കേന്ദ്രീയ വിദ്യാലയ സംഗതന്റെയും നൂതന ആവിഷ്കാരങ്ങൾക്കുള്ള പുരസ്കാരം മൂന്നുതവണ കരസ്ഥമാക്കിയ ഫൈസൽ രാജ്യാന്തര സ്കൂൾ ലൈബ്രറി അസോസിയേഷന്റെ എക്സലൻസ് അവാർഡ് (2012), സ്കൂൾ ലൈബ്രേറിയൻഷിപ്പ് അവാർഡ് (2016), മികച്ച ലൈബ്രേറിയനുള്ള ഡോ.ജി. ദേവരാജൻ അവാർഡ് (2017) എന്നിവയും നേടിയിട്ടുണ്ട്. സിബിഎസ്‌സി, എൻസിഇആർടി റിസോഴ്സ് അധ്യാപകനായും സ്കൂൾ ലൈബ്രറി അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഐസിടി മികവിനുള്ള ദേശീയ അധ്യാപക പുരസ്കാരം നവംബർ 21 നു ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മാനവശേഷി മന്ത്രി സമ്മാനിക്കും.